സൗമ്യകേസിൽ വീണ്ടും വിവാദം, പുനർവിചാരണ വേണമെന്ന്
text_fieldsതൃശൂർ: സൗമ്യ വധകേസിൽ പ്രതി ഗോവിന്ദച്ചാമിക്ക് വധശിക്ഷ നൽകാതിരിക്കാൻ കാരണമായത് ഫോറൻസിക് സർജൻ ഡോ.ഷേർളി വാസുവിെൻറ മൊഴിയെന്ന് സൂചന. സൗമ്യയുടെ നെറ്റിയിലെ ക്ഷതം മരണകാരണമാകണമെന്നില്ലെന്നാണ് ഷേര്‍ളി മൊഴി നല്‍കിയത്. കൊലപാതകക്കുറ്റം സ്ഥാപിക്കുന്നതില്‍ പ്രോസിക്യൂഷന് തിരിച്ചടിയായത് ഈ മൊഴിയാണെന്നാണ് നിയമവിദഗ്ധരുടെ അഭിപ്രായം.
ഷേർളിയുടെ മൊഴിപ്പകർപ്പ് പുറത്തു വന്നതോടെ, സൗമ്യകേസിൽ പുനർവിചാരണ ആവശ്യപ്പെട്ട് കേരള മെഡിക്കോ ലീഗൽ സൊസൈറ്റി രംഗത്തെത്തി. ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കിയതിനെതിരെ സർക്കാർ നൽകിയ തിരുത്തൽ ഹരജി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും വിവാദവും പുനർവിചാരണ എന്ന ആവശ്യവും ഉയരുന്നത്. നേരത്തെ സൗമ്യയുടെ പോസ്റ്റ്മോർട്ടവും വിവാദമായിരുന്നു. ഡോ.ഉൻമേഷിെൻറയും ഡോ.രാജേന്ദ്രപ്രസാദിെൻറയും നേതൃത്വത്തിലായിരുന്നു പോസ്റ്റ്മോർട്ടമെന്നും, ഡോ.ഷേർളി വാസു വൈകിയാണ് പോസ്റ്റ്മോർട്ടത്തിൽ പങ്കെടുത്തതെന്നുമുള്ള ആരോപണമുണ്ടായിരുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് സംബന്ധിച്ച് വിചാരണക്കോടതിയിലെ പരാമർശത്തിൽ ഡോ.ഉന്മേഷിനെതിരെ നടപടിയെടുത്തിരുന്നു. ഡോ.ഷേർളി വാസുവിനെതിരെ ഡോ.ഉന്മേഷ് നൽകിയ മാനനഷ്ടക്കേസ് തൃശൂർ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടെ പരിഗണനയിലാണ്.
2011 ഫെബ്രുവരി ആറിനാണ് സൗമ്യ മരിച്ചത്. 2011 ജൂൈല 12ന് തൃശൂര്‍ അതിവേഗ കോടതിയില്‍ ഡോ. ഷേര്‍ളി വാസു നല്കിയ മൊഴിയിലാണ് സൗമ്യയുടെ മരണകാരണം പറയുന്നത്. രണ്ട് പ്രധാന മുറിവുകളാണ് ഉണ്ടായിരുന്നത്. ഇതിൽ നെറ്റിയിലേറ്റ ക്ഷതം മരണകാരണമാകാവുന്നതല്ലെന്നാണ് മൊഴി. തലക്ക് മന്ദത ഉണ്ടാകാനും പ്രതികരണശേഷി നഷ്ടമാകുന്ന അവസ്ഥയിലേക്ക് എത്തിക്കാനും കഴിയുന്നതാണ് ഈ മുറിവുകൾ. തല തുടര്‍ച്ചയായും ശക്തിയായും മുന്നോട്ടും പിറകോട്ടും ശക്തിയുള്ള പ്രതലത്തില്‍ ഇടിച്ചാല്‍ മാത്രമെ ഇത്തരം മുറിവുണ്ടാകൂ. ഇതുണ്ടാക്കിയത് ഗോവിന്ദച്ചാമിയാണെന്ന് കണ്ടെത്തിയിരുന്നു.
മുഖവും താടിയെല്ലുകളും തകർന്നതും രക്തസ്രാവവുമാണ് മരണകാരണം. എന്നാല്‍ രണ്ടാമത്തെ മുറിവിന് കാരണക്കാരൻ ഗോവിന്ദച്ചാമിയാണെന്ന് തെളിയിക്കാൻ കഴിഞ്ഞില്ല. ഒന്നാം മുറിവ് മരണകാരണമാകില്ലെന്ന മൊഴി തിരിച്ചടിയായത് അങ്ങനെയാണ്. മുറിവുകള്‍ മരണകാരണം ആകാമെന്നാണ് മൊഴിയെങ്കില്‍ കൊലപാതകക്കുറ്റം സ്ഥാപിക്കാമായിരുന്നെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു. ഈ കാരണം പറഞ്ഞായിരുന്നു സുപ്രീംകോടതി വിധിയിൽ മാറ്റമില്ലെന്ന് വ്യക്തമാക്കി തള്ളിയത്. ഈ സാഹചര്യത്തിലാണ് മെഡിക്കോ ലീഗൽ സൊസൈറ്റി രംഗത്തെത്തിയത്.
ഡോ.ഷേർളി വാസുവിെൻറ കണ്ടെത്തലുകളെ തള്ളി, സൗമ്യകേസിൽ പുനർവിചാരണ നടത്തണമെന്ന് ജനറൽ സെക്രട്ടറി ഡോ.ഹിതേഷ് ശങ്കർ ആവശ്യപ്പെട്ടു. ഡോ.ഉന്മേഷിനെയും, ഡോ.രാജേന്ദ്രപ്രസാദിനെയും പ്രോസിക്യൂഷൻ സാക്ഷിയായി ഉൾപ്പെടുത്തിെയങ്കിലും വിസ്തരിക്കാത്തത് കേസിനെ ബാധിച്ചു. പുനർ വിചാരണ അനുമതി തേടേണ്ടതിന് പകരം തിരുത്തൽ ഹരജി നൽകിയതുകൊണ്ട് ഗുണമുണ്ടാവില്ലെന്ന് സർക്കാറിന് നിയമോപദേശം നൽകാൻ കഴിയാതിരുന്നതാണ് മൂന്ന് തവണയും സുപ്രീംകോടതിയിൽ നിന്ന് തിരിച്ചടിയായത്.
വിചാരണകോടതിയിലും, സുപ്രീംകോടതിയിലും നൽകിയ മൊഴികളിൽ വൈരുധ്യമുണ്ട്. കേസ് ശരിക്കും പഠിക്കാതെ തുറന്ന കോടതിയിൽ അവതരിപ്പിക്കാതിരുന്നതും ദുരൂഹമാണ്. മാധ്യമശ്രദ്ധ കൂടി കേസിൽ ലഭിച്ചപ്പോൾ സ്പെഷൽ പ്രോസിക്യൂട്ടർ അഡ്വ.സുരേശനും, ഡോ.ഷേർളി വാസുവിനും വിധി നേടുന്നത് എളുപ്പമാക്കി. ഡോ.രാജേന്ദ്രപ്രസാദും, ഡോ.ഉന്മേഷും തയാറാക്കിയ റിപ്പോർട്ട് കമ്പ്യൂട്ടർ ഹാർഡ് ഡിസ്കിൽ നിന്ന് കണ്ടെത്തണം. പ്രോസിക്യൂഷൻ പിഴവ് ഏറ്റുപറഞ്ഞ് യഥാർഥ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ഹാജരാക്കി പുനർവിചാരണ നടത്തിയാൽ കൊലപാതകക്കുറ്റം നിലനിർത്താം. ഉന്നതതല ഗൂഢാലോചന കേസിൽ നടെന്നന്നും കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്നും ഹിതേഷ് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.