നീതിക്കായുള്ള പോരാട്ടത്തിൽ നിന്ന് പിന്തിരിയില്ല -ആബിദ് ശൈഖ് വരണാസി
text_fieldsചാവക്കാട്: ബാബരി മസ്ജിദിന് ശേഷം നിരവധി പള്ളികൾക്ക് നേരെ കൈയേറ്റത്തിന് ശ്രമിക്കുന്ന മോദി -അമിത്ഷാ കൂട്ടുകെട്ടിനെ പൗരത്വപ്രക്ഷോഭം ഓർമിപ്പിക്കുകയാണെന്ന് ഗ്യാൻവാപി സംരക്ഷണ പോരാട്ടത്തിലെ സജീവ സാന്നിധ്യമായ ആബിദ് ശൈഖ് വരണാസി. ഹിന്ദുത്വ വംശീയതക്കെതിരെ സോളിഡാരിറ്റി സംസ്ഥാന കമ്മിറ്റി ചാവക്കാട്ട് സംഘടിപ്പിച്ച യുവജന റാലിയും പൊതുസമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കച്ചവടം നടത്താൻ വാടകക്ക് നൽകിയ മുറികളാണ് ഇപ്പോൾ പൂജക്ക് വിട്ടുനൽകിയിരിക്കുന്നത്. നമ്മുടെ ഓർമയിലുള്ള കാര്യങ്ങളിൽ പോലും കള്ളം പറയുന്ന ഇക്കൂട്ടർ നൂറ്റാണ്ടുകൾക്ക് മുമ്പ് നടന്നെന്ന് പ്രചരിപ്പിക്കുന്ന കാര്യങ്ങൾ കള്ളമാണെന്നതിന് രണ്ടാമതൊന്ന് ആലോചിക്കേണ്ടതില്ല. അനീതി തുടരാനാണ് ഭരണകൂടവും നീതിപീഠവും കരുതുന്നതെങ്കിൽ പൗരത്വപ്രക്ഷോഭം ഓർമിപ്പിക്കുകയാണെന്നും ജയിലും വെടിയുണ്ടയും നീതിക്കായുള്ള പോരാട്ടത്തിൽ നിന്ന് തടയില്ലെന്നും അദ്ദേഹം പറഞ്ഞു.
പൊതുസമ്മേളനത്തിൽ സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് സി.ടി. സുഹൈബ് അധ്യക്ഷത വഹിച്ചു. രാമക്ഷേത്രം വിശ്വാസമല്ല, കൈയേറ്റത്തിന്റെയും അനീതിയുടെയും അടയാളമാണെന്ന് അദ്ദേഹം പറഞ്ഞു. പരിപാടിയിൽ ആയിരങ്ങൾ അണിനിരന്നു.
ജമാഅത്തെ ഇസ്ലാമി വനിത വിഭാഗം പ്രസിഡന്റ് പി.ടി.പി സാജിദ, വെൽഫെയർ പാർട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എ. ശഫീഖ്, ജമാഅത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടറി ശിഹാബ് പൂക്കോട്ടൂർ, എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്റ് മുഹമ്മദ് സഈദ് ടി.കെ, ജി.ഐ.ഒ സംസ്ഥാന പ്രസിഡന്റ് അഡ്വ. തമന്ന സുൽത്താന, ചേരമാൻ ജുമാ മസ്ജിദ് ഇമാം ഡോ. മുഹമ്മദ് സലീം നദ്വി, എഴുത്തുകാരൻ ഡോ. ടി.എസ് ശ്യാംകുമാർ, ഡോ. ഫാദർ വൈ. ടി. വിനയരാജ്, സംവിധായകൻ പ്രശാന്ത് ഈഴവൻ, പി.എം. ലാലി തുടങ്ങിയവർ സംസാരിച്ചു. ജഫീർ അറഫാത്ത് ഖിറാഅത്ത് നിർവഹിച്ചു. സോളിഡാരിറ്റി സംസ്ഥാന ജനറൽ സെക്രട്ടറി തൗഫീഖ് മമ്പാട് സ്വാഗതവും സംസ്ഥാന സെക്രട്ടറി തൻസീർ ലത്വീഫ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.