കോഴിക്കോട്ട് മകൻ അച്ഛനെ വെട്ടിക്കൊന്നു; എട്ടു വർഷം മുമ്പ് അമ്മയെ വെട്ടിക്കൊന്നത് മറ്റൊരു മകൻ
text_fieldsഅശോകൻ
ബാലുശ്ശേരി: മാനസിക രോഗിയായ മകൻ അച്ഛനെ വെട്ടിക്കൊന്നു. പനായി ചാണോറയിൽ അശോകനെയാണ് (71) മകൻ സുധീഷ് വെട്ടിക്കൊലപ്പെടുത്തിയത്. സുധീഷ് (35) മാനസിക രോഗത്തിന് ദീർഘകാലമായി ചികിത്സയിലാണെന്നും മരുന്നു കഴിക്കാറില്ലായിരുന്നെന്നും നാട്ടുകാർ പറഞ്ഞു.
തിങ്കളാഴ്ച വൈകീട്ടോടെയാണ് സംഭവം പുറത്തറിയുന്നത്. സന്ധ്യയായിട്ടും വീട്ടിൽ വെളിച്ചം കാണാത്തതിനെ തുടർന്ന് സമീപവാസികൾ വന്നുനോക്കിയപ്പോഴാണ് അശോകൻ രക്തത്തിൽ കുളിച്ചനിലയിൽ കിടപ്പുമുറിയിൽ മരിച്ചുകിടക്കുന്നത് കണ്ടത്. തലക്കാണ് വെട്ടേറ്റത്. മകൻ സുധീഷ് വീട്ടിലുണ്ടായിരുന്നില്ല. ബാലുശ്ശേരി പൊലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് സി.ഐ ടി.പി. ദിനേശന്റെ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.
കൊലപാതകശേഷം വീട്ടിൽനിന്നു പോയ സുധീഷിനെ രാത്രിയോടെ വീടിന്റെ പരിസര പ്രദേശത്തുവെച്ച് നാട്ടുകാർ പിടികൂടി പൊലീസിനെ ഏൽപിച്ചു.
നേരത്തെ അമ്മ ശോഭനയെ ലഹരിക്കടിമപ്പെട്ട മറ്റൊരു മകനായ സുമേഷ് കൊലപ്പെടുത്തിയശേഷം വിഷം കഴിച്ച് ആത്മഹത്യ ചെയ്തിരുന്നു. ഇതിനുശേഷം അശോകനും രണ്ടാമത്തെ മകനായ സുധീഷും മാത്രമാണ് വീട്ടിൽ താമസിക്കുന്നത്. സുധീഷും ലഹരിക്കടിമയായിരുന്നു.
അച്ഛനും മകനും തമ്മിൽ ഇന്നലെ രാവിലെ അടക്ക വിൽപന നടത്തിയതുമായി ബന്ധപ്പെട്ട വാക്തർക്കമുണ്ടായിരുന്നു. പണത്തിനായി അടക്ക കൊണ്ടുപോയി വിൽപന നടത്തിയതിനെ തുടർന്നുണ്ടായ വാക്തർക്കമാകാം കൊലപാതകത്തിനു കാരണമെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. അശോകൻ റാണി ബീഡിയുടെ ബാലുശ്ശേരി മേഖല ഏജന്റായി പ്രവർത്തിച്ചുവരുകയാണ്.
സഹോദരന്മാർ: ആനന്ദൻ, രത്നാകരൻ, ബിന്ദു, സുമതി, സത്യ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.