വഴിത്തിരിവായി സരിതയുടെ കത്ത്
text_fieldsകൊച്ചി: സോളാര്‍ കേസുമായി ബന്ധപ്പെട്ട് സരിത എസ്. നായര്‍ പുറത്തുവിട്ട കത്താണ് കേസിൽ നിർണായക വഴിത്തിരിവാകുകയും ഇപ്പോൾ ഉമ്മന്‍ ചാണ്ടിയടക്കം പ്രമുഖര്‍ക്കെതിരായ കേസിന് വഴിവെക്കുകയും ചെയ്തത്. സോളാര്‍ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ജുഡീഷ്യൽ കസ്റ്റഡിയില്‍ കഴിയവെ അട്ടക്കുളങ്ങര വനിത ജയിലിൽവെച്ച് 2013 മാര്‍ച്ച് 19നാണ് സരിത കത്ത് എഴുതിയത്. അഡീഷനല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ നല്‍കാനായിരുന്നു കത്ത്. എന്നാൽ, സ്വീകരിക്കാന്‍ നിയമം അനുവദിക്കുന്നില്ലെന്ന് വ്യക്തമാക്കി കോടതി കത്ത് തിരിച്ചയക്കുകയായിരുന്നു.
23 പേജുള്ള കത്ത് 2016 ഏപ്രിൽ മൂന്നിന് സ്വകാര്യ ചാനലാണ് പുറത്തുവിട്ടത്. കത്തിെൻറ ആധികാരികതയും വലുപ്പവുമെല്ലാം അന്ന് ഏറെ ചർച്ചയായി. ഉമ്മന്‍ ചാണ്ടി, ആര്യാടന് മുഹമ്മദ്, എ.പി. അനില്‍ കുമാര്‍, അടൂര്‍ പ്രകാശ്, ഹൈബി ഈഡന്, കെ.സി. വേണുഗോപാല്‍, പളനി മാണിക്യം, എന്‍. സുബ്രഹ്മണ്യം, ജോസ് കെ. മാണി, ഐ.ജി പദ്മകുമാര്‍ എന്നിവരുടെ പേരുകൾ കത്തിലുണ്ടായിരുന്നു. ഉമ്മന്‍ ചാണ്ടി തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്നായിരുന്നു കത്തിലെ ആരോപണം. ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ െവച്ചാണ് ചൂഷണം ചെയ്തതെന്നും പിതാവിെൻറ സ്ഥാനത്ത് കണ്ടിരുന്ന ഉമ്മന്‍ ചാണ്ടിയില്‍നിന്ന് അതിന് ചേരാത്ത പെരുമാറ്റമാണ് ഉണ്ടായെതന്നും കത്തിൽ പറയുന്നു. ഒരു സംസ്ഥാന മന്ത്രിയുടെ വസതിയില്‍ വെച്ച് മുന്‍ കേന്ദ്രമന്ത്രി ഉപദ്രവിച്ചതായും കത്തില്‍ പറയുന്നുണ്ട്.
പിന്നീട് കത്ത് സരിത വാർത്തസമ്മേളനത്തിൽ പ്രദർശിപ്പിച്ചതോടെ ഉള്ളടക്കം മാധ്യമങ്ങളിലൂടെ പുറത്തുവന്നു. ആദ്യം പുറത്തുവന്ന കത്തിനേക്കാൾ പേജുകൾ ഇതിൽ കുറവായിരുന്നു. ഇതിനിടെ, യഥാർഥ കത്ത് താൻ കണ്ടിട്ടുണ്ടെന്നും ആദ്യം പുറത്തുവന്നതും രണ്ടാമത് മാധ്യമങ്ങൾ പുറത്തുവിട്ടതും ഒരേ കത്തിെൻറ ഭാഗങ്ങള്‍ തന്നെയാണെന്നും ആർ. ബാലകൃഷ്ണപിള്ള വെളിപ്പെടുത്തി. കത്ത് ഹാജരാക്കണമെന്ന് സോളാര്‍ കമീഷന് ആവശ്യപ്പെെട്ടങ്കിലും രഹസ്യസ്വഭാവം ഉള്ളതിനാല്‍ ഹാജരാക്കാനാവില്ലെന്നായിരുന്നു സരിതയുടെ അഭിഭാഷകെൻറ വാദം. എന്നാല്‍, ലോകം മുഴുവന്‍ വായിച്ച കത്തിന് എന്താണ് രഹസ്യസ്വഭാവമെന്നായിരുന്നു കമീഷെൻറ മറുചോദ്യം. കത്ത് ഹാജരാക്കണമെന്ന കമീഷൻ ഉത്തരവിന് ഹൈകോടതി രണ്ടാഴ്ച സ്റ്റേ അനുവദിച്ചെങ്കിലും പിന്നീട് ഹാജരാക്കേണ്ടിവന്നു. കത്തിൽ പേരുള്ളവർക്കെതിരെയെല്ലാം സർക്കാർ നടപടി പ്രഖ്യാപിച്ചതോടെ സരിതയുടെ വിവാദ കത്ത് കേസിലെ ഏറ്റവും നിർണായക ഘടകമായി മാറുകയാണ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.