സി.പി.എം അകത്തും പുറത്തും ഉത്തരം പറയേണ്ട കുറെ ചോദ്യങ്ങൾ
text_fieldsകേരളത്തിൽ ഇത്തവണ രണ്ട് സീറ്റ് കൂടുതൽ നേടാനാവുമെങ്കിൽ അത് കണ്ണൂരും വടകരയുമാണെന്ന് ഉറപ്പിച്ചു വെച്ച സി.പി.എമ്മിന് രണ്ടിടത്തെയും അസാധാരണ പരാജയത്തിൽ നിന്ന് ഉരുത്തിരിയുന്ന ചോദ്യങ്ങൾക്ക് ഉത്തരം പറയേണ്ടിവരും.
ഒരിക്കൽ നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ എ.പി.അബ്ദുല്ലക്കുട്ടിയോട് മത്സരിച്ച് തോറ്റ ആളാണ് എം.വി.ജയരാജൻ. സി.പി.എമ്മിന്റെ ഏറ്റവും വലിയ കേഡർ സംവിധാനമുള്ള ജില്ലയുടെ സെക്രട്ടറിയാണ് അദ്ദേഹം. അങ്ങനെ ഒരാളെ ഫൈറ്റിങ് സീറ്റിൽ സ്ഥാനാർഥിയാക്കി തോൽപിച്ചത് എന്തിന്? ജയരാജൻ സുധാകരനോടല്ല, തോറ്റതെന്നും സി.പി.എമ്മുകാർ ജയരാജന്റെ പരാജയത്തിന്റെ പെട്ടിയിൽ ആണി അടിച്ചിട്ടുണ്ട് എന്നാണ് ഫലം വ്യക്തമാക്കുന്നത്.
ഇ.പി.ജയരാജനെ പ്രകാശ് ജാവ്ദേക്കർ കണ്ടത് ബി.ജെ.പിയിൽ ചേരാൻ അല്ലെങ്കിൽ ജയരാജൻ ദീർഘകാലം ജില്ല ചുമതല വഹിച്ച തൃശൂരിൽ സുരേഷ് ഗോപിക്കുവേണ്ടി വോട്ടുമറിക്കാനായിരുന്നോ എന്ന ചോദ്യം ഇപ്പോൾ ബി.ജെ.പി വിജയത്തോടെ മൂർച്ചകൂടി നിൽക്കുന്നു. ഇതുകൂടി ചേർന്ന ചോദ്യങ്ങൾക്കും സി.പി.എം ഉത്തരം പറയേണ്ടി വരും.
സി.പി.എമ്മിൽ പാർലമെൻററി രാഷ്ട്രീയത്തിൽ ചില ലക്ഷ്മണ രേഖകളുണ്ട്. ആര് ഏത് മണ്ഡലത്തിൽ മത്സരിക്കണമെന്ന് തീരുമാനിക്കുന്നത് പാർട്ടിയിൽ അയാളുടെ ഭാവികൂടി നിർണയിക്കുന്ന ഒന്നാണ്. മുഖ്യമന്ത്രി സ്ഥാനാർഥിയായി ഉയർന്ന പിണറായിയെ പോലെ ആരും സമീപകാലത്ത് രാജപാത പിന്നിട്ടിട്ടില്ല. അതായത്, പാർലമെൻററി രാഷ്ട്രീയത്തിൽ തോറ്റുപോകുന്ന ഒരാൾ വീണ്ടും അതുവഴി കടന്നുപോകാൻ ഏറെ കടമ്പകളുള്ള പാർട്ടിയാണ് സി.പി.എം.
1967ൽ പാലക്കാട് ലോക്സഭ മണ്ഡലത്തിൽ നിന്ന് ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഇ.കെ.നായനാർ 1971ലെ പാർലമെൻറ് തെരഞ്ഞെടുപ്പിൽ കാസർകോട്ട് രാമചന്ദ്രൻ കടന്നപ്പള്ളിയോട് തോറ്റശേഷം പാർലമെൻററി രാഷ്ട്രീയത്തിൽ വരാൻ പെട്ടപാട് എം.വി.രാഘവൻ ആത്മകഥയിൽ വിവരിക്കുന്നുണ്ട്.
1972ൽ ആദ്യമായി സംസ്ഥാന സെക്രട്ടറിയായും 1992ൽ പോളിറ്റ് ബ്യൂറോവിലും നായനാർ എത്തിയ ശേഷമാണ് 1974ലെ ഉപതെരഞ്ഞെടുപ്പിൽ ഇരിക്കൂരിൽ നിന്ന് വിജയിച്ച് ആദ്യമായി നിയമസഭ കയറിയത്. ഇരിക്കൂറിൽ നായനാരെ സ്ഥാനാർഥിയായി നിശ്ചയിച്ച പാർട്ടി കമ്മിറ്റിക്ക് ചേരുംമുമ്പ് നായനാർ തന്നോട് കമ്മിറ്റിയിൽ ഇക്കാര്യം ഉന്നയിച്ച് തീരുമാനിപ്പിക്കണം എന്ന് അഭ്യർഥിച്ച കാര്യം രാഘവൻ ആത്മകഥയിൽ വിവരിക്കുന്നു.
ഈ അനുഭവങ്ങളെല്ലാം മുന്നിൽ വെച്ചാൽ കണ്ണൂരിലെയും വടകരയിലെയും ജനവിധി എം.വി.ജയരാജന്റെയും ശൈലജ ടീച്ചറുടെയും പാർട്ടിയിലെ ഭാവിയെ എങ്ങനെ ബാധിക്കും എന്ന് കണ്ടറിയേണ്ടതാണ്. എന്നാൽ, ഇവർ രണ്ടുപേരും അവരെ സ്ഥാനാർഥിയാക്കിയ പാർട്ടി തീരുമാനത്തിന്റെ ധാർമികത ചോദ്യം ചെയ്യാനാവുംവിധം പാർട്ടി കേഡർ രംഗം തകർന്നുകിടക്കുന്ന ജനവിധിയാണ് ഇപ്പോൾ സംഭവിച്ചിട്ടുള്ളത്.
വടകരയിലെയും കണ്ണൂരിലെയും കാണാപ്പുറങ്ങൾ
വടകരയിൽ കെ.കെ. ശൈലജയെ സ്ഥാനാർഥിയാക്കിയപ്പോൾ 2019ലെ പി.ജയരാജൻ ഇഫക്ട് പ്രതിഫലിച്ച പ്രതികരണമാണ് ഉയർന്നത്. നിയമസഭയിൽ ഏറ്റവും മികച്ച ഭൂരിപക്ഷം വോട്ടുനേടി എത്തിയ ശൈലജ ടീച്ചറെ രണ്ടാം മന്ത്രിസഭയിൽ നിന്ന് ഒഴിവാക്കിയത് എല്ലാവരും മാറി നിൽക്കുന്ന പൊതുനിലപാട് അനുസരിച്ചാണ്. പക്ഷേ, എന്നിട്ടും ശൈലജയെ കേന്ദ്രീകരിച്ച് വ്യക്തി പ്രഭവ വാദം വ്യാപിച്ചു.
സി.പി.എം ഒരു വനിതാ മുഖ്യമന്ത്രിയെ പരിഗണിക്കുന്ന കാലത്ത് മാറ്റുരക്കാൻ മാത്രം ഭരണ നൈപുണ്യം ടീച്ചറിൽ ചിലർ കണ്ടു. അത്രത്തോളം ടീച്ചറെ രണ്ടാം പിണറായി മന്ത്രിസഭയിൽ നിന്ന് മാറ്റി നിർത്തിയതിനെ ഊതിപ്പെരുപ്പിച്ച് ചർച്ച ചെയ്തു. പി.ജയരാജനുവേണ്ടി സ്തുതിഗീതം ഉയർത്തിയ പി.ജെ. ആർമി വിവാദത്തിൽ പെട്ടതിനുശേഷം വടകരയിൽ ഫൈറ്റിങ് സീറ്റിൽ പി.ജയരാജനെ നിർത്തിയ അതേ അന്തർധാരയാണ് ശൈലജയെ കേന്ദ്രീകരിച്ചും ഒഴുകിയത്.
പാർട്ടിയിൽ വ്യക്തി മുഖസ്തുതി ഒരു കോക്കസായി വളർന്നുകൂടാ എന്ന നിലപാടിന് ശൈലജ വടകരയിലെത്താൻ നിമിത്തമായോ എന്നന്വേഷിക്കപ്പെട്ടു. പക്ഷേ, തെരഞ്ഞെടുപ്പ് പ്രചാരണ ലഹരിയിൽ പതിവുപോലെ എല്ലാം മറന്ന് വടകര ഇറങ്ങിയിട്ടും ചരിത്രത്തിലെ ഏറ്റവും വലിയ പരാജയമാണ് ഏറ്റു വാങ്ങിയത്. കണ്ണൂർ ജില്ലയിലെ രണ്ട് മണ്ഡലങ്ങളിലെ (തലശ്ശേരി, കൂത്തുപറമ്പ്) വോട്ട് ചോർച്ച മുന്നിൽ വെച്ച് സി.പി.എം ആത്മപരിശോധന നടത്തേണ്ടിവരും.
കണ്ണൂരിലെ മാജിക്
കെ. സുധാകരൻ എന്ന കാരക്ടറിനപ്പുറത്തുള്ള ഒരു രാഷ്ട്രീയ മാജിക് കണ്ണൂരിനുണ്ട്. സി.പി. എമ്മിനോടുള്ള നിലപാടിൽ കേന്ദ്രീകരിക്കുന്ന നിഷേധ വോട്ട് ആണത്. സുധാകരനല്ലാത്ത ആര് മത്സരിച്ചാലും യു.ഡി.എഫിന് ഇത് കിട്ടും. അതാണ് ചരിത്രം. ഈ ചരിത്രം തിരുത്തിയത് 1999 ൽ എ.പി. അബ്ദുല്ലക്കുട്ടിയാണ്. സി.പി. എം വിരുദ്ധ വോട്ട് മയപ്പെടുത്താൻ തൊട്ടുമുമ്പ് ഷൺമുഖദാസിനെയും രാമചന്ദ്രൻ കടന്നപ്പള്ളിയെയും ഒക്കെ നിർത്തി പരാജയപ്പെട്ടിടത്താണ് അബ്ദുല്ലക്കുട്ടി 1999ലും 2004ലും അത്ഭുതം സൃഷ്ടിച്ചത്.
അന്നത്തെ സി.പി.എം വിജയത്തിനുപിന്നിൽ പോലും കെ. സുധാകരന്റെ മുല്ലപ്പള്ളി വിരുദ്ധ മനോനിലയാണ് സഹായകമായത്. സുധാകരന് മതിയാക്കാറായില്ലേ എന്ന വിരുദ്ധ വികാരം യു.ഡി.എഫിൽ ഉണ്ടായിട്ടും ജയിച്ചുകയറി എന്നതാണ് മായാജാലം. ഈ മാജിക് ചെന്നുവീഴുന്നത് സി.പി.എമ്മിനുള്ളിലെ അന്തർധാരയിലാണ്.
ഇ.പി. ജയരാജന്റെ റോൾ
സി.പി.എമ്മിന്റെ തെരഞ്ഞെടുപ്പ് അവലോകനത്തിൽ ഉയരുന്ന മൂന്നാമത്തെ കാരക്ടർ ഇ.പി.ജയജരാജന്റെ തെരഞ്ഞെടുപ്പ് സംഭാവനകളാണ്. മുന്നണി സംസ്ഥാന കൺവീനറായിട്ടും ഇ.പി. ജയരാജനെ കാസർകോട് മണ്ഡലത്തിന്റെ മാത്രം ചുമതല നൽകി കാഴ്ചക്കാരനായി നിർത്തി.
കേരളത്തിലെവിടെയും അദ്ദേഹത്തിന് റോൾ കിട്ടിയില്ല. കഴിഞ്ഞ തവണ വടകരയിൽ തോറ്റുവെങ്കിലും തെരഞ്ഞെടുപ്പ് അനുഭവജ്ഞാനമുള്ള പി. ജയരാജനുണ്ടായിരിക്കെ പി.കെ.ശ്രീമതിക്കാണ് എം.വി. ജയരാജന്റെ തെരഞ്ഞെടുപ്പ് ചുമതല നൽകിയത്. ഈ പരീക്ഷണങ്ങളുടെ കൂടി ജനവിധിയായി കണ്ണൂർ ഫലം.
ഇ.പി. ജയരാജനെപ്പോലുള്ള തഴക്കവും പഴക്കവും ചെന്ന നേതാവിന്റെ മേൽനോട്ടമുണ്ടായിട്ടും പയ്യന്നൂർ, കല്യാശ്ശേരി മണ്ഡലങ്ങളിൽ നിന്ന് കാസർകോട് പാർലമെൻറ് മണ്ഡലത്തിലേക്കുള്ള വോട്ട് ചോർച്ച വലിയ തോതിലാണ് കാണുന്നത്. ഇ.പി. ജയരാജന്റെ മേൽനോട്ടം ദുർബലമായിരുന്നു എന്ന് ഇത് വ്യക്തമാവുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.