സൗരോർജ വൈദ്യുതി നിരക്ക് മാറ്റം: കരട് ഭേദഗതിയിൽ തെളിവെടുപ്പ് ഇന്ന്
text_fieldsതിരുവനന്തപുരം: പാരമ്പര്യേതര ഊർജ ഉപഭോഗത്തെ പ്രോത്സാഹിപ്പിക്കുന്നെന്ന് അവകാശപ്പെടുമ്പോഴും സൗരോർജ ഉൽപാദന സംവിധാനം സ്ഥാപിച്ചവർക്ക് ‘ഷോക്ക്’ നൽകാനുള്ള കെ.എസ്.ഇ.ബി നീക്കത്തിൽ പ്രതിഷേധമുയരുന്നു. വൈദ്യുതി ബിൽ കുറക്കാൻ ലക്ഷ്യമിട്ട് സൗരോർജ പാനലുകൾ സ്ഥാപിച്ചവരെ ആശങ്കയിലാഴ്ത്തി പുതിയ ബിൽ സംവിധാനം കൊണ്ടുവരാനുള്ള ശ്രമമാണ് കെ.എസ്.ഇ.ബി നടത്തുന്നത്.
നിലവിലെ നെറ്റ് മീറ്ററിങ് സംവിധാനമവസാനിപ്പിച്ച് ഗ്രോസ് മീറ്ററിങ് കൊണ്ടുവരണമെന്ന ആവശ്യം റെഗുലേറ്ററി കമീഷന്റെ പരിഗണനയിലാണ്. ഇതടക്കം ‘റിന്യൂവബിൽ എനർജി ആൻഡ് നെറ്റ് മീറ്ററിങ്’ രണ്ടാം ഭേദഗതി (കരട്) യിൽ ഇന്ന് റെഗുലേറ്ററി കമീഷൻ തെളിവെടുക്കും. നിലവിലെ രീതി മാറ്റാനുള്ള നീക്കത്തിനെതിരെ ഹിയറിങ്ങിൽ ഹാജരായി തെളിവ് നൽകാനുള്ള തയാറെടുപ്പിലാണ് സൗരോർജ പ്ലാന്റുകൾ സ്ഥാപിച്ചവരുടെ കൂട്ടായ്മകൾ. നേരിട്ടും ഓൺലൈനായുമുള്ള തെളിവെടുപ്പിന് പുറമെ, ബുധനാഴ്ച വൈകീട്ട് അഞ്ചുവരെ ഇ-മെയിലായും കമീഷൻ ഓഫിസിൽ നേരിട്ടും ലഭിക്കുന്ന അഭിപ്രായങ്ങളും സ്വീകരിക്കും.
ഗ്രോസ് മീറ്ററിങ് നടപ്പാക്കുന്നതോടെ, ഓൺഗ്രിഡ് സോളാർ പ്ലാൻറുകൾ സ്ഥാപിച്ചവർക്ക് വൈദ്യുതി ബില്ലിൽ ലഭിക്കുന്ന ഇളവുകൾ ഇല്ലാതാകും. വീടുകളിലെ ആവശ്യം കഴിഞ്ഞുള്ള സൗരോർജം കെ.എസ്.ഇ.ബിയുടെ ഗ്രിഡുകളിലേക്ക് നൽകുമ്പോൾ സോളാർ വൈദ്യുതി നിരക്കാകും ലഭിക്കുക. സോളാർ പാനലുകൾ സ്ഥാപിച്ചവർ കെ.എസ്.ഇ.ബി.യിൽനിന്ന് നേരിട്ടുള്ള വൈദ്യുതി ഉപയോഗിക്കുമ്പോൾ കെ.എസ്.ഇ.ബി. താരിഫ് നൽകേണ്ടിവരും. ഏപ്രിൽ ഒന്നുമുതൽ ഇത് പ്രാബല്യത്തിലാക്കാനാണ് ശ്രമം. നിലവിൽ ആകെ വൈദ്യുതി ഉപഭോഗത്തിൽനിന്ന് സൗരോർജ ഉൽപാദനം എത്ര യൂനിറ്റാണോ അത് കുറച്ചുകിട്ടുന്ന യൂനിറ്റിന് മാത്രം കെ.എസ്.ഇ.ബി. താരിഫ് നൽകിയാൽ മതിയായിരുന്നു.
നിലവിലെ മീറ്ററിങ് സംവിധാനത്തിലൂടെ പ്രതിമാസം 40 കോടിയോളം രൂപ നഷ്ടമുണ്ടാകുമെന്നാണ് കെ.എസ്.ഇ.ബി പറയുന്നത്. ഈ ബാധ്യത വൈദ്യുതി നിരക്കിലൂടെ സാധാരണ ഉപഭോക്താക്കളിലേക്കാണ് എത്തുക. സൗരോർജ ഉപഭോക്താക്കൾക്ക് മാത്രം ഗുണകരമാകുന്ന മീറ്ററിങ് രീതി മാറ്റണമെന്ന് വാദിക്കുന്നവരുമേറെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.