ഉത്രവധം: സൂരജിന്‍റെ അമ്മയെയും സഹോദരിയെയും ചോദ്യം ചെയ്തു
text_fieldsകൊല്ലം: അഞ്ചലിൽ ഉത്രയെ പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊന്ന കേസിൽ ഭർത്താവ് സൂരജിെൻറ മാതാവ് രേണുകയെയും സഹോദരി സൂര്യയെയും അന്വേഷണ സംഘം ചോദ്യംചെയ്ത ശേഷം വിട്ടയച്ചു. ഇരുവരെയും പറക്കോട്ടെ വീട്ടിൽനിന്നാണ് ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തത്. സൂരജിന്‍റെ കുടുംബാഗങ്ങളുടെ മൊഴിയിൽ വൈരുധ്യം കണ്ടെത്തിയതിനെ തുടർന്നായിരുന്നു പൊലീസിന്‍റെ നീക്കം.
തിങ്കളാഴ്ച സൂരജിന്‍റെ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ആദ്യഘട്ടത്തിൽ അന്വേഷണ സംഘം സൂരജിന്‍റെ വീട്ടുകാരെ ചോദ്യം ചെയ്തപ്പോൾ ഉത്രയുടെ വീട്ടുകാർ സ്വർണം കൊണ്ടുപോയെന്നാണ് പറഞ്ഞത്. പിന്നീട് സൂരജിന്‍റെ പിതാവിനെ ചോദ്യം ചെയ്തപ്പോഴാണ് കുഴിച്ചിട്ട 36 പവനോളം സ്വർണം കണ്ടെത്താനായത്. കൊട്ടാരക്കരയിലെ ക്രൈംബ്രാഞ്ച് ഓഫിസിൽ വിളിച്ചുവരുത്തിയാണ് സൂരജിന്‍റെ പിതാവ് സുരേന്ദ്രപ്പണിക്കരെ അറസ്റ്റ് ചെയ്തത്. ഉത്രയുടെ സ്വര്‍ണം വീട്ടുവളപ്പില്‍ കുഴിച്ചിട്ടതില്‍ സൂരജിന്‍റെ അമ്മ രേണുകക്കും പങ്കുണ്ടെന്ന് സുരേന്ദ്രന്‍ അന്വേഷണ സംഘത്തിന് മൊഴി നല്‍കി.
സ്വർണാഭരണങ്ങൾ ബാങ്ക് ലോക്കറിൽ നിന്ന് മാർച്ച് രണ്ടിനാണ് സൂരജ് എടുത്തത്. അന്ന് രാത്രിയിലാണ് ആദ്യം ഉത്രക്ക് പാമ്പുകടിയേറ്റത്. പാമ്പുകടിയേറ്റ് സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന ഉത്രയുടെ ശരീരത്തിൽ നിന്ന് 12 പവൻ ആഭരണങ്ങൾ സൂരജ് ഊരിയെടുത്തിരുന്നുവെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം.
അതേസമയം, ഉത്രയുടെ കൊലപാതകത്തിൽ കൂടുതൽ ആളുകൾക്ക് പങ്കുണ്ടെന്ന് ഉത്രയുടെ പിതാവ് വിജയ സേനൻ പറഞ്ഞു. അമ്മയും സഹോദരിയുമറിയാതെ സൂരജിന്‍റെ വീട്ടിൽ ഒന്നും നടക്കില്ല. ഭാര്യയെയും മകളെയും സംരക്ഷിക്കാനാണ് സുരേന്ദ്രന്‍റെ ശ്രമമെന്ന് സംശയമുണ്ട്. ഉത്രയുടെ കൂടുതൽ സ്വർണം കണ്ടെത്താനുണ്ടെന്നും പിതാവ് വിജയസേനന്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.