സോളാർ: ജുഡീഷ്യൽ കമീഷൻ സംബന്ധിച്ച കാബിനറ്റ് നോട്ട് ഫയലിലില്ലെന്ന് സർക്കാർ ഹൈകോടതിയിൽ
text_fieldsകൊച്ചി: സോളാർ തട്ടിപ്പ് കേസിൽ ജുഡീഷ്യൽ കമീഷൻ രൂപവത്കരണവുമായി ബന്ധപ്പെട്ട കാബിനറ്റ് നോട്ട് ഫയലിൽ കാണാനില്ലെന്ന് സർക്കാർ ഹൈകോടതിയിൽ. 2013 ആഗസ്റ്റ് 16ന് അജണ്ടക്ക് പുറത്തുള്ള വിഷയമായി മന്ത്രിസഭ യോഗത്തിൽ അവതരിപ്പിച്ച് ചീഫ് ജസ്റ്റിസ് മുഖേന സിറ്റിങ് ജഡ്ജിയെ ലഭ്യമാക്കാനുള്ള നടപടികൾക്ക് മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തിയിരുന്നു. കമീഷൻ രൂപവത്കരണം സംബന്ധിച്ച് മുഖ്യമന്ത്രിയുടെ ഒാഫിസ് കുറിപ്പ് മന്ത്രിസഭ യോഗത്തിൽ അവതരിപ്പിച്ചെങ്കിലും ഇത് ബന്ധപ്പെട്ട ഫയലുമായി കൂട്ടിച്ചേർത്തില്ല. അജണ്ടക്ക് പുറത്തുള്ള വിഷയമായാണ് അവതരിപ്പിച്ചത്. എങ്കിലും കുറിപ്പ് ബന്ധപ്പെട്ട ഫയലിനൊപ്പം കൂട്ടിച്ചേർക്കേണ്ടതായിരുന്നു. എന്നാൽ, ഇപ്പോൾ ഫയലിൽ കാണുന്നില്ലെന്നാണ് ആഭ്യന്തര അണ്ടർ സെക്രട്ടറി എം.പി പ്രിയമോൾ നൽകിയ അധിക സത്യവാങ്മൂലത്തിൽ പറയുന്നത്. സോളാർ കമീഷൻ റിപ്പോർട്ട് തള്ളണമെന്ന ഉമ്മൻ ചാണ്ടിയുടെ ഹരജിയിലാണ് സർക്കാർ സത്യവാങ്മൂലം.
സോളാർ തട്ടിപ്പിൽ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കും പേഴ്സനൽ സ്റ്റാഫിനും പങ്കുണ്ടെന്നാരോപിച്ച് നിയമസഭക്കകത്തും പുറത്തും വലിയ പ്രക്ഷോഭങ്ങൾ നടന്നതായി സത്യവാങ്മൂലത്തിൽ പറയുന്നു. ഇത് സംബന്ധിച്ച നൂറോളം ചോദ്യങ്ങൾക്ക് ഉമ്മൻ ചാണ്ടി സഭയിൽ മറുപടി നൽകിയിട്ടുണ്ട്. 2014 ആഗസ്റ്റിൽ പ്രതിപക്ഷം സെക്രേട്ടറിയറ്റിന് മുന്നിൽ ജനകീയ പ്രക്ഷോഭം നടത്തി ജുഡീഷ്യൽ കമീഷനെ നിയോഗിക്കുമെന്ന് 2013 ആഗസ്റ്റ് 14 ന് ഉമ്മൻ ചാണ്ടി പ്രഖ്യാപിച്ചു. തുടർന്നാണ് മന്ത്രിസഭ യോഗം തീരുമാനമെടുത്തത്.
സിറ്റിങ് ജഡ്ജിക്കായുള്ള അഭ്യർഥന രണ്ട് വട്ടം ചീഫ് ജസ്റ്റിസ് തള്ളി. ഇതോടെ റിട്ട. ജസ്റ്റിസ് ശിവരാജനെ കമീഷനായി നിയമിച്ച് 2013 ഒക്ടോബർ 29ന് ഉത്തരവ് പ്രസിദ്ധീകരിച്ചു. നിയമനം ചോദ്യം ചെയ്ത് ഹരജിക്കാരനായ മുൻ മുഖ്യമന്ത്രി അന്ന് കോടതിയെ സമീപിച്ചില്ല. എന്നാൽ, ഇതേ ആവശ്യമുന്നയിച്ച് മറ്റൊരാൾ നൽകിയ ഹരജി 2014 ജൂലൈ 24ന് ഹൈകോടതി തള്ളിയിട്ടുണ്ട്. കമീഷൻ മുമ്പാകെ സരിതയെ എതിർ വിസ്താരം നടത്താൻ ഉമ്മൻ ചാണ്ടിയുടെ അഭിഭാഷകന് അവസരം ലഭിച്ചില്ലെന്ന വാദം തെറ്റാണെന്നും സർക്കാർ വ്യക്തമാക്കി.
സരിതയുടെ മൊഴിയെടുത്തപ്പോഴെല്ലാം ഉമ്മൻ ചാണ്ടിയുടെ അഭിഭാഷകൻ ഹാജരായിരുന്നു. എതിർ വിസ്താരത്തിനുള്ള എല്ലാ അവസരവും ഹരജിക്കാരന് കമീഷൻ നൽകിയതിന് രേഖകളുണ്ട്. പ്രധാനപ്പെട്ട ചില രേഖകൾ സർക്കാർ കോടതിയിൽ ഹാജരാക്കി. കൂടുതൽ രേഖകൾ ആവശ്യമെങ്കിൽ ഹാജരാക്കാമെന്നും വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, സോളാർ കേസിൽ മാർച്ച് 17ന് ശനിയാഴ്ച സ്പെഷൽ സിറ്റിങ് നടത്താൻ കോടതി തീരുമാനിച്ചു. സർക്കാറിനുവേണ്ടി കേസിൽ ഹാജരായ മുൻ സോളിസിറ്റർ ജനറൽ രഞ്ജിത്ത് കുമാറിെൻറ വാദം വെള്ളിയാഴ്ചയും തുടർന്നു. അദ്ദേഹത്തിെൻറ അപേക്ഷ പരിഗണിച്ചാണ് ശനിയാഴ്ചത്തെ സ്പെഷൽ സിറ്റിങ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.