സോളാർ തുടരന്വേഷണം: കുറ്റമറ്റ അന്വേഷണ ഉത്തരവ് വേണമെന്ന് മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: സോളാർ കമീഷൻ റിപ്പോർട്ടിൻമേലുള്ള സർക്കാറിെൻറ തുടരന്വേഷണ ഉത്തരവ് അഞ്ചാം ദിവസവും പുറത്തിറങ്ങിയില്ല. ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷെൻറ നിയമോപദേശം ലഭിക്കാത്തതിനാലാണ് ഉത്തരവ് വൈകുന്നതെന്നാണ് വിവരം. അതേസമയം, എ.ജിയുടെ നിയമോപദേശം തിങ്കളാഴ്ച രാത്രിയോടെ മുഖ്യമന്ത്രിയുടെ ഓഫിസിന് കൈമാറി. ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ മഞ്ചേരി ശ്രീധരൻനായരുടെ നിയമോപദേശവും കൂടി ലഭിക്കുന്ന മുറക്ക് കുറ്റമറ്റരീതിയിൽ പുതിയൊരു അന്വേഷണ ഉത്തരവ് സർക്കാർ പുറപ്പെടുവിക്കും. ഇതുസംബന്ധിച്ച് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം.വി. ജയരാജൻ നിയമവിദഗ്ധരുമായി കൂടിയാലോചന നടത്തി.
ടി.പി. സെൻകുമാർ വിഷയത്തിൽ സുപ്രീംകോടതിയിൽനിന്നേറ്റ തിരിച്ചടിയാണ് ഉടനടി അന്വേഷണ ഉത്തരവ് പുറത്തിറക്കുന്നതിൽനിന്ന് സർക്കാറിനെ വിലക്കിയത്. സെൻകുമാറിനെ മാറ്റിക്കൊണ്ട് സർക്കാർ പുറത്തിറക്കിയ ഉത്തരവിലെ പിഴവുകളാണ് കേസ് തോൽക്കാൻ കാരണം. അതുകൊണ്ടുതന്നെ മുൻ മുഖ്യമന്ത്രിയടക്കമുള്ള കോൺഗ്രസിലെ പ്രബല വിഭാഗത്തിനെതിരെ നീങ്ങുമ്പോൾ ഒരു പാളിച്ചയും ഉണ്ടാകരുതെന്ന നിർബന്ധം മുഖ്യമന്ത്രിക്കുണ്ട്. എ.ജിയുടെയും ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷെൻറയും നിയമോപദേശം തൃപ്തികരമല്ലെങ്കിൽ സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകരുടെ സഹായം തേടാനും സംസ്ഥാന സർക്കാർ ശ്രമിക്കും.
കഴിഞ്ഞ ബുധനാഴ്ചയാണ് സോളാർ കമീഷൻ റിപ്പോർട്ടിലെ ശിപാർശകൾ അടിസ്ഥാനമാക്കി ഉമ്മൻ ചാണ്ടി അടക്കമുള്ളവർക്കെതിരെ അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചത്. ഉത്തരമേഖല ഡി.ജി.പി രാജേഷ് ദിവാെൻറ നേതൃത്വത്തിെല പ്രത്യേക അന്വേഷണസംഘത്തെയും ഇതിനായി സർക്കാർ തീരുമാനിച്ചിരുന്നു. എന്നാൽ, തുടരന്വേഷണത്തെ സംബന്ധിച്ച് ആശയക്കുഴപ്പം ഉടലെടുത്തതോടെ ധിറുതിപിടിച്ച് ഉത്തരവ് പുറത്തിറക്കേണ്ടതില്ലെന്ന തീരുമാനത്തിൽ മുഖ്യമന്ത്രി എത്തുകയായിരുന്നു. തുടർന്ന് കഴിഞ്ഞ വെള്ളിയാഴ്ച ചീഫ് സെക്രട്ടി ഒപ്പിട്ട കരട് ഉത്തരവ് മുഖ്യമന്ത്രി എ.ജിക്ക് കൈമാറി.
സോളാർ വിഷയുമായി ബന്ധപ്പെട്ട് പലതവണ മൊഴിമാറ്റിയ വ്യക്തിയാണ് സരിത. അങ്ങനെയൊരാളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ മാത്രം ഉമ്മൻ ചാണ്ടി അടക്കമുള്ള പ്രമുഖർക്കെതിരെ അഴിമതിവിരുദ്ധ നിയമത്തിലെ ഏഴ്, എട്ട്, ഒമ്പത്, 13 വകുപ്പുകൾ പ്രകാരം വിജിലൻസ് അന്വേഷണവും മാനഭംഗത്തിന് ക്രിമിനൽ കേസും നിലനിൽക്കുമോ എന്ന സംശയം സർക്കാറിനുണ്ട്. കൂടാതെ, ക്രിമിനൽ കേസ് മാത്രമേ പ്രത്യേകസംഘത്തിന് അന്വേഷിക്കാൻ കഴിയൂ. അഴിമതി അന്വേഷിക്കേണ്ടത് വിജിലൻസാണ്. അങ്ങനെയെങ്കിൽ വിജിലൻസ് അന്വേഷണത്തിന് പ്രത്യേക ഉത്തരവിറക്കണം. അപ്പോൾ ഒരു കേസിൽ രണ്ട് അന്വേഷണ ഏജൻസികളുടെ സാധ്യതയും സർക്കാറിന് മുന്നിൽ ചോദ്യചിഹ്നമായി മാറുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.