മകൻ മാതാപിതാക്കളെ കൊലപ്പെടുത്തി കിണറ്റിൽ മൂടി
text_fieldsപത്തനംതിട്ട: പന്തളത്തിനടുത്ത് പെരുമ്പുളിക്കലിൽ മകൻ മാതാപിതാക്കളെ കൊലപ്പെടുത്തി കിണറ്റിലിട്ട് മൂടി. പന്തളം പെരുമ്പുളിക്കല്‍ എന്‍.എസ്.എസ് പോളിടെക്‌നിക്കിന് സമീപം കാഞ്ഞിരവിളയില്‍ ജോണ്‍ (65), ഭാര്യ ലീലാമ്മ (60) എന്നിവരെയാണ് ഇളയമകന്‍ മാത്യു ജോണ്‍ (മജോ-28) കൊലപ്പെടുത്തിയത്.
രണ്ടാഴ്‌ച മുമ്പ് മാതാപിതാക്കളെ കൊലപ്പെടുത്തി പൊട്ടക്കിണറ്റില്‍ തള്ളിയ മകന്‍ 12 ദിവസം കഴിഞ്ഞ് വിവരം പുറംലോകത്തെ അറിയിച്ച ശേഷം പൊലീസില്‍ കീഴടങ്ങി. ഇവരുടെ തന്നെ റബര്‍തോട്ടത്തിലെ പൊട്ടക്കിണറ്റില്‍ തള്ളിയ മൃതദേഹങ്ങൾ ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് ഇന്ന് രാവിലെ പ്രതി മജോ തന്നെ ജെസിബി വിളിച്ചു കൊണ്ടു വന്ന് മൂടുകയായിരുന്നു. ഇതിന് ശേഷം വിദേശത്തുള്ള മൂത്ത സഹോദരന്‍ ലിജോയെ വിളിച്ച് താന്‍ മാതാപിതാക്കളെ കൊലപ്പെടുത്തിയ വിവരം അറിയിച്ചു. ഇയാള്‍ നാട്ടിലുള്ള ബന്ധുക്കളെ വിളിച്ച് ഇക്കാര്യം പരിശോധിക്കാന്‍ നിര്‍ദേശം നല്‍കുന്നതിനിടെ മജോ നാടകീയമായി പന്തളം പൊലീസില്‍ കീഴടങ്ങുകയായിരുന്നു.
ഗള്‍ഫിലായിരുന്ന മജോ മാസങ്ങള്‍ക്ക് മുമ്പാണ് നാട്ടിലെത്തിയത്. കഴിഞ്ഞ 23 ന് അച്‌ഛനും അമ്മയുമായി ഇയാള്‍ വാക്കേറ്റം നടത്തി. തര്‍ക്കം മുറുകുന്നതിനിടെ പിതാവിനെ ഇയാള്‍ അടിച്ചു വീഴ്‌ത്തി. അടിയേറ്റ ജോണ്‍ സംഭവ സ്‌ഥലത്ത് തന്നെ മരിച്ചു. ലീലാമ്മ ഇതിന് ദൃക്‌സാക്ഷി ആയതാണ് അവരെയും കൊലപ്പെടുത്താന്‍ കാരണമായതെന്ന് കരുതുന്നു. ഈ ദിവസങ്ങളില്‍ മജോയുടെ ഭാര്യയും മക്കളും വീട്ടിലില്ലായിരുന്നു. ഇവര്‍ കോട്ടയത്തുള്ള സ്വന്തം വീട്ടിലായിരുന്നു. കൊലപാതകം നടത്താന്‍ മജോയ്‌ക്ക് ഇതും തുണയായി. കൊലയ്‌ക്ക് ശേഷം രണ്ടു മൃതദേഹങ്ങളും വലിച്ചിഴച്ച് സമീപത്തു തന്നെയുള്ള ഇവരുടെ റബര്‍തോട്ടത്തില്‍ പൊട്ടക്കിണറ്റില്‍ തള്ളുകയായിരുന്നു. രണ്ടു ദിവസത്തിന് ശേഷം റബര്‍ ടാപ്പിങിനെത്തിയ തൊഴിലാളി കിണറ്റില്‍ നിന്ന് ദുര്‍ഗന്ധം വമിക്കുന്ന കാര്യം മജോയെ അറിയിച്ചു. താന്‍ കുറേ തെരുവുനായകളെ വിഷം വച്ചു കൊന്നു പൊട്ടക്കിണറ്റില്‍ തള്ളിയിട്ടുണ്ടെന്ന് ഇയാള്‍ ടാപ്പിങ്ങുകാരനോട് പറഞ്ഞു. ചോദിച്ചവരോടെല്ലാം ഇതേ മറുപടിയാണ് നല്‍കിയത്. ദുര്‍ഗന്ധം അസഹ്യമായതിനെ തുടര്‍ന്ന് ഇന്നു രാവിലെ മജോ തന്നെ ജെസിബി വിളിച്ചു കൊണ്ടു വന്ന് കിണര്‍ മണ്ണിട്ടു മൂടി. ജെസിബി ഡ്രൈവറോടും പട്ടിയെ കൊന്ന് കുഴിച്ചിട്ടിരിക്കുകയാണെന്നാണ് ഇയാള്‍ പറഞ്ഞത്.
കിണര്‍ മണ്ണിട്ട് നിരപ്പാക്കിയ ശേഷമാണ് വിദേശത്തുള്ള സഹോദരന്‍ ലിജോയെ വിളിച്ചത്. ലിജോ ബന്ധുക്കളെ വിവരം അറിയിക്കുന്നതിനിടെ മജോ സ്‌റ്റേഷനില്‍ എത്തി കീഴടങ്ങുകയും ചെയ്‌തു. സാമ്പത്തിക പ്രതിസന്ധിയും കുടുംബകലഹവുമാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് സംശയിക്കുന്നു. ജില്ലാ പൊലീസ് മേധാവി സതീഷ് ബിനോ, സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈ എസ്‌പി പികെ ജഗദീശ് എന്നിവരുടെ നേതൃത്വത്തില്‍ പ്രതിയെ പൊലീസ് ചോദ്യം ചെയ്യുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.