കെ.വി. തോമസിനെതിരായ അച്ചടക്ക സമിതിയുടെ ശിപാർശ സോണിയ ഗാന്ധി അംഗീകരിച്ചു -കെ.സി വേണുഗോപാൽ
text_fieldsതിരുവനന്തപുരം: കെ.വി. തോമസിനെതിരായ അച്ചടക്ക സമിതിയുടെ ശിപാർശ സോണിയ ഗാന്ധി അംഗീകരിച്ചെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. കെ.വി തോമസിന്‍റെ വിഷയത്തിൽ ഇനി ചോദ്യങ്ങൾക്ക് പ്രസക്തി ഇല്ലെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു.
അച്ചടക്കത്തിന്‍റെ കാര്യത്തിൽ നടപടി സ്വീകരിക്കേണ്ടതിന്‍റെ പരിപൂർണ ഉത്തരവാദിത്തം കോൺഗ്രസ് പ്രസിഡന്‍റിനാണ്. അച്ചടക്ക സമിതിയുടെ ശിപാർശ അതേപടി കോൺഗ്രസ് പ്രസിഡന്‍റ് അംഗീകരിച്ചിട്ടുണ്ട്. സ്ഥാനമാനങ്ങളിൽ നിന്നെല്ലാം അദ്ദേഹത്തെ നീക്കിയിട്ടുണ്ട്. ഇത്തരം കാര്യങ്ങളിൽ പിന്നീടൊരു ചർച്ചക്ക് പ്രസക്തിയേ ഇല്ല -കെ.സി വേണുഗോപാൽ മാധ്യമപ്രവർത്തകരോട് വ്യക്തമാക്കി.
നേതൃത്വത്തിന്റെ വിലക്ക് ലംഘിച്ച് കണ്ണൂരിലെ സി.പി.എം പാർട്ടി കോൺഗ്രസിൽ പങ്കെടുത്ത മുൻ കേന്ദ്രമന്ത്രിയും എ.ഐ.സി.സി അംഗവുമായ കെ.വി. തോമസിനെ പാർട്ടിയുടെ എല്ലാ പദവികളിൽ നിന്നും നീക്കംചെയ്യാനാണ് കോൺഗ്രസ് അച്ചടക്ക സമിതി ശിപാർശ ചെയ്തത്. എ.കെ. ആന്റണി അധ്യക്ഷനായ സമിതിയാണ് ശിപാർശ ചെയ്തത്.
ശശി തരൂരിനോടും കെ.വി. തോമസിനോടും പരിപാടിയിൽ പങ്കെടുക്കരുതെന്ന് കോൺഗ്രസ് ഹൈകമാൻഡ് നിർദേശം നൽകിയപ്പോൾ നേതൃത്വത്തെ മാനിച്ച് ശശി തരൂർ പിന്മാറിയെങ്കിലും തോമസ് നേതൃത്വത്തെ ധിക്കരിച്ച് മുന്നോട്ടുപോയി. ഇക്കാര്യം തോമസ് പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.