സൂര്യവൈദ്യുതിയും ഷോക്കടിപ്പിക്കുമ്പോൾ
text_fieldsകുതിച്ചുയരുന്ന വൈദ്യുതി ബില്ലിന് പരിഹാരമെന്ന നിലയിലും പരിസ്ഥിതി മലിനീകരണത്തിനും കാലാവസ്ഥ വ്യതിയാനത്തിനും ഒരളവോളം തടയിടുന്നത് എന്നവിശ്വാസത്തിലും ഒരുപാടൊരുപാടു പേർ സോളാർ വൈദ്യുതിയിലേക്ക് ചുവടുമാറിയിരുന്നു, കുറെയേറെപ്പേർ മാറാനുമൊരുങ്ങി നിൽക്കുന്നു. സംസ്ഥാനത്ത് 1.27 ലക്ഷം വീടുകളിലെ സോളാര് പ്ലാന്റുകള് 1009.29 മെഗാവാട്ട് വൈദ്യുതി ഉല്പാദിപ്പിക്കുന്നുണ്ട്. എന്നാൽ, നിലവിലുള്ള ഉപഭോക്താക്കളിൽ പലർക്കും ഏപ്രിൽ മാസം ലഭിച്ചത് ഭീമൻ ബില്ലാണെന്ന വിവരം സോളാറിലേക്ക് മാറാൻ തീരുമാനിച്ച പലരെയും ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. ഏപ്രിൽ-മേയ് മാസങ്ങളിലെ കനത്ത ചൂടിൽ ഉപഭോഗം കുതിച്ചുയർന്നതും പുരപ്പുറ സൗരോർജ ഉൽപാദകരുടെ വാർഷിക സെറ്റിൽമെൻറ് മാസം സെപ്റ്റംബറിൽ നിന്നും മാർച്ചിലേക്ക് മാറ്റിയതുമായിരുന്നു ബില്ലു കൂടാൻ കാരണം.
അതിനിടെ ‘വീട്ടിൽ സോളാർ വെക്കുമ്പോൾ ഓൺ ഗ്രിഡ് ആക്കല്ലേ, കെ.എസ്.ഇ.ബി കട്ടോണ്ട് പോകു’മെന്ന് മുൻ ഡി.ജി.പി ആർ. ശ്രീലേഖ ഫേസ്ബുക്ക് പോസ്റ്റിട്ടു. ശ്രീലേഖ പറഞ്ഞത് അബദ്ധമാണെന്ന് വൈദ്യുതിമന്ത്രി കെ. കൃഷ്ണൻകുട്ടി പ്രതികരിക്കുകയും ചെയ്തു. സോളാർ ബില്ലിങ് സമ്പ്രദായത്തിലെ ടൈം ഓഫ് ദ ഡേ( ടി.ഒ.ഡി) സംവിധാനമായിരുന്നു ഈ വിഷയത്തിലെ പ്രധാന വില്ലൻ. പ്രതിമാസ വൈദ്യുതി ഉപഭോഗം 500 യൂനിറ്റിനു മുകളിൽ ഉള്ള എല്ലാ ഉപഭോക്താക്കൾക്കും കെ.എസ്.ഇ.ബിയുടെ ബില്ലിങ് രീതിയിൽ വ്യത്യാസമുണ്ട്. ദിവസത്തെ നോർമൽ, പീക് ഓഫ് പീക് എന്നിങ്ങനെ മൂന്നായി തരംതിരിച്ച് ആണ് ബില്ലിങ്. രാവിലെ ആറ് മുതൽ വൈകീട്ട് ആറുവരെ നോർമൽ, വൈകീട്ട് ആറു മുതൽ രാത്രി 10വരെ പീക്, രാത്രി 10 മുതൽ രാവിലെ ആറു വരെ ഓഫ് പീക്. ഇത്തരത്തിൽ ദിവസത്തെ മൂന്നു സോണുകൾ ആക്കി തിരിച്ച് ഊർജ ഉപയോഗം പ്രത്യേകമായി രേഖപ്പെടുത്താനുള്ള സൗകര്യം എനർജി മീറ്ററുകളിലൊക്കെ ഉണ്ട്. ഇതനുസരിച്ച് നോർമൽ ടൈമിൽ എനർജി ചാർജ് യൂനിറ്റ് x 8.8 ഉം പീക് അവേഴ്സിൽ യൂനിറ്റ് x Rs 8.8x1.2 ഉം ഓഫ് പീക് അവേഴ്സിൽ യൂനിറ്റ് x Rs 8.8 x 0.9 ഉം ആണ്. ഇത് സോളാർ ഉപഭോക്താക്കൾ ആണെങ്കിലും അങ്ങനെത്തന്നെ. ഈ കണക്കു കൂട്ടലിൽ ബിൽതുക അന്യായമെന്ന് പറയാനാവില്ലെങ്കിലും വിവരങ്ങൾ ജനത്തിനെ അറിയിക്കാൻ കെ.എസ്.ഇ.ബി മെനക്കെട്ടിരുന്നില്ല. ബില്ലിങ് ചാർജ് എത്രയാണെന്ന് കെ.എസ്.ഇ.ബിയുടെ വെബ്സൈറ്റിലുള്ള ബിൽ കാൽക്കുലേറ്റർ വഴി പരിശോധിക്കാവുന്നതാണ്.
●ഓൺഗ്രിഡ് ആക്കിയില്ലെങ്കിലോ?
ഗാർഹിക ആവശ്യത്തിനുള്ള ഓൺഗ്രിഡ് സോളാർ പ്ലാന്റുകൾക്കു മാത്രമേ കേന്ദ്ര സബ്സിഡി ലഭിക്കൂ. സോളാർ പ്ലാന്റിൽനിന്ന് ഉൽപാദിപ്പിക്കുന്ന വൈദ്യുതി വീട്ടിലെ ആവശ്യത്തിന് ഉപയോഗിച്ചശേഷം ബാക്കിയുള്ളത് നെറ്റ് മീറ്ററിലൂടെ കെ.എസ്.ഇ.ബി ഗ്രിഡിലേക്ക് പോകും. മാസത്തിലൊരിക്കൽ ഗ്രിഡിലേക്ക് നൽകുന്ന (എക്സ്പോർട്ട്) വൈദ്യുതിയും ഗ്രിഡിൽനിന്ന് വീട്ടിലേക്ക് എടുക്കുന്ന (ഇംപോർട്ട്) വൈദ്യുതിയും നെറ്റ് മീറ്റർ ഉപയോഗിച്ചാണ് അളക്കുന്നത്. ഒരു മാസമെത്തുമ്പോഴാണ് എക്സ്പോർട്ട് വൈദ്യുതിയും ഇംപോർട്ട് വൈദ്യുതിയും കൂട്ടിക്കിഴിച്ച് ബിൽ തയാറാക്കുന്നത്. എക്സ്പോർട്ട് ചെയ്ത വൈദ്യുതിയുടെ അളവാണ് കൂടുതലെങ്കിൽ ഇംപോർട്ട് ചെയ്ത വൈദ്യുതി അളവ് കുറച്ച് ബാക്കി വൈദ്യുതി ബാങ്കിലേക്കും ഇംപോർട്ട്ചെയ്ത വൈദ്യുതിയാണ് കൂടുതലെങ്കിൽ എക്സ്പോർട്ട് ചെയ്ത അളവ് കുറച്ച് ബാക്കിയുള്ളവക്ക് റീടെയിൽ താരിഫും ഈടാക്കും.
മാസം 300 യൂനിറ്റ് മാത്രമാണ് ഉപയോഗിച്ചതെന്ന് കരുതുക. ബാക്കി 60 യൂനിറ്റ് ബോർഡിന് നൽകി. അത് ഉൽപാദകന്റെ ശേഖരത്തിൽ വരവുവെക്കും. അടുത്തമാസം ഉൽപാദിപ്പിച്ചതിനേക്കാൾ 50 യൂനിറ്റ് അധികം ഉപയോഗിച്ചാൽ മുൻ മാസത്തെ മിച്ചത്തിൽനിന്ന് ഇത് ക്രമീകരിക്കും. പിന്നെയും മിച്ചമുള്ളത് അക്കൗണ്ടിൽ ശേഷിക്കും. ഇങ്ങനെ ഒരു വർഷംവരെയേ ബാങ്കിങ് തുടരാനാകൂ. ഒരുവർഷം കഴിയുമ്പോൾ ബാക്കിനിൽക്കുന്ന വൈദ്യുതിക്ക് കമീഷൻ നിശ്ചയിച്ച പണം ഉപഭോക്താവിന് നൽകണമെന്നാണ് നിബന്ധന.
●പൊള്ളുന്ന സ്വയം ഉൽപാദന ഡ്യൂട്ടി
1963ലെ കേരള ഇലക്ട്രിസിറ്റി ഡ്യൂട്ടി ആക്ട് & റൂൾസ് പ്രകാരം കേരളം പരമ്പരാഗതമായി സ്വയം ഉൽപാദിപ്പിക്കുന്ന വൈദ്യുതിക്ക് വൈദ്യുതി ഡ്യൂട്ടി (യൂനിറ്റിന് 1.2 പൈസ) ചുമത്തിയിരുന്നു. 2023-24 ബജറ്റിൽ, 24 കോടി വരുമാനം നേടുകയെന്ന ലക്ഷ്യത്തോടെ കേരള സർക്കാർ ഈ തീരുവ യൂനിറ്റിന് 15 പൈസയായി വർധിപ്പിക്കാൻ നിർദേശിച്ചിരുന്നു. രാജ്യത്തുടനീളം ശുദ്ധമായ ഊർജ സ്രോതസ്സുകൾ സ്വീകരിക്കുന്നതിന് പ്രോത്സാഹനം നൽകുക എന്ന ലക്ഷ്യത്തോടെ ഊർജ ഉൽപാദനത്തിന് നികുതി ചുമത്തുന്നതിൽനിന്ന് സംസ്ഥാന സർക്കാറുകളെ വിലക്കിയിട്ടുണ്ട്. ഈ കേന്ദ്രസർക്കാർ നിർദേശം അവഗണിച്ച്, സൗരോർജത്തിന് തീരുവ പിരിക്കുന്നത് തുടരുകയാണ് കെ.എസ്.ഇ.ബി.
പുരപ്പുറ സൗരോർജ പദ്ധതികൾ വരുത്തുന്നത് വൻ നഷ്ടമാണെന്നാണ് കെ.എസ്.ഇ.ബിയുടെ നിലപാട്. വൈദ്യുതി കരാറുകൾ ഇല്ലാതായതോടെ വൻ വിലക്ക് വൈദ്യുതി പുറത്തുനിന്ന് വാങ്ങുന്ന അവസ്ഥയെത്തിയതും ഗാർഹിക ഉപഭോക്താക്കളിൽ ഏറെ പേർ പുരപ്പുറ സൗരോർജ പദ്ധതികളിലെത്തിയതുമാണ് കെ.എസ്.ഇ.ബി നഷ്ടക്കച്ചവടമായി വിലയിരുത്താനിടയാക്കുന്നത്. സൗരോർജ ഉൽപാദകരെ മുഴുവനായി രാത്രി സമയത്തെ വൈദ്യുതിക്ക് കൂടുതൽ വില ഈടാക്കുന്ന ടി.ഒ.ഡി ബില്ലിങ് രീതിയിലേക്ക് കൊണ്ടുവരുകയോ നെറ്റ് മീറ്ററിങ് ബില്ലിങ്ങിന് പകരം ഗ്രോസ് മീറ്ററിങ് ബില്ലിങ് കൊണ്ടുവരുകയോ വേണമെന്നാണ് പ്രതിസന്ധി പരിഹാരമെന്ന നിലയിൽ കെ.എസ്.ഇ.ബിയുടെ ആവശ്യം.
(അവസാനിച്ചു)
തയാറാക്കിയത്:
ഇ. ബഷീർ, എസ്. ഷാജിലാൽ, പി.പി. പ്രശാന്ത്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.