അമ്മയെ ചവിട്ടിക്കൊന്ന കേസിൽ മകന് ജീവപര്യന്തം കഠിനതടവ്
text_fieldsആലപ്പുഴ: അമ്മയെ ചവിട്ടിക്കൊന്ന കേസിൽ മകന് ജീവപര്യന്തം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും. ചേർത്തല താലൂക്കിൽ കടക്കരപ്പള്ളി പഞ്ചായത്ത് പത്താം വാർഡിൽ നിവർത്തിൽ വീട്ടിൽ സുകുമാരന്‍റെ ഭാര്യ കല്യാണിയെ (75) കൊലപ്പെടുത്തിയ കേസിൽ മകൻ സന്തോഷിനെയാണ് (48) ആലപ്പുഴ അഡീഷനൽ ജില്ല സെഷൻസ് ജഡ്ജി എസ്. ഭാരതി ശിക്ഷിച്ചത്.
2019 മാർച്ച് 31നായിരുന്നു കേസിനാസ്പദമായ സംഭവം. പ്രതിയായ മകന് ഭാര്യയുമൊത്ത് സ്വൈരമായി ജീവിക്കാൻ ശാരീരിക അവശതകളും ഓർമക്കുറവുമുണ്ടായിരുന്ന മാതാവ് കല്യാണി തടസ്സമാണെന്നുകണ്ട് വീട്ടിൽവെച്ച് ചവിട്ടിയും തൊഴിച്ചും കഴുത്തിന് കുത്തിപ്പിടിച്ചും കൊലപ്പെടുത്തുകയായിരുന്നു. സംഭവസമയത്ത് അമ്മയും മകനും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.
പ്രതി തന്നെ അമ്മയെ ആശുപത്രിയിലെത്തിക്കുകയും പിന്നീട് സ്വാഭാവിക മരണമാണെന്ന് പൊലീസിൽ മൊഴിയും നൽകി. എന്നാൽ, പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വാരിയെല്ലുകളും ഇടുപ്പെല്ലുകളും പൊട്ടി ഗർഭപാത്രത്തിനടക്കം മുറിവുകളിൽക്കൂടി അമിത രക്തസ്രാവം ഉണ്ടായതാണ് മരണകാരണമെന്ന് വ്യക്തമാക്കിയിരുന്നു. തുടർന്ന് പട്ടണക്കാട് എസ്.ഐ അമൃത് രംഗൻ നടത്തിയ അന്വേഷണത്തിലാണ് കൊലപാതകം തെളിഞ്ഞത്.
കേസിലെ പ്രധാന സാക്ഷിയായിരുന്ന പ്രതിയുടെ സഹോദരി സുധർമയും ആശുപത്രിയിലെത്തിക്കാൻ സഹായിച്ച സുഹൃത്തും സാക്ഷിവിസ്താര സമയത്ത് കൂറുമാറിയിരുന്നു. അയൽവസികളുടെ മൊഴിയും സാഹചര്യത്തെളിവും ശാസ്ത്രീയ തെളിവുകളുമാണ് നിർണായകമായത്. പ്രോസിക്യൂഷനുവേണ്ടി അഡീഷനൽ പബ്ലിക് പ്രോസിക്യൂട്ടർ എസ്.എ. ശ്രീമോൻ, അഭിഭാഷകരായ ജി. നാരായണൻ, അശോക് നായർ, ദീപ്തി കേശവ് എന്നിവർ ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.