സോളാർ: ഉൽപാദന തീരുവ തിരിച്ചുനൽകുമെന്ന് മന്ത്രി
text_fieldsപാലക്കാട്: സോളാർ ഉപയോക്താക്കളിൽനിന്ന് അനധികൃതമായി ഈടാക്കിയ ഉൽപാദന തീരുവ തിരിച്ചുനൽകുമെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി. ‘മാധ്യമം’ ശനിയാഴ്ച പ്രസിദ്ധീകരിച്ച ‘സോളാർ ഉപയോക്താക്കൾക്ക് അനധികൃത തീരുവ’ എന്ന വാർത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
‘‘ധനകാര്യബിൽ 2024 പാസായിക്കഴിഞ്ഞതാണ്. സോളാർ ഉപയോക്താക്കൾക്ക് സെൽഫ് ജനറേഷൻ ഡ്യൂട്ടി ഒഴിവാക്കിയിട്ടുണ്ട്. ഇക്കാര്യമറിയാതെ ഉദ്യോഗസ്ഥർ സോളാർ ഉപയോക്താക്കളിൽനിന്ന് ഉൽപാദന തീരുവ (സെൽഫ് ജനറേഷൻ ഡ്യൂട്ടി) ഈടാക്കിയിട്ടുണ്ടെങ്കിൽ തിരിച്ചുനൽകും. എന്തുകൊണ്ട് വീഴ്ച സംഭവിച്ചു എന്ന കാര്യത്തിൽ തിങ്കളാഴ്ച ഉദ്യോഗസ്ഥരുമായി ചർച്ച നടത്തും’’ -മന്ത്രി ‘മാധ്യമ’ത്തോട് പറഞ്ഞു.
സോളാർ ഉൽപാദകർക്ക് തീരുവ ചുമത്തുന്നതിൽനിന്ന് സംസ്ഥാന സർക്കാറുകൾ പിന്തിരിയണമെന്ന കേന്ദ്രനിർദേശം അവഗണിച്ചാണ് 2024-25 ബജറ്റിൽ, തീരുവ 1.2 പൈസയിൽനിന്ന് 15 പൈസ ആക്കി ഉയർത്താൻ കേരള സർക്കാർ തീരുമാനിച്ചത്. എന്നാൽ, സോളാർ ഉൽപാദകരുടെ വ്യാപക പ്രതിഷേധത്തെത്തുടർന്ന് ജൂലൈ 10ന് സ്വന്തമായി ഉൽപാദിപ്പിക്കുന്ന വൈദ്യുതിക്കുള്ള തീരുവ യൂനിറ്റിന് 15 പൈസയാക്കി വർധിപ്പിക്കാനുള്ള കരട് നിർദേശം പിൻവലിച്ച് പൂർണമായും തീരുവ ഒഴിവാക്കി കേരള ധനബിൽ 2024 പാസാക്കി. എന്നിട്ടും ഇക്കഴിഞ്ഞ സോളാർ ഉപയോക്താക്കളുടെ ബില്ലിലും സെൽഫ് ജനറേഷൻ ഡ്യൂട്ടി ഈടാക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.