ഇബ്രാഹീംകുഞ്ഞിന് കുരുക്കായത് സൂരജിെൻറ മൊഴി
text_fieldsകൊച്ചി: പാലാരിവട്ടം മേൽപാലം അഴിമതിക്കേസിൽ മുൻ മന്ത്രി വി.കെ. ഇബ്രാഹീംകുഞ്ഞിന് കുരുക്കായത് പൊതുമരാമത്ത് മുൻ സെക്രട്ടറി ടി.ഒ. സൂരജിെൻറ മൊഴി. ക്രമക്കേടിൽ ഇബ്രാഹീംകുഞ്ഞിന് പങ്കുണ്ടെന്ന നിഗമനത്തിൽ വിജിലൻസ് എത്തിയതും അഞ്ചാം പ്രതിയാക്കിയതും ഈ മൊഴിയുടെ അടിസ്ഥാനത്തിലാണ്.
പാലം നിർമാണത്തിെൻറ പ്രാരംഭ ചെലവിന് മൊബിലിറ്റി അഡ്വാൻസ് എന്ന പേരിൽ കരാറുകാരായ ആർ.ഡി.എസ് കമ്പനിക്ക് 8.25 കോടി അനുവദിച്ചത് ഇബ്രാഹീംകുഞ്ഞിെൻറ ഉത്തരവിൽ ആണെന്നാണ് സൂരജിെൻറ മൊഴി. പാലം നിർമാണവുമായി ബന്ധപ്പെട്ട എല്ലാ കാര്യവും മന്ത്രിക്ക് അറിയാമെന്നും സൂരജ് ആവർത്തിച്ചു. നിർമാണ ഘട്ടങ്ങളിലെല്ലാം മന്ത്രിയുടെ ഇടപെടലും നിർദേശവുമുണ്ടായിരുന്നു. മുൻകൂർ പണം ആവശ്യപ്പെട്ട് ആർ.ഡി.എസ് എം.ഡി സുമിത് ഗോയൽ പൊതുമരാമത്ത് സെക്രട്ടറി, അസി. സെക്രട്ടറി, അഡീഷനൽ സെക്രട്ടറി, ഡെപ്യൂട്ടി സെക്രട്ടറി എന്നിവർക്ക് അപേക്ഷ നൽകി. ഇത് മന്ത്രിയുടെ തീരുമാനത്തിന് കൈമാറി. പലിശയില്ലാതെ 8,25,59,768 രൂപ അനുവദിക്കാനായിരുന്നു മന്ത്രിയുടെ നിർദേശം. എന്നാൽ, ഏഴ് ശതമാനം പലിശ ഈടാക്കാൻ തീരുമാനിച്ച് ആദ്യ നാല് ബില്ലുകളിൽനിന്നായി പലിശ സഹിതം അഡ്വാൻസ് തുക തിരിച്ചുപിടിച്ചതായും സൂരജ് മൊഴി നൽകി.
എന്നാൽ, ഈ വാദങ്ങൾ തള്ളിയ ഇബ്രാഹീംകുഞ്ഞ്, ഉദ്യോഗസ്ഥരുമായി കൂടിയാലോചിച്ചാണ് എല്ലാ കാര്യങ്ങളും തീരുമാനിച്ചതെന്നാണ് മൊഴി നൽകിയത്. ഉദ്യോഗസ്ഥർ പരിശോധിച്ചശേഷം വന്ന ഫയലിൽ പണം കൈമാറാൻ ശിപാർശ ഉണ്ടായിരുന്നതായി അദ്ദേഹം പറഞ്ഞു. അതേസമയം, നാല് ഉദ്യോഗസ്ഥരും മന്ത്രിയും ഒറ്റദിവസംതന്നെ ഫയലിൽ ഒപ്പിടുകയും തൊട്ടടുത്ത ദിവസം പണം അനുവദിച്ച് ഉത്തരവിറങ്ങുകയും ചെയ്തതിൽ ദുരൂഹതയുണ്ടെന്നാണ് വിജിലൻസ് നിലപാട്. മുൻകൂർ പണം നൽകുമെന്ന കാര്യം മറ്റ് കമ്പനികളിൽനിന്ന് മറച്ചുവെച്ചത് ആർ.ഡി.എസിന് മാത്രം ടെൻഡറിൽ പങ്കെടുക്കാൻ അവസരമൊരുക്കാനാണെന്നും അവർ ചൂണ്ടിക്കാട്ടുന്നു.
ഇബ്രാഹീംകുഞ്ഞിനും സൂരജിനും പുറമെ ആർ.ഡി.എസ് എം.ഡി സുമിത് ഗോയൽ, റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്മെൻറ് കോർപറേഷൻ മുൻ അസി. മാനേജർ എം.ടി. തങ്കച്ചൻ, കിറ്റ്കോ മുൻ ജോയൻറ് ജനറൽ മാനേജർ ബെന്നി പോൾ, കിറ്റ്കോ ചീഫ് ഡിസൈനർ നിഷ തങ്കച്ചി, സ്ട്രക്ചറൽ എൻജിനീയർ ഷാലിമാർ, പാലം രൂപകൽപന ചെയ്ത നാഗേഷ് കൺസൾട്ടൻസി ഡിസൈനർ മഞ്ജുനാഥ് എന്നിവരാണ് കേസിലെ മറ്റ് പ്രതികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.