സോളാർ രഹസ്യം നാളെ പുറത്ത്
text_fieldsതിരുവനന്തപുരം: സോളാർ ജുഡീഷ്യൽ കമീഷൻ റിപ്പോർട്ട് സമർപ്പണത്തിനായി വ്യാഴാഴ്ച നിയമസഭ പ്രത്യേകമായി സമ്മേളിക്കുന്നു. രാവിലെ ഒമ്പതിനു ചേരുന്ന സഭ, നടപടികളെല്ലാം പൂർത്തീകരിച്ച് അരമണിക്കൂറിനകം പിരിയും. സംസ്ഥാന ചരിത്രത്തിൽ ഇതാദ്യമായാണ് ജുഡീഷ്യൽ കമീഷൻ റിപ്പോർട്ട് സമർപ്പണത്തിന് മാത്രമായി സഭ ചേരുന്നത്. രാവിലെ സഭ സമ്മേളിച്ചാൽ ഉടൻ വേങ്ങര ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച മുസ്ലിം ലീഗിലെ അഡ്വ. കെ.എൻ.എ. ഖാദറിെൻറ സത്യപ്രതിജ്ഞ നടക്കും. തുടർന്ന് ജുഡീഷ്യൽ കമീഷൻ റിപ്പോർട്ട് മുഖ്യമന്ത്രി സഭയിൽ സമർപ്പിക്കും. തൊട്ടുപിന്നാലെ റൂൾ 300 പ്രകാരം നടത്തുന്ന പ്രസ്താവനയിൽ അന്വേഷണ റിപ്പോർട്ടിൻമേൽ സ്വീകരിച്ച നടപടികളും മുഖ്യമന്ത്രി വിശദീകരിക്കും. തുടർന്ന് സഭ പിരിയും. റിപ്പോർട്ടിൻമേൽ സഭയിൽ ചർച്ച ഉണ്ടാവില്ല.
എന്നാൽ, നാളത്തെ പ്രത്യേക സമ്മേളന നടപടികൾ തൽസമയം സംപ്രേഷണം ചെയ്യാൻ ദൃശ്യമാധ്യമങ്ങൾക്ക് അനുമതി ഉണ്ടാകും. ഫോേട്ടാഗ്രാഫർമാർക്കും സഭ നടപടികൾ ചിത്രീകരിക്കാം. നാലു ഭാഗങ്ങളിലായി 1073 പേജുള്ളതാണ് സോളാർ ജുഡീഷ്യൽ കമീഷൻ റിപ്പോർട്ട്. റിപ്പോർട്ട് മുഖ്യമന്ത്രി വ്യാഴാഴ്ച സഭയിൽ സമർപ്പിക്കുന്നതിനു പിന്നാലെ പകർപ്പുകൾ അംഗങ്ങൾക്കും മാധ്യമപ്രവർത്തകർക്കും നൽകും. റിപ്പോർട്ടിെൻറ മലയാളം പരിഭാഷയും നൽകാൻ ശ്രമം നടക്കുകയാണെങ്കിലും എല്ലാവർക്കും നൽകാൻ കഴിയുമെന്ന് ഉറപ്പായിട്ടില്ല. അതിനുപകരം റിപ്പോർട്ടിലെ പ്രസക്തമായ കാര്യങ്ങൾ മലയാളത്തിൽ തയാറാക്കി സാമാജികർക്കും മാധ്യമപ്രവർത്തകർക്കും നൽകാനാണ് ആലോചിക്കുന്നത്. സഭയിൽ റിപ്പോർട്ട് സമർപ്പിക്കുന്നതിനു പിന്നാലെ പൂർണരൂപം നിയമസഭയുടെയും സർക്കാറിെൻറയും വെബ്സൈറ്റിലും പ്രസിദ്ധീകരിക്കും.
ജുഡീഷ്യല്‍ കമീഷന് റിപ്പോര്‍ട്ടിെൻറ അടിസ്ഥാനത്തില്‍ സോളാർ വിഷയത്തിൽ കൂടുതല്‍ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിക്കാന്‍ സർക്കാർ തീരുമാനിച്ചിരുന്നു. എന്നാല്‍, നിയമപരമായി ചില സംശയങ്ങള്‍ ഉയര്‍ന്നതിനെ തുടർന്ന് സുപ്രീംകോടതി മുന്‍ ജഡ്ജിയും കേരള ഹൈകോടതി മുന്‍ ചീഫ് ജസ്റ്റിസുമായിരുന്ന അരിജിത് പസായതിെൻറ നിയമോപദേശം തേടുകയായിരുന്നു. കഴിഞ്ഞദിവസം അതു ലഭിച്ചു. ബുധനാഴ്ച ചേരുന്ന മന്ത്രിസഭയോഗം ഇതു ചര്‍ച്ചചെയ്ത് അന്വേഷണ ഉത്തരവ് പുറത്തിറക്കും. ഇത് ഉള്‍പ്പെടെയായിരിക്കും നിയമസഭയിൽ സമർപ്പിക്കുന്ന നടപടി റിപ്പോര്‍ട്ട്. നിയമസഭയുടെ പ്രത്യേക സമ്മേളനത്തിൽ ചട്ടം 300 പ്രകാരം മുഖ്യമന്ത്രി സഭയില്‍ പ്രസ്താവന നടത്തുന്നതല്ലാതെ മറ്റാര്‍ക്കും സംസാരിക്കാന്‍ അനുമതിയില്ല. എന്നാൽ, പ്രതിപക്ഷനേതാവിന് സഭയില്‍ ഏതു സമയത്തും ഇടപെടാമെന്നതിനാൽ സംസാരിക്കാൻ അവസരം കിട്ടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.