ആശ്വാസ വേനൽമഴ; ചുട്ടുപൊള്ളി ഉത്തര കേരളം
text_fieldsതൃശൂർ: വേനൽമഴ ആശ്വാസം ആയെങ്കിലും ഉത്തരകേരളം ഇപ്പോഴും ചുട്ടുപൊള്ളുകയാണ്. വടക്കൻ ജില്ലകളിൽ മഴ വല്ലാതെ കുറഞ്ഞതിനാൽ ചൂടിന് ശമനമായിട്ടില്ല. 53 മില്ലിമീറ്റർ മഴ ലഭിക്കേണ്ട കണ്ണൂരിൽ 2.2 മില്ലിമീറ്റർ ആണ് ലഭിച്ചത്. കഴിഞ്ഞ ദിവസം വരെ 100 ശതമാനമായിരുന്ന മഴക്കമ്മി ഇന്നലെയാണ് കണ്ണൂരിൽ 96 ആയി മാറിയത്. കാസർകോട് 96 ശതമാനമാണ് മഴക്കമ്മി. കോഴിക്കോടിത് 88 ശതമാനമാണ് കുറവ്. മലപ്പുറത്ത് അങ്ങിങ്ങ് മഴ ലഭിച്ചെങ്കിലും 83 ശതമാനമാണ് മഴക്കമ്മി. ഉത്തരകേരളത്തിൽ വേനൽമഴ വല്ലാതെ കുറഞ്ഞതാണ് ഇത്രമേൽ ചുട്ടുപൊള്ളാൻ കാരണം. തിരുവനന്തപുരം 79 ശതമാനം കമ്മിയുണ്ട്. തൃശൂരിൽ -77ഉം കനത്ത ചൂടുള്ള പാലക്കാട് (-50) മഴക്കമ്മിയിൽ പിന്നാലെയുണ്ട്. കൊല്ലം (-33), ആലപ്പുഴ (-31) എന്നിവ കമ്മിയിൽ കുറഞ്ഞ ജില്ലകളാണ്.
അതേസമയം, നാല് ജില്ലകളിൽ മാത്രമാണ് ശരാശരി മഴ ലഭിച്ചത്. പത്തനംതിട്ടയിൽ ഒരു ശതമാനത്തിന്റെ കുറവ് മാത്രമാണുള്ളത്. കോട്ടയം (-20)ൽനിന്ന് കഴിഞ്ഞ ദിവസം മാത്രം ലഭിച്ച മഴയിൽ -02 എത്തി ശരാശരിയായി. വയനാട് -04, ഇടുക്കി -12 ശരാശരി മഴ ജില്ലകളാണ്. മാർച്ച് ഒന്നു മുതൽ എപ്രിൽ 26 വരെ 120 മി.മീ. മഴയാണ് കേരളത്തിന് ലഭിക്കേണ്ടത്. 63.3 മി.മീ. മഴയാണ് ഇതുവരെ ലഭിച്ചത്. -47 ശതമാനം കുറവാണ് ഇതുവരെയുള്ളത്. അതേസമയം, വേനൽമഴക്ക് തുടക്കം കുറിച്ചതോടെ ചൂടിന് അൽപം ശമനമുണ്ടായി. എന്നാൽ, മഴയുടെ പ്രാദേശിക വിഭജനം മൂലം മേഖലാടിസ്ഥാത്തിൽപോലും തിരിക്കാനാവാത്ത സാഹചര്യമാണുള്ളത്. ശരാശരി മഴ ലഭിച്ച പത്തനംതിട്ട, വയനാട്, ഇടുക്കി ജില്ലകളിൽ ഒഴികെ ബാക്കി 11 ജില്ലകളിലും പരക്കെ മഴയില്ല. ഈ മൂന്നു ജില്ലകളിലും കാറ്റിന്റെ സംയോജനം സാധ്യമാവുന്നതാണ് മഴ പരക്കെ ലഭിക്കാൻ കാരണം. വരുന്ന മൂന്ന് ദിവസങ്ങളിലും മഴ സമാനമായി ലഭിക്കുമെന്നാണ് കാലാവസ്ഥ ഗവേഷകരുടെ നിരീക്ഷണം. കൂമ്പാര മേഘരൂപവത്കരണം നടക്കുന്നുണ്ടെങ്കിലും ഉയർന്നുപൊങ്ങിയ കൂമ്പാര മഴമേഘങ്ങൾ ആകാശത്ത് കാണാനില്ല. ഇത് മഴയുടെ സജീവതയെ ബാധിക്കുന്നതായി കാലാവസ്ഥ വ്യതിയാന ഗവേഷകൻ ഡോ. ചോലയിൽ ഗോപകുമാർ ‘മാധ്യമ’ത്തോട് പറഞ്ഞു.
കേരളത്തിൽ ലഭിക്കുന്ന ആകെ മഴയുടെ 14 ശതമാനം മാത്രമേ വേനൽമഴയുള്ളൂ. മാർച്ച് മുതൽ മേയ് വരെ കാലയളവിലെ വേനൽമഴയുടെ 65 ശതമാനവും മേയിൽ ലഭിക്കുകയാണ് പതിവ്. അതുകൊണ്ടുതന്നെ മഴയുടെ ഇടർച്ചയില്ലാത്ത തുടർച്ചയാണ് പ്രതീക്ഷിക്കുന്നത്. അതേസമയം അനുകൂലമായ സാഹചര്യം വല്ലാതെയില്ല. അങ്ങനെ വന്നാൽ മേയിലും കനത്ത ചൂടായിരിക്കും കാത്തിരിക്കുന്നത്.
കഴിഞ്ഞ നാല് വർഷങ്ങളിലും വേനൽമഴ തകർത്തതിനാൽ കേരളം വല്ലാതെ ചുട്ടുപൊള്ളിയിരുന്നില്ല. 2008 മാർച്ചിൽ തുടർച്ചയായ രണ്ടാഴ്ച അസ്വാഭാവികമായ കനത്ത മഴ ലഭിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.