'മകൻ ഫോണിൽ കളിച്ചു, ഉറങ്ങിയില്ല, ജീവൻ തിരിച്ചുകിട്ടി'- കിഷോർ
text_fieldsമകൻ ഫോണിൽ കളിച്ച് ഉറങ്ങാതിരുന്നതിനാൽ ജീവൻ കിട്ടിയെന്ന് കിഷോറിന്റെ കുടുംബം. മകൻ അലൻ ഉറങ്ങാതെ ഫോണിൽ കളിച്ചു കൊണ്ടിരിക്കെയാണ് ഭീതിപ്പെടുത്തുന്ന ശബ്ദം കേട്ടത്. ഉടൻ അവൻ അച്ഛൻ കിശോറിനെ വിളിച്ചെഴുന്നേൽപ്പിക്കുകയായിരുന്നു.
കനത്ത ഇരുട്ടിൽ മൊബൈലിന്റെ വെളിച്ചത്തിൽ പുറത്തെ ഭീതിപ്പെടുത്തുന്ന രംഗം കണ്ടു. മുകളിൽ നിന്നും കുത്തി ഒഴുകി എത്തുന്ന വെള്ളം കണ്ടതോടെ കുടുംബത്തോടൊപ്പം വീടുവിട്ട് പുറത്തിറങ്ങി. കുന്നിൽ മുകളിലേക്ക് നടന്നു. അൽപനേരം കഴിഞ്ഞപ്പോഴേക്കും കുത്തിയൊലിച്ചെത്തിയ വെള്ളം വീട് തകർക്കുന്നത് നെഞ്ചിടിപ്പോടെ കണ്ടു.
അതേ വെള്ളം അയൽവാസി ആധാരം എഴുത്തുകാരനായ ശ്രീനിവാസനെയും മകനെയും മരണത്തിലേക്ക് കൊണ്ടു പോയി. മുന്നിലെ ദുരന്തം മനസ്സിനേൽപിച്ച ആഘാതത്തിൽ കുന്നിൽ മുകളിൽ മൂന്ന് മണിക്കൂർ നേരം വിറങ്ങലിച്ചു നിന്നു.
നേരം പുലരാൻ നേരം റെസ്ക്യു ടീം എത്തിയാണ് രക്ഷപ്പെടുത്തിയത്. വൃദ്ധയായ അമ്മയെ സഹോദരി രണ്ടു ദിവസം മുമ്പ് കൊണ്ടു പോയിരുന്നു. പ്രദേശവാസികളുടെ നിലവിളികേട്ട് ആദ്യം സഹായത്തിനെത്തിയ സംഘത്തെ പിന്നീട് കണ്ടെത്താനായില്ലെന്നും അവർ ദുരന്തത്തിൽ പെട്ടതായി സംശയമുണ്ടെന്നും കിശോർ പറഞ്ഞു.
ഉയർന്ന സ്ഥലത്ത് വീടായതിനാൽ ദുരന്തം ഒട്ടും പ്രതീക്ഷിച്ചില്ല. വെള്ളമെത്തിയപ്പോൾ ഭാര്യയെയും രണ്ട് മക്കളേയും കൊണ്ട് താഴ്ഭാഗത്തുള്ള ഔസേഫിന്റെ വീട്ടിൽ എത്തുമ്പോൾ വീട് നിന്നിടത്ത് ഒരു അടയാളംപോലും കാണാനില്ലായിരുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.