രുചിക്ക് പിന്നിലെ സങ്കടങ്ങൾ...
text_fieldsതൊടുപുഴ: കുറഞ്ഞ കൂലി നൽകി കൂടുതൽ സമയം ജോലി ചെയ്യിക്കുക, ഇരിക്കാന്‍ അനുവദിക്കാതെ തുടര്‍ച്ചയായി നിര്‍ത്തി ജോലി ചെയ്യിക്കുക, സൗന്ദര്യം കുറയുന്ന വേളയില്‍ ജോലിയില്‍ നിന്നും പിരിച്ചു വിടുക തുടങ്ങി തങ്ങൾ തൊഴിലിടങ്ങളിൽ നേരിടുന്ന പ്രശ്നങ്ങൾ ചർച്ച ചെയ്ത് സ്ത്രീ തൊഴിലാളികൾ.
ഹോട്ടല്‍ തൊഴിലാളികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ സംബന്ധിച്ച് കേരള വനിതാ കമീഷന് തൊടുപുഴ മുന്‍സിപ്പല്‍ ടൗണ്‍ ഹാളില്‍ സംഘടിപ്പിച്ച പബ്ലിക് ഹിയറിങ്ങിലാണ് തങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ തൊഴിലാളികൾ അവതരിപ്പിച്ചത്.
വനിതാ കമ്മിഷന് അധ്യക്ഷ അഡ്വ. പി. സതീദേവി ഉദ്ഘാടനം ചെയ്തു . തൊടുപുഴ നഗരസഭ ചെയര്മാന് സനീഷ് ജോര്‍ജ് അധ്യക്ഷത വഹിച്ചു. വനിതാ കമ്മിഷന് അംഗങ്ങളായ അഡ്വ. എലിസബത്ത് മാമ്മന്‍ മത്തായി, അഡ്വ. ഇന്ദിരാ രവീന്ദ്രന്, വി.ആര്. മഹിളാമണി, അഡ്വ. പി. കുഞ്ഞായിഷ, ഡയറക്ടര്‍ ഷാജി സുഗുണന്, ജില്ലാ ലേബര്‍ ഓഫീസര്‍ ആര്. സ്മിത, അസിസ്റ്റന്റ് ലേബര്‍ ഓഫിസര്‍ അബി സെബാസ്റ്റ്യന്‍, വനിതാ കമ്മിഷന് റിസര്‍ച്ച് ഓഫിസര്‍ എ.ആര്. അര്‍ച്ചന എന്നിവര്‍ സംസാരിച്ചു.
കേരളത്തിലെ ഹോട്ടല്‍ തൊഴിലാളികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ച ഡെപ്യുട്ടി ലേബര്‍ ഓഫിസര്‍ പി.എം. ഫിറോസ് നയിച്ചു.
കൂറഞ്ഞ കൂലി കൂടുതൽ ജോലി
കുറഞ്ഞ കൂലി നല്കി കൂടുതല്‍ സമയം ജോലി ചെയ്യിപ്പിക്കാന്‍ തൊഴില്‍ ഉടമകള്‍ നിര്‍ബന്ധിക്കുന്നുണ്ടെന്ന് സ്ത്രീ തൊഴിലാളികളുടെ പരാതി. ആര്‍ത്തവ കാലത്ത് സ്ത്രീകള്‍ക്ക് ആവശ്യമായ വിശ്രമം ഇടവേളകളില്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ടു.
തൊഴിലെടുക്കുന്ന സ്ത്രീകളോടുള്ള പുരുഷന്മാരുടെ മനോഭാവം മാറണം തുടങ്ങിയ അഭിപ്രായങ്ങളും പബ്ലിക്ക് ഹിയറിങ്ങിൽ ഉയർന്നു വന്നു. 10 മുതല്‍ 20 പേര് വരെ ജോലി ചെയ്യുന്ന എല്ലാ സ്ഥാപനങ്ങളിലും എമര്‍ജന്‍സി മെഡിക്കല്‍ കിറ്റ് അല്ലെങ്കില്‍ മെഡിക്കല്‍ യൂണിറ്റിന്റെ സേവനം ആവശ്യമാണ്.
പാര്‍ട്ട് ടൈം സ്വീപ്പേഴ്സിനെ കൂടുതല്‍ സമയം ജോലി ചെയ്യിക്കുന്നു. ഇവരെ കൊണ്ട് ഇതര ജോലികളും ചെയ്യിക്കുന്നു എന്നീ പരാതികളും ഉയർന്നു. തൊഴിലിടങ്ങളില്‍ ജീവനക്കാര്‍ക്ക് ഇടവേളകളില്‍ ഇരുന്ന് വിശ്രമിക്കുന്നതിന് കേരള സര്‍ക്കാര്‍ നടത്തിയ നിയമനിര്‍മാണം വിപ്ലവകരമാണെന്ന് പബ്ലിക് ഹിയറിംഗ് വിലയിരുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.