പാട്ട് റെഡി; ഇത്തവണ വിജയാഹ്ലാദ ഗാനം സമൂഹ മാധ്യമങ്ങളിൽ
text_fieldsകൊച്ചി: തെരഞ്ഞെടുപ്പുഫലം വരുമ്പോൾ കവലകളിലും വാഹനങ്ങളിലും വിജയാഹ്ലാദ ഗാനങ്ങൾ ഉയരില്ലെങ്കിലും പെട്ടി പൊട്ടിക്കുമ്പോൾ പാടാൻ ഇക്കുറിയും പാട്ടൊരുക്കി കാത്തിരിക്കുകയാണ് മുന്നണികളും സ്ഥാനാർഥികളും. കോവിഡ് പശ്ചാത്തലത്തിൽ നിയന്ത്രണങ്ങൾ ശക്തമാക്കിയതോടെ സമൂഹ മാധ്യമങ്ങളിലൂടെ അവ പ്രചരിപ്പിച്ച് സന്തോഷം പങ്കുവെക്കാനുള്ള പദ്ധതിയിലാണ് അവർ. ഫലം വരുംവരെ കാത്തിരിക്കാൻ തയാറല്ലാത്ത സ്ഥാനാർഥികൾ രണ്ടുംകൽപിച്ച് പാട്ടുകൾ മുൻകൂട്ടി ഒരുക്കുകയും ചെയ്തു.
കൂടാതെ, മുന്നണിയുടെയും ആവശ്യപ്രകാരം ഏതുമണ്ഡലത്തിലും ഉപയോഗിക്കാവുന്ന പാട്ടുകളും തയാറാക്കിയിരിക്കുകയാണ് 25 വർഷമായി പാരഡിഗാന രംഗത്ത് സജീവമായ അബ്ദുൽ ഖാദർ കാക്കനാട്. ന്യൂജൻ പാട്ടിെൻറ ഈണത്തിൽ ''അയ്യയ്യോ തോറ്റുപോയല്ലോ... അയ്യയ്യോ ഭരണം മാറീല്ലോ'' പാരഡിയാണ് യു.ഡി.എഫിനുവേണ്ടി തയാറായത്. ''
മലയാള നാടാകെ ജനങ്ങൾ ഒരു ചെങ്കടല് തീർക്കുന്നേ...'' പാട്ടാണ് എൽ.ഡി.എഫിന് ഒരുക്കിയത്. ഇരുമുന്നണിയുടെയും സമൂഹ മാധ്യമവിഭാഗത്തിന് കൈമാറിയ പാട്ടുകൾ വിജയസൂചനകൾ വരുമ്പോൾതന്നെ ജനങ്ങളിലേക്കെത്തും. അഴിമതി നിറഞ്ഞ ഭരണമാണ് എൽ.ഡി.എഫിന് വിനയായതെന്ന് പരിഹസിക്കുന്ന യു.ഡി.എഫ് ഗാനത്തിൽ ആഴക്കടൽ വിവാദം മുതൽ അനധികൃത നിയമനം വരെ വിഷയമാകുന്നു. ഭരണനേട്ടങ്ങൾ തുടർഭരണം ഉറപ്പാക്കിയെന്ന് വിശദീകരിക്കുന്ന എൽ.ഡി.എഫ് പാട്ടിൽ പിണറായി സർക്കാറിെൻറ ക്ഷേമപദ്ധതികൾ എണ്ണിപ്പറയുന്നു.
തെരഞ്ഞെടുപ്പ് പ്രചാരണത്തിനുവേണ്ടിയും പാരഡി ഗാനങ്ങൾ ഇവിടെ ഒരുങ്ങിയിരുന്നു. മുൻകൂട്ടി തയാറാക്കിയതുകൂടാതെ ഫലം വരുമ്പോൾ ഉടൻ ഗാനം വേണമെന്ന ആവശ്യവുമായി സ്ഥാനാർഥികൾ എത്താറുണ്ടെന്ന് അബ്ദുൽ ഖാദർ 'മാധ്യമ'ത്തോട് പറഞ്ഞു. ലിജി ഫ്രാൻസിസ്, വെൽഗ, ഷബീർ നീറുങ്കൽ, പ്രദീപ് ബാബു, ഒ.യു. ബഷീർ, രമേശ് തുടങ്ങിയവരാണ് ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്. ഓഡിയോെക്കാപ്പം പാർട്ടി പ്രകടനങ്ങളുടെ ചിത്രങ്ങൾ ഉപയോഗിച്ചും വരികൾ എഴുതിക്കാണിക്കുന്ന രീതിയിലുമാണ് വിഡിയോകൾ എത്തുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.