അണിയറയിൽ ഇ.പി
text_fieldsകണ്ണൂർ: ഇക്കുറി അങ്കത്തിൽ ഇല്ലാത്തവരുടെ പട്ടികയിൽ പ്രധാനിയാണ് ഇ.പി. ജയരാജൻ. മന്ത്രിസഭയിലെ രണ്ടാമൻ. സി.പി.എമ്മിനെ നിയന്ത്രിക്കുന്ന കണ്ണൂർ ലോബിയിലെ പ്രബലൻ. ഇതൊക്കെയാണെങ്കിലും ഭരണത്തുടർച്ചക്കായുള്ള പോരാട്ടത്തിെൻറ അരങ്ങിൽ ഇ.പി ഇല്ല. പേക്ഷ, അണിയറയിലുണ്ട്. ഇക്കുറി പ്രചാരണവേദികളിൽ അദ്ദേഹത്തെ അധികം കണ്ടില്ല. എന്നാൽ, തെരഞ്ഞെടുപ്പ് ഒരുക്കങ്ങളുമായി ബന്ധപ്പെട്ട വിവിധ പാർട്ടി കമ്മിറ്റികളിൽ എല്ലാ ദിവസവും ഹാജരുണ്ട്. കണ്ണൂർ ജില്ലയുടെ തെരഞ്ഞെടുപ്പ് ചുമതല പാർട്ടി ഇ.പിയെയാണ് ഏൽപിച്ചിരിക്കുന്നത്. അത് ഏറ്റെടുത്തതിൽപിന്നെ അദ്ദേഹം ജില്ലക്ക് പുറത്തുപോയിട്ടില്ല.
മാധ്യമങ്ങൾക്കു മുന്നിൽ വരാൻ മടിയുള്ള നേതാവായിരുന്നില്ല അദ്ദേഹം. ഏതു വിഷയത്തിലും വെട്ടിത്തുറന്ന് പ്രതികരിക്കുന്നതാണ് ശൈലി. എന്നാൽ, ഈ തെരഞ്ഞെടുപ്പ് കാലത്ത് കാണുന്ന ഇ.പി അതല്ല. കാമറകൾക്കു മുന്നിൽ വരുന്നേയില്ല. സ്ഥാനാർഥി പ്രഖ്യാപനത്തിനുശേഷം ഇതാദ്യമായി അദ്ദേഹം മാധ്യമങ്ങളെ കണ്ടത് ചൊവ്വാഴ്ചയാണ്. എൽ.ഡി.എഫിെൻറ കണ്ണൂർ മണ്ഡലം തെരഞ്ഞെടുപ്പ് പ്രകടനപത്രികയുടെ പ്രകാശനച്ചടങ്ങിനിടെ, പറഞ്ഞതാകട്ടെ, ഇ.പിയുടെ പിൻവാങ്ങലിനെക്കുറിച്ച് പുതിയ ചർച്ചക്ക് തുടക്കമിടുന്നതുമായി.
മാറിനിൽക്കാൻ പ്രേരിപ്പിക്കുന്ന കാരണം എന്താകും? വയസ്സായതും ആരോഗ്യപ്രശ്നവുമൊക്കെയാണ് അദ്ദേഹം വിശദീകരിക്കുന്നത്. 70കാരനായ ഇ.പിക്ക് ആരോഗ്യപ്രശ്നങ്ങൾ അലട്ടുന്നുെവന്നത് നേര്. എന്നാൽ, പ്രായത്തെ മറികടക്കുന്ന ഊർജം അദ്ദേഹത്തിെൻറ പ്രത്യേകതയാണ്. മട്ടന്നൂരിൽ മൂന്നാമങ്കം ആഗ്രഹിച്ചിരുന്നുെവന്നതാണ് കേൾവി. അത് നിഷേധിക്കപ്പെട്ടതിനോടുള്ള സ്വാഭാവിക പ്രതികരണമാകാമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇത്തവണ മത്സരിക്കാൻ പറ്റാത്ത നിരാശയിലാണ് ഈ പറയുന്നതെന്ന് മാധ്യമങ്ങൾ വ്യാഖ്യാനിച്ചാൽ എനിക്ക് പരാതിയില്ലെന്നാണ് ഇതേക്കുറച്ച് അദ്ദേഹത്തിെൻറ പ്രതികരണം.
തെരഞ്ഞെടുപ്പ് രാഷ്ട്രീയം അവസാനിപ്പിച്ച് പാർട്ടി പ്രവർത്തനത്തിലേക്ക് മാറുകയാണെന്നുകൂടി പറയുന്നുണ്ട്. അണിയറയിലേക്കു മാറുന്ന ഇ.പി. ജയരാജൻ പാർട്ടി സെക്രട്ടറി സ്ഥാനത്തേക്ക് കോടിയേരി ബാലകൃഷ്ണെൻറ പിൻഗാമിയായി സ്വയം പ്രതിഷ്ഠിക്കുകകൂടിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.