സൗമ്യ വധക്കേസിന് അന്ത്യം തിരുത്തില്ല; ഗോവിന്ദച്ചാമിക്ക് ജീവപര്യന്തം തന്നെ
text_fieldsന്യൂഡൽഹി: സൗമ്യ വധക്കേസിൽ പ്രതി ഗോവിന്ദച്ചാമിയുടെ കൊലക്കുറ്റവും വധശിക്ഷയും റദ്ദാക്കിയ വിധിക്കെതിരെ സംസ്ഥാന സർക്കാർ സമർപ്പിച്ച തിരുത്തൽ ഹരജി സുപ്രീംകോടതി തള്ളി. ഹരജി തുറന്ന കോടതിയിൽ പരിഗണിക്കണമെന്ന കേരളത്തിെൻറ പ്രത്യേക അപേക്ഷയും ഇതോടൊപ്പം സുപ്രീംകോടതി നിരാകരിച്ചു. കോളിളക്കം സൃഷ്ടിച്ച സൗമ്യവധക്കേസിലെ നിയമയുദ്ധങ്ങൾക്ക് ഇേതാടെ അന്ത്യമായി. ഗോവിന്ദച്ചാമിയുടെ ശിക്ഷ ജീവപര്യന്തത്തിൽ ഒതുങ്ങി.
അഭിഭാഷകർക്കും കക്ഷികൾക്കും പ്രവേശനമില്ലാതിരുന്ന അടച്ചിട്ട ചേംബറിൽ വ്യാഴാഴ്ച പരിഗണിച്ച ഹരജി തള്ളിയെന്ന് വെള്ളിയാഴ്ച വൈകീട്ട് പുറപ്പെടുവിച്ച വിധിയിൽ സുപ്രീംകോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് ജെ.എസ്. ഖെഹാറിെൻറ നേതൃത്വത്തിലുള്ള ആറംഗ ബെഞ്ച് േചംബറിൽ പരിഗണിച്ചാണ് ഹരജി തള്ളിയത്. ചീഫ് ജസ്റ്റിസിന് പുറമെ ജസ്റ്റിസുമാരായ ദീപക് മിശ്ര, ജെ. ചെലമേശ്വർ, രഞ്ജൻ ഗൊഗോയി, പ്രഫുല്ല സി. പന്ത്, യു.യു. ലളിത് എന്നിവരടങ്ങുന്ന ആറംഗ ബെഞ്ചാണ് സൗമ്യകേസിലെ അവസാന ഹരജി പരിഗണിച്ചത്. ഇതിൽ ജസ്റ്റിസുമാരായ രഞ്ജൻ െഗാഗോയിയും യു.യു. ലളിതുമാണ് ഗോവിന്ദച്ചാമിയെ കൊലക്കുറ്റത്തിൽനിന്ന് ഒഴിവാക്കി വിധി പുറപ്പെടുവിച്ചത്.
തിരുത്തൽ ഹരജിയും അതിനോടൊപ്പം സമർപ്പിച്ച അനുബന്ധ രേഖകളും പരിശോധിച്ചപ്പോൾ സുപ്രീംകോടതി മുമ്പ് നിശ്ചയിച്ച മാനദണ്ഡങ്ങൾ പ്രകാരം ഇൗ ഹരജിയിലെ വാദം നിലനിൽക്കില്ലെന്ന് ഉത്തരവിൽ ചൂണ്ടിക്കാട്ടി. അതിനാൽ, തിരുത്തൽ ഹരജി തള്ളുകയാണെന്നും കോടതി കൂട്ടിച്ചേർത്തു. അടച്ചിട്ട ചേംബറിൽ അഭിഭാഷകരില്ലാതെ പരിഗണിക്കുന്നതിനുപകരം തുറന്ന കോടതിയിൽ വാദത്തിന് അവസരം നൽകണമെന്ന കേരള സർക്കാറിെൻറ അപേക്ഷ തള്ളുകയാണെന്നും ബെഞ്ച് വ്യക്തമാക്കി. കേസിൽ സംസ്ഥാന സർക്കാർ സമർപ്പിച്ച പുനഃപരിശോധന ഹരജി സുപ്രീംകോടതി പരിഗണിച്ചത് തുറന്ന മനസ്സോടെയല്ലെന്ന് കേരളം തിരുത്തൽ ഹരജിയിൽ ബോധിപ്പിച്ചിരുന്നു.
സർക്കാറും സൗമ്യയുടെ അമ്മ സുമതിയും സമർപ്പിച്ച പുനഃപരിശോധനാ ഹരജികൾ നവംബർ 11ന് സുപ്രീംകോടതി തള്ളിയതിനെ തുടർന്നാണ് നിയമപോരാട്ടത്തിലെ അവസാനത്തെ വഴിയും അവലംബിക്കാൻ സർക്കാർ തീരുമാനിച്ചത്. സൗമ്യയുടെ ശരീരത്തിലെ പ്രധാനപ്പെട്ട രണ്ടു മുറിവുകളിൽ ഒന്നിെൻറ ഉത്തരവാദി ഗോവിന്ദച്ചാമിയാണെന്ന് അംഗീകരിച്ച സുപ്രീംകോടതി പ്രതിക്കെതിരെ മാനഭംഗക്കുറ്റവും തെളിഞ്ഞുവെന്ന് നേരത്തേ പുറപ്പെടുവിച്ച വിധിയിൽ പറഞ്ഞിരുന്നു. എന്നാൽ, സൗമ്യ ട്രെയിനിൽനിന്ന് വീണതുമൂലമുണ്ടായ മുറിവിെൻറ ഉത്തരവാദിത്തം ഗോവിന്ദച്ചാമിയിൽ ആരോപിക്കാൻ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി വധശിക്ഷയിൽനിന്നും അതിനാസ്പദമായ കൊലക്കുറ്റത്തിൽനിന്നും ഗോവിന്ദച്ചാമിയെ ജസ്റ്റിസുമാരായ രഞ്ജൻ ഗൊഗോയിയും യു.യു. ലളിതും ഒഴിവാക്കുകയായിരുന്നു.
അതിനെതിരെ സമർപ്പിച്ച പുനഃപരിശോധന ഹരജിയും തള്ളിയ ഇേത ബെഞ്ച് വിധിയെ വിമർശിച്ച ജസ്റ്റിസ് മാർകണ്ഡേയ കട്ജുവിനെ വിളിച്ചുവരുത്തുകയും കട്ജുവിനെതിരെ കോടതിയലക്ഷ്യ നടപടി തുടങ്ങുകയും ചെയ്തു. ഇത്തരം സംഭവങ്ങൾ കോടതിയുടെ ഭാഗത്തുനിന്നുണ്ടായപ്പോൾ സംസ്ഥാന സർക്കാറിെൻറ വാദങ്ങൾ ബെഞ്ച് കണക്കിലെടുത്തിട്ടില്ലെന്നും അതിനാൽ തിരുത്തൽ ഹരജി തുറന്ന മനസ്സോടെ പരിഗണിക്കണമെന്നും കേരളം ആവശ്യപ്പെട്ടിരുന്നു. ജസ്റ്റിസ് മാർകണ്ഡേയ കട്ജുവിനെതിരായ കോടതിയലക്ഷ്യ നടപടികൾ അദ്ദേഹം മാപ്പ് അപേക്ഷിച്ചതിനെ തുടർന്ന് അവസാനിപ്പിച്ചതിന് പിറകെയായിരുന്നു കേരളത്തിെൻറ തിരുത്തൽ ഹരജി. 2011 ഫെബ്രുവരി ഒന്നിനാണ് സൗമ്യ ആക്രമണത്തിനിരയായത്. ചികിത്സയിലിരിക്കെ ആറിന് മരിച്ചു.
നീതികിട്ടുമെന്ന പ്രതീക്ഷ അസ്ഥാനത്തായി ^അമ്മ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.