സോളാർ തെളിവെടുപ്പ്; കെ.എസ്.ഇ.ബി.ക്കെതിരെ രൂക്ഷ വിമർശനവുമായി ഉൽപാദകർ
text_fieldsതിരുവനന്തപുരം: പുരപ്പുര സൗരോർജത്തിന് ‘പാരപണിയുന്ന’ കെ.എസ്.ഇ.ബി നിലപാടിനെതിരെ റെഗുലേറ്ററി കമീഷൻ തെളിവെടുപ്പിൽ ആഞ്ഞടിഞ്ഞ് ഉൽപാദകർ. സോളാർ ഉൽപാദകരെ ഏതൊക്കെ വിധത്തിൽ ചൂഷണം ചെയ്യാമെന്ന് ഗവേഷണം നടത്തുകയാണ് കെ.എസ്.ഇ.ബിയെന്ന് തെളിവെടുപ്പിൽ പങ്കെടുത്തവർ കുറ്റപ്പെടുത്തി. പുരപ്പുര സോളാർ പദ്ധതിയുടെ ഭാഗമായി ഉൽപാദിക്കുന്ന വൈദ്യുതി കുറഞ്ഞ വിലയ്ക്ക് കെ.എസ്.ഇ.ബി വാങ്ങുകയും ഉൽപാദന നികുതി വർധനയടക്കം കൂടുതൽ ബാധ്യതകൾ അടിച്ചേൽപ്പിക്കുകയും ചെയ്യുന്നതിലെ പ്രതിഷേധം നിരവധിപേർ ഉന്നയിച്ചു. റിന്യൂവബിൾ എനർജി ആൻഡ് നെറ്റ് മീറ്ററിങ് (രണ്ടാം ഭേദഗതി) കരടിലുള്ള രണ്ടാം പൊതുതെളിവെടുപ്പാണ് ബുധനാഴ്ച നടന്നത്. നിലവിലെ ബില്ലിങ് രീതിയിൽ മാറ്റമില്ലെന്ന് കമീഷൻ വ്യക്തമാക്കി. ഉൽപാദകർക്ക് ആശങ്കവേണ്ടെന്നും കരട് നിർദേശത്തിൽ മീറ്ററിങ് രീതികൾ വിശദീകരിക്കുക മാത്രമാണുണ്ടായതെന്നും സംശയങ്ങൾക്ക് കമീഷൻ മറുപടി നൽകി.
സോളാർ ഉൽപാദകർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന സമീപനം ഉണ്ടാകാൻ പാടില്ലെന്ന നിലപാടാണുള്ളത്. നിലവിലെ രീതികളിൽ മറ്റം വരുത്തേണ്ടതുണ്ടെങ്കിൽ ഭേദഗതി നിർദേശങ്ങളും തെളിവെടുപ്പടുമടക്കം നടപടി ക്രമങ്ങൾ പൂർത്തിയാക്കിയായിരിക്കും. സോളാർ വൈദ്യുതോൽപാദകർക്ക് മുന്നിൽ ഗ്രോസ് മീറ്ററിങ് എന്ന സംവിധാനം ‘ഡെമോക്ലീസിന്റെ വാൾ’ പോലെ തൂങ്ങിക്കിടക്കുകയാണെന്ന ആശങ്ക ഉൽപാദകർ പങ്കുവെച്ചു. എന്നാൽ ‘ഡെമോക്ലീസിന്റെ വാൾ’ പതിച്ച് ആർക്കും അപകടമുണ്ടായിട്ടില്ലെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നുമായിരുന്നു കമീഷൻ ചെയർമാൻ ടി.കെ. ജോസിന്റെ പ്രതികരണം.
പുതുതായി സോളാർ സ്ഥാപിക്കാനുള്ള അപേക്ഷകൾ പരിഗണിക്കുന്നതിലും മീറ്ററുകൾ നൽകുന്നതിലും കെ.എസ്.ഇ.ബി കാട്ടുന്ന അനാസ്ഥയും ചർച്ചയായി. സോളാറുമായി ബന്ധപ്പെട്ട വിഷയങ്ങൾ പഠിക്കുന്നതിനായി സമിതിയെ നിയോഗിച്ചിട്ടുണ്ടെന്ന് കെ.എസ്.ഇ.ബി കമീഷനെ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.