ചില ജീവനക്കാർ അഴിമതി അവകാശമായി കരുതുന്നു, ചിലർ അഴിമതി കലയായി സ്വീകരിച്ചിട്ടുണ്ട് -മുഖ്യമന്ത്രി
text_fieldsകൊച്ചി: സർക്കാർ വകുപ്പുകളിലെ ഒരു പ്രത്യേക വിഭാഗം അഴിമതി പ്രത്യേക അവകാശമായി കരുതുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ചെയ്ത ജോലിക്ക് ശമ്പളം വാങ്ങുന്നതാണ് അവകാശം. ജനങ്ങളെ സേവിക്കലാണ് അവരുടെ ചുമതല. എന്നാൽ, ചിലർ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതിൽ പ്രാവീണ്യം നേടിയവരാണ്. തദ്ദേശസ്ഥാപനങ്ങൾ വഴിയുള്ള മുഴുവൻ സേവനങ്ങളും ഓൺലൈനായി ലഭ്യമാക്കുന്ന കെ-സ്മാർട്ട് സോഫ്റ്റ് വെയർ ആപ്ലിക്കേഷന്റെ സംസ്ഥാനതല ഉദ്ഘാടനം കൊച്ചിയിൽ നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
അഴിമതി കുറക്കുകയല്ല, ഇല്ലാതാക്കുകയാണ് സർക്കാർ ലക്ഷ്യം. അഴിമതി കൂടുതൽ എവിടെയാണെന്ന് എല്ലാവർക്കും അറിയാം. ചിലർ അഴിമതി കലയായി സ്വീകരിച്ചിട്ടുണ്ട്. ജനങ്ങളെ സേവിക്കുന്നതിന് എന്തെങ്കിലും കൈപ്പറ്റിക്കളയാമെന്ന ചിന്ത നല്ലതല്ല. അത്തരം തെറ്റായ ശീലങ്ങൾ ഉപേക്ഷിച്ചേ മതിയാകൂ. ഇതെല്ലാം തങ്ങൾ എത്ര കണ്ടതാണെന്ന മനോഭാവം പാടില്ല.
അപേക്ഷയുടെ ഭാഗമായി പരിഹരിക്കേണ്ട കാര്യങ്ങൾ ഒറ്റത്തവണതന്നെ പറയാനാകണം. ജനത്തെ അനാവശ്യമായി പീഡിപ്പിക്കുന്ന സ്ഥിതി ഉണ്ടാകരുത്. തദ്ദേശ സ്ഥാപനങ്ങൾ വഴിയുള്ള സേവനങ്ങളുടെ കാര്യത്തിൽ വലിയ പ്രശ്നങ്ങൾ നേരിടുന്നത് പ്രവാസികളാണ്. ഏതെങ്കിലും സേവനം വേണമെങ്കിൽ നാട്ടിലെത്തി പ്രശ്നങ്ങൾ നേരിട്ടവതരിപ്പിച്ച് പരിഹാരം കണ്ട് മടങ്ങിപ്പോകേണ്ട അവസ്ഥ ഉണ്ടായിരുന്നു.
വിവരസാങ്കേതികവിദ്യ ഇത്രയേറെ വികസിച്ച ഇക്കാലത്ത് അതിന് മാറ്റം വരേണ്ടതുണ്ട്. അതിനുതകുന്ന ഇടപെടൽ കൂടിയായി മാറും കെ-സ്മാർട്ട് എന്നും മുഖ്യമന്ത്രി പറഞ്ഞു.
കെ-സ്മാർട്ട് മൊബൈൽ ആപ് മന്ത്രി പി. രാജീവ് പുറത്തിറക്കി. മന്ത്രി എം.ബി. രാജേഷ് അധ്യക്ഷത വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.