വോട്ട് ആരോ ചെയ്തു; മണിക്കൂറുകൾ കാത്തുനിന്ന മുസ്തഫക്ക് ടെൻഡർ വോട്ട്
text_fieldsതിരൂരങ്ങാടി: തിരൂരങ്ങാടി മണ്ഡലത്തിലെ പതിനാറുങ്ങൽ മിശ്കാത്തുൽ ഉലൂം മദ്റസ 51 ബൂത്തിലെ വോട്ടറായ മുഹമ്മദ് മുസ്തഫ കുട്ടശ്ശേരി മണിക്കൂറുകളോളം കാത്തുനിന്ന ശേഷമാണറിയുന്നത് തന്റെ വോട്ട് മറ്റൊരാൾ ചെയ്ത കാര്യം. ഒടുവിൽ ടെൻഡർ വോട്ട് ചെയ്ത് മടങ്ങേണ്ടിവന്നു.
പുലർച്ച 6.30ഓടെ ബൂത്തിലെത്തിയ ഇദ്ദേഹം പലതവണ വോട്ടുയന്ത്രം പണിമുടക്കിയതിനെത്തുടർന്ന് ഒമ്പതോടെ വോട്ട് ചെയ്യാനെത്തിയപ്പോഴാണ് തന്റെ വോട്ട് ദിവസങ്ങൾക്കുമുമ്പ് മറ്റൊരാൾ ചെയ്തതായി അറിയുന്നത്.
തൊട്ടടുത്ത അമ്പതാം ബൂത്തിൽ മുഹമ്മദ് മുസ്തഫയുടെ അതേ പേരിലുള്ള ഭിന്നശേഷിക്കാരനായ വ്യക്തി പോസ്റ്റൽ വോട്ടായി മുസ്തഫയുടെ വോട്ട് ചെയ്ത് മടങ്ങിയതായി മണിക്കൂറുകൾ നീണ്ട പരിശ്രമത്തിൽ കണ്ടെത്തി. തുടർന്ന് മുസ്തഫ മണിക്കൂറോളം ബൂത്തിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഇതോടെ ഉയർന്ന പോളിങ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് വോട്ട് ചെയ്യാൻ അവസരം ഒരുക്കുകയായിരുന്നു. അവസാനം 11 മണിയോടെ ഇദ്ദേഹം ടെൻഡർ വോട്ടായി രേഖപ്പെടുത്തി മടങ്ങി. ഒരേ പേരിലുള്ള വ്യക്തി വോട്ട് ചെയ്തത് ഉദ്യോഗസ്ഥർ ഇദ്ദേഹത്തിന്റെ പേരിൽ രേഖപ്പെടുത്തിയതാണ് പൊല്ലാപ്പായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.