സിദ്ദീഖ് കാപ്പൻ കേസിൽ സോളിസിറ്റർ ജനറൽ നിലപാട് തിരുത്തണമെന്ന് കെ.യു.ഡബ്ല്യു.ജെ
text_fieldsതിരുവനന്തപുരം: സിദ്ദീഖ് കാപ്പൻ കേസിൽ സുപ്രീംകോടതിയിൽ യൂനിയനെതിരെ നടത്തിയ വസ്തുതാവിരുദ്ധമായ പരാമർശങ്ങൾ സോളിസിറ്റർ ജനറൽ തുഷാർ മേത്ത പിൻവലിക്കണമെന്നും പരമോന്നത നീതിപീഠത്തെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചതിനു പരസ്യമായി മാപ്പ് പറയണമെന്നും കേരള പത്രപ്രവർത്തക യൂനിയൻ ആവശ്യപ്പെട്ടു.
രാജ്യത്തുതന്നെ ഏറ്റവും സുസംഘടിതവും വ്യവസ്ഥാപിതവുമായി പ്രവർത്തിക്കുന്ന മാധ്യമ പ്രവർത്തക സംഘടനയായ കേരള പത്രപ്രവർത്തക യൂനിയനെതിരെ കേട്ടുകേൾവിയുടെയും ഉൗഹാപോഹങ്ങളുടെയും അടിസ്ഥാനത്തിൽ പരമോന്നത കോടതിയിൽ ഇത്തരമൊരു അഭിപ്രായ പ്രകടനം നടത്താൻ കേന്ദ്ര സർക്കാറിെൻറ ഉന്നത നീതിന്യായ പ്രതിനിധി തയാറായത് സുപ്രധാന വിഷയങ്ങൾ പോലും എത്ര അനവധാനതയോടെയാണു ബന്ധപ്പെട്ടവർ കൈകാര്യം ചെയ്യുന്നത് എന്നതിെൻറ ഉദാഹരണമാണ്.
സിദ്ദീഖ് കാപ്പന് മെച്ചപ്പെട്ട ചികിത്സ ഉറപ്പാക്കണം എന്നാവശ്യപ്പെട്ട് കേരള മുഖ്യമന്ത്രി ഉത്തർപ്രദേശ് സർക്കാറിന് അയച്ച കത്തിൽ പോലും കെ.യു.ഡബ്ല്യ.ജെയുടെ അഭ്യർഥന കൂടി പരിഗണിച്ചാണു കത്തെഴുതുന്നതെന്നു വ്യക്തമാക്കുന്നുണ്ട്. യൂനിയെൻറ ചില ശത്രുക്കൾ പറഞ്ഞുനടക്കുന്ന കഥകൾ മുമ്പ് കാപ്പൻ കേസിൽ ഉത്തർപ്രദേശ് സർക്കാറിനു വേണ്ടി സത്യവാങ്മൂലത്തിൽ ഉൾപ്പെടുത്തി സുപ്രീംകോടതിയിൽ സമർപ്പിച്ചതു തുഷാർ മേത്തയാണ്.
ആറു പതിറ്റാണ്ടിലേറെയായി മാധ്യമപ്രവർത്തകരുടെ ക്ഷേമത്തിനും അവകാശസംരക്ഷണത്തിനുമായി പ്രവർത്തിക്കുന്ന കേരള പത്രപ്രവർത്തക യൂനിയൻ സംസ്ഥാന സർക്കാറിെൻറ സഹായത്തോടെ നടപ്പാക്കുന്ന പത്രപ്രവർത്തക ആരോഗ്യപദ്ധതിയും പെൻഷൻ പദ്ധതിയും രാജ്യത്തെ തന്നെ മാതൃകാ പദ്ധതികളാണ്. കേരള സർക്കാർ മാധ്യമ രംഗത്തു നടപ്പാക്കുന്ന ഏതു പരിപാടിയും യൂനിയെൻറ സഹകരണത്തോടെയാണു നടപ്പാക്കുന്നത്. ഇന്ത്യയിൽ പത്രപ്രവർത്തകരുടെ ഉടമസ്ഥതയിലുള്ള ആദ്യ പ്രസ് ക്ലബിന് കൊച്ചിയിൽ തുടക്കമിട്ടതും കെ.യു.ബ്ല്യു.ജെ ആണ്.
കേരളത്തിലെ വർക്കിങ് ജേണലിസ്റ്റുകളുടെ ഏക സംഘടനയായ കെ.യു.ബ്ല്യു.ജെയിൽ 3500ഒാളം അംഗങ്ങൾ ഇപ്പോൾത്തന്നെയുണ്ട്. അംഗങ്ങളല്ലാത്ത ആയിരത്തിലേറെ പേർ യൂണിയനുമായി സഹകരിച്ചു പ്രവർത്തിക്കുന്നു. രാജ്യത്തെ മാധ്യമ പ്രവർത്തകരുടെ വേതന വ്യവസ്ഥയ്ക്കു നിലവിലുള്ള മജീതിയ വേജ്ബോർഡിനായി കെ.യു.ഡബ്ല്യു.ജെ നേതൃത്വത്തിൽ സുപ്രീംകോടതിയിൽ നടന്ന െഎതിഹാസികമായ നിയമപോരാട്ടം അഭിഭാഷക സുഹൃത്തുക്കളോടോ മാധ്യമ പ്രവർത്തകരോടോ മേത്ത ചോദിച്ചറിയണം.
തുഷാർ മേത്തക്കെതിരെ നടപടി ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര നിയമ മന്ത്രി രവിശങ്കർ പ്രസാദ്, സുപ്രീംകോടതി ചീഫ് ജസ്റ്റീസ്, അറ്റോർണി ജനറൽ എന്നിവർക്കു പരാതി സമർപ്പിക്കുമെന്ന് യൂനിയൻ സംസ്ഥാന പ്രസിഡൻറ് കെ.പി. റജി, ജനറൽ സെക്രട്ടറി ഇ.എസ്. സുഭാഷ് എന്നിവർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.