ചികിത്സ പിഴവ്: സോന മോളുടെ ചികിത്സ സർക്കാർ ഏറ്റെടുത്തു
text_fieldsതൃശൂർ: ജൂബിലി മിഷൻ ആശുപത്രിയിലെ ചികിത്സ പിഴവിനെ തുടർന്ന് ഗുരുതര രോഗാവസ്ഥയിലായ പട്ടിക്കാട് സ്വദേശി ആറുവയസ്സുകാരി സോനമോളുടെ ചികിത്സ സർക്കാർ ഏറ്റെടുത്തു. ആരോഗ്യ മന്ത്രി കെ.കെ. ശൈലജയാണ് ഇക്കാര്യം അറിയിച്ചു. സമൂഹ മാധ്യമങ്ങൾ ചർച്ചയാക്കിയ വിഷയം ശ്ര ദ്ധയിൽപെട്ട ആരോഗ്യമന്ത്രി അടിയന്തര അന്വേഷണത്തിനും ഇടപെടലിനുമായി സാമൂഹിക സുരക്ഷ മിഷൻ എക്സി. ഡയറക്ടർ ഡോ. മുഹമ്മദ് അഷീലിനെ ചുമതലപ്പെടുത്തിയിരുന്നു. അദ്ദേഹം നൽകിയ റിപ്പോർട്ട് കൂടാതെ സോന മോളുടെ അച്ഛൻ ബാബുവുമായി ഫോണിൽ സംസാരിച്ചതായും മന്ത്രി വ്യക്തമാക്കി. ഇപ്പോൾ ചികിത്സ നടക്കുന്ന തൃശൂർ മെഡിക്കൽ കോളജിൽ തുടർചികിത്സക്ക് ആവശ്യമായ തുക സാമൂഹിക സുരക്ഷ മിഷെൻറ ‘വി കെയർ’ പദ്ധതിയിൽ ഉൾപ്പെടുത്തി സർക്കാർ അനുവദിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.
തൃശൂർ മെഡിക്കൽ കോളജ്, കോയമ്പത്തൂർ അരവിന്ദ് കണ്ണാശുപത്രി എന്നിവിടങ്ങളിൽനിന്നും കുട്ടിയുടെ രോഗവിവരങ്ങൾ ശേഖരിച്ചു. അപസ്മാര സംബന്ധമായ അസുഖത്തിനാണ് ജൂബിലി മെഡിക്കൽ കോളജിൽ എത്തിയത്. അവിടെ ചികിത്സ നടത്തുന്നതിനിെട ‘ടോക്സിക്ക് എപ്പിഡമോ നെക്രോലൈസിസ്’ എന്ന രോഗാവസ്ഥ ഉണ്ടായതിനെ തുടർന്നാണ് തൃശൂർ മെഡിക്കൽ കോളജിൽ ചികിത്സ തേടിയത്. പിന്നീട് തൃശൂർ മെഡിക്കൽ കോളജിലെ ശിശുരോഗ വിഭാഗം തലവൻ ഡോ. പുരുഷോത്തമെൻറ നേതൃത്വത്തിൽ നടത്തിയ വിദഗ്ധ പരിശോധനയിലാണ് കണ്ണിനും രോഗം ബാധിച്ചതായി മനസ്സിലായത്. തുടർന്ന് കോയമ്പത്തൂർ അരവിന്ദ് കണ്ണാശുപത്രിയിലേക്ക് റഫർ ചെയ്യുകയായിരുന്നു.
അവിടെനിന്ന് രണ്ടുതവണ കണ്ണിന് ശസ്ത്രക്രിയ നടത്തി. മൂന്നാമത്തെ ശസ്ത്രക്രിയക്കുള്ള രക്തപരിശോധനയിൽ അണുബാധ കണ്ടതിനാൽ പെട്ടെന്ന് സാധ്യമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഈ സാഹചര്യത്തിലാണ് സർക്കാർ ഇടപെട്ട് തൃശൂർ മെഡിക്കൽ കോളജിൽ ചികിത്സക്ക് സംവിധാനം ഒരുക്കിയത്. സോന മോളുടെ വിഷയം ശ്രദ്ധയിൽപെടുത്തിയ എല്ലാ സുമനസ്സുകളേയും നന്ദി അറിയിക്കുകയാണെന്നും സർക്കാർ ഒപ്പമുണ്ടെന്നും മന്ത്രി സമൂഹ മാധ്യമത്തിൽ കുറിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.