സോളാർ കേസ്: ഉമ്മൻ ചാണ്ടിയെ കുറ്റമുക്തനാക്കിയ റിപ്പോർട്ട് കോടതി അംഗീകരിച്ചു
text_fieldsതിരുവനന്തപുരം: സോളാർ തട്ടിപ്പ് കേസിലെ പ്രതിയെ പീഡിപ്പിച്ചെന്ന കേസിൽ അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ കുറ്റമുക്തനാക്കിയ റിപ്പോർട്ട് കോടതി അംഗീകരിച്ചു. സി.ബി.ഐ തിരുവനന്തപുരം യൂനിറ്റ് സമർപ്പിച്ച റിപ്പോർട്ടാണ് തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി അംഗീകരിച്ചത്. കേസിൽ പരാതിക്കാരിയുടെ വാദം കേട്ട ശേഷമാണ് സി.ബി.ഐ റിപ്പോർട്ട് കോടതി അംഗീകരിച്ചത്. ഉമ്മൻചാണ്ടിക്കെതിരായ പീഡനാരോപണങ്ങൾക്ക് തെളിവില്ലെന്ന് സി.ബി.ഐ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
2012 സെപ്റ്റംബർ 19ന് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ വെച്ച് ഉമ്മൻചാണ്ടി പീഡിപ്പിച്ചെന്നായിരുന്നു പരാതി. മൊഴിയിൽ പറഞ്ഞ ദിവസം പരാതിക്കാരി ക്ലിഫ്ഹൗസിൽ എത്തിയിരുന്നില്ലെന്നാണ് സി.ബി.ഐയുടെ കണ്ടെത്തൽ. പീഡിപ്പിക്കുന്നത് മുൻ എം.എൽ.എ പി.സി. ജോർജ് കണ്ടെന്നും അദ്ദേഹത്തിന് എല്ലാം അറിയാമെന്നുമുള്ള പരാതിക്കാരിയുടെ മൊഴിയും തള്ളി. താൻ ദൃക്സാക്ഷിയാണെന്നത് കളവെന്നായിരുന്നു ജോർജ് അന്വേഷണ സംഘത്തിന് നൽകിയ മൊഴി.
സോളാർ പീഡനക്കേസിൽ ആരോപണവിധേയരായ ബി.ജെ.പി നേതാവ് എ.പി. അബ്ദുല്ലക്കുട്ടി, എ.ഐ.സി.സി. ജന.സെക്രട്ടറി കെ.സി. വേണുഗോപാൽ, അടൂർ പ്രകാശ് എം.പി, ഹൈബി ഈഡൻ എം.പി, എ.പി. അനിൽകുമാർ എം.എൽ.എ എന്നിവർക്ക് സി.ബി.ഐ നേരത്തെ ക്ലീൻചിറ്റ് നൽകിയിരുന്നു. ഇതോടെ സോളാർ പീഡനക്കേസുകളുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത എല്ലാ കേസുകളിലെയും പ്രതികളെ സി.ബി.ഐ കുറ്റമുക്തരാക്കി. വർഷങ്ങളായി കേരള രാഷ്ട്രീയത്തെ പിടിച്ചുലച്ച സോളാർ പീഡന പരാതികൾ ഫലത്തിൽ അപ്രസക്തമായി. പരാതിക്കാരിയും സി.പി.എമ്മും ഉൾപ്പെടെ ഉന്നയിച്ച ആക്ഷേപങ്ങളും പരാതികളും അപ്പാടെ തള്ളുകയാണ് സി.ബി.ഐ.
പീഡന പരാതിയിൽ അബ്ദുല്ലക്കുട്ടിക്കെതിരെയാണ് സി.ബി.ഐ ആദ്യം കേസെടുത്തത്. തിരുവനന്തപുരം മാസ്കറ്റ് ഹോട്ടലിൽ വെച്ച് അബ്ദുല്ലക്കുട്ടി പീഡിപ്പിച്ചെന്ന ആരോപണം വിശ്വസനീയമല്ലെന്ന് സി.ബി.ഐ കണ്ടെത്തി. ആറ് കേസുകളാണ് ഇതുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്തിരുന്നത്. ആറ് കേസുകളിലും പരാതിക്കാരിയുടെ മുഴുവൻ വാദങ്ങളും ഹാജരാക്കിയ തെളിവുകളും തള്ളിയാണ് സി.ബി.ഐ റിപ്പോർട്ട്. സോളാർ കേസ് അന്വേഷിച്ച ജസ്റ്റിസ് ശിവരാജൻ കമീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്ത കേസുകളാണ് പരാതിക്കാരിയുടെ ആവശ്യപ്രകാരം പിണറായി സർക്കാർ സി.ബി.ഐക്ക് വിട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.