ഗിന്നസിലേക്ക് ഓടിക്കയറാൻ സൈനികൻ നായ്ക് വേലു
text_fieldsജമ്മു: 30-ാമത്തെ ജന്മദിനവേള അവിസ്മരണീയമാക്കാനുള്ള കഠിന പരിശ്രമത്തിലാണ് സൈനികൻ നായ്ക് പി.വേലു. ലോക റെക്കോഡിെൻറ ഗിന്നസ് പുസ്തകത്തിലേക്ക് ഓടിക്കയറാനുള്ള ശ്രമം. 50 ദിവസംകൊണ്ട് കശ്മീർ മുതൽ കന്യാകുമാരി വരെ 4,300 കി.മീ ദൂരമാണ് ലക്ഷ്യം. സൈന്യത്തിലെ നഴ്സിങ് അസിസ്റ്റൻറ് ആയി സേവനമനുഷ്ഠിക്കുന്ന വേലു ഗിന്നസ് ലക്ഷ്യമിട്ട് കശ്മീരിൽ നിന്നും കന്യാകുമാരിയിലേക്ക് മാരത്തൺ ഓട്ടത്തിനൊരുങ്ങുകയായിരുന്നു.
ശ്രീനഗറിലെ 92 ബേസ് ആശുപത്രിയിൽ വെള്ളിയാഴ്ചയായിരുന്നു ഫ്ലാഗ് ഓഫ്. ഐതിഹാസിക നേട്ടം കൈവരിക്കാനാവുമെന്ന ദൃഢവിശ്വാസത്തിലാണ് ഏപ്രിൽ 21ന് 30 വയസ്സ് തികയുന്ന വേലു. പ്രധാന നഗരങ്ങളും പട്ടണങ്ങളും സംസ്ഥാനങ്ങളുമൊക്കെ താണ്ടി പ്രതിദിനം 70മുതൽ 100 വരെ കിലോമീറ്റർ ഓടാനാണ് പദ്ധതിയെന്ന് ഉധംപൂർ കേന്ദ്രമായുള്ള സൈനിക പി.ആർ ഓഫിസർ ലെഫ്റ്റനൻറ് കേണൽ അഭിനവ് നവനീത് പറഞ്ഞു.
വെറും 17 ദിവസംകൊണ്ട് 1600കി.മീ ദൂരം താണ്ടുന്ന ആദ്യ ഇന്ത്യക്കാരൻ എന്ന ബഹുമതിക്ക് കഴിഞ്ഞ വർഷം ജൂണിൽ വേലു അർഹനായിരുന്നു. തമിഴ്നാട്ടിലെ കൃഷ്ണഗിരിയിൽ 1991 ഏപ്രിൽ 21ന് ജനിച്ച ഈ യുവാവ് 13 വയസ്സു മുതൽ സംസ്ഥാന അത്ലറ്റിക്സിനെ പ്രതിനിധീകരിക്കുന്നുണ്ട്. 2011 ഡിസംബറിലാണ് സൈന്യത്തിൽ ചേർന്നത്. 2012ലെ 12.5 കി.മീ ക്രോസ് കൺട്രി മത്സരത്തിലെ സ്വർണമെഡൽ ജേതാവാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.