നിങ്ങൾ ആഘോഷിക്കുമ്പോൾ ചിലർ ബുദ്ധിമുട്ടുകയായിരുന്നു’; ചീഫ് സെക്രട്ടറിയോട് ഹൈകോടതി
text_fieldsകൊച്ചി: നിങ്ങൾ ആഘോഷിക്കുമ്പോൾ മറ്റ് ചിലർ ബുദ്ധിമുട്ടുകയായിരുന്നെന്ന് ചീഫ് സെക്രട്ടറിയോട് ഹൈകോടതി. കുറച്ചുപേരുടെ കണ്ണുകൾ ഈറനണിയുമ്പോൾ സർക്കാറിന് എങ്ങനെയാണ് ആഘോഷിക്കാൻ കഴിയുക?, കോടതി ഉത്തരവിന് സെമിനാറിനേക്കാൾ പ്രധാന്യം കുറവാണോ?, നിങ്ങളുടെ ആഘോഷങ്ങളേക്കാൾ ദുരിതമനുഭവിക്കുന്ന വ്യക്തികൾക്കാണ് പ്രാധാന്യം നൽകേണ്ടതെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വ്യക്തമാക്കി.
കെ.എസ്.ആർ.ടി.സി പെൻഷൻ വിതരണവുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ ഹരജിയിലാണ് ചീഫ് സെക്രട്ടറിയെ കോടതി രൂക്ഷമായി വിമർശിച്ചത്. കോടതി ഉത്തരവുണ്ടായിട്ടും തിങ്കളാഴ്ച ഹാജരാകാതിരുന്ന ചീഫ് സെക്രട്ടറിയുടെ നടപടിയാണ് വിമർശനത്തിനിടയാക്കിയത്.
കേരളീയം ജനറൽ കൺവീനറായിരുന്നുവെന്നും സെമിനാറിൽ പങ്കെടുക്കേണ്ടതിനാലാണ് തിങ്കളാഴ്ച ഹാജരാകാതിരുന്നതെന്നുമാണ് ചീഫ് സെക്രട്ടറിയുടെ വിശദീകരണം. ബുധനാഴ്ച ഉച്ചക്കുശേഷം ഓൺലൈൻ മുഖേന ചീഫ് സെക്രട്ടറി വി. വേണുവും ഗതാഗത സെക്രട്ടറി ബിജു പ്രഭാകറും ഹാജരായി.
ദൈനംദിന കാര്യങ്ങൾ നടത്താൻപോലും സർക്കാർ ബുദ്ധിമുട്ടുകയാണെന്നും കെ.എസ്.ആർ.ടി.സിയെ നിരന്തരം സഹായിക്കാനാകില്ലെന്നും ചീഫ് സെക്രട്ടറി അറിയിച്ചു. സെപ്റ്റംബറിലെ പെൻഷൻ നൽകി. ഒക്ടോബറിലേത് നവംബർ 30നകം നൽകും.
കെ.എസ്.ആർ.ടി.സിയിലെ പെൻഷൻ നൽകാൻ നിയമപരമായ ബാധ്യതയില്ലെന്നും ചീഫ് സെക്രട്ടറി വ്യക്തമാക്കി. എന്നാൽ, പെൻഷൻ നവംബർ 30നകം പൂർണമായും നൽകിയില്ലെങ്കിൽ ചീഫ് സെക്രട്ടിയും ഗതാഗത സെക്രട്ടറിയും വീണ്ടും ഓൺലൈൻവഴി ഹാജരാകണമെന്ന് കോടതി ഉത്തരവിട്ടു.
സർക്കാർ നൽകിയില്ലെങ്കിൽ പെൻഷൻ പിന്നെങ്ങനെ നൽകുമെന്നും കോടതി ചോദിച്ചു. കെ.എസ്.ആർ.ടി.സി കടുത്ത തീരുമാനം എടുക്കണമെന്നായിരുന്നു ചീഫ് സെക്രട്ടറിയുടെ മറുപടി. സഹകരണ ബാങ്കുകളുടെ കൺസോർഷ്യവുമായി ചർച്ച നടത്തുകയാണ്. കെ.എസ്.ആർ.ടി.സിയെ നഷ്ടത്തിൽനിന്ന് കരകയറ്റാനുള്ള പോംവഴി കമ്പനിയുടെ സ്വത്ത് വിൽക്കുകയാണ്. ഇതിനു ചില യോഗങ്ങൾ ചേർന്നെങ്കിലും തീരുമാനമായില്ലെന്നും വിശദീകരിച്ചു. ഇതുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ച മുൻ ഉത്തരവുകൾ കണ്ടിരുന്നോയെന്ന് കോടതി ആരാഞ്ഞു. നിങ്ങളുടെ പല ചോദ്യങ്ങൾക്കും അതിൽ ഉത്തരമുണ്ടെന്നും ചൂണ്ടിക്കാട്ടി. സ്വത്ത് വിറ്റ് ബാധ്യത തീർക്കണമെന്നതടക്കം ഉത്തരവുകൾ കോടതി പുറപ്പെടുവിച്ചിരുന്നു.
കെ.എസ്.ആർ.ടി.സിക്ക് ഇതിനകം 8,000 കോടി രൂപയിലധികം സഹായമായി നൽകിയിട്ടുണ്ടെന്നും പെൻഷൻ ആദ്യ ആഴ്ചയിൽതന്നെ നൽകണമെന്ന ഉത്തരവിനെതിരായ പുനഃപരിശോധന ഹരജി നേരത്തേ പരിഗണിക്കണമെന്നും സ്പെഷൽ ഗവ. പ്ലീഡർ പി. സന്തോഷ് കുമാർ ആവശ്യപ്പെട്ടു. പുനഃപരിശോധന ഹരജിയും നവംബർ 30ന് പരിഗണിക്കുമെന്ന് കോടതി പറഞ്ഞു.
അടുത്ത തവണയും ചീഫ് സെക്രട്ടറി ഹാജരാകണമെന്നതിൽ സർക്കാർ ഇളവ് തേടിയെങ്കിലും അനുവദിച്ചില്ല. പെൻഷൻ വൈകുന്നതിനെതിരെ തിരുവനന്തപുരം വക്കം സ്വദേശിയായ അശോക് കുമാർ ഉൾപ്പെടെയുള്ളവരാണ് കോടതിയലക്ഷ്യ ഹരജി നൽകിയത്.
കെ.എസ്.ആർ.ടി.സിക്ക്
30 കോടി കൂടി
തിരുവനന്തപുരം: കെഎസ്.ആർ.ടി.സിക്ക് സംസ്ഥാന സർക്കാർ സഹായമായി 30 കോടി രൂപ കൂടി അനുവദിച്ചതായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു. തിങ്കളാഴ്ച 70 കോടി നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.