സൗമ്യ വധം: പ്രോസിക്യൂഷന്‍ കേസ് ദുര്‍ബലമാക്കി –സുപ്രീംകോടതി
text_fieldsന്യൂഡല്‍ഹി: സൗമ്യ വധക്കേസ് പ്രോസിക്യൂഷന്‍ തന്നെയാണ് ദുര്‍ബലപ്പെടുത്തിയതെന്ന് സുപ്രീംകോടതി. അതുകൊണ്ടാണ് ഗോവിന്ദച്ചാമിക്കെതിരെ കൊലക്കുറ്റത്തിന് തെളിവില്ലാതെപോയതെന്ന് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ നേതൃത്വത്തിലെ ബെഞ്ച് അഭിപ്രായപ്പെട്ടു. പ്രോസിക്യൂഷന്‍െറ തെളിവുകള്‍ പ്രതിക്ക് അനുകൂലമായി മാറിയെന്ന് കോടതി ചൂണ്ടിക്കാണിച്ചപ്പോള്‍ ഉത്തരംമുട്ടിയ മുതിര്‍ന്ന അഭിഭാഷകര്‍ കേസ് പഠിച്ചുവരാന്‍ സമയം നീട്ടിച്ചോദിച്ചു. ചോദിക്കുന്നത്ര സമയം തരാമെന്നും തെളിവുമായി വരണമെന്നുമായിരുന്നു കോടതിയുടെ മറുപടി. വധശിക്ഷ റദ്ദാക്കിയ വിധിയില്‍ തെറ്റുണ്ടെന്ന് തെളിയിച്ചാല്‍ തിരുത്താന്‍ തയാറാണെന്നും കോടതി പറഞ്ഞു.
സൗമ്യ വധക്കേസില്‍ കേരള സര്‍ക്കാറും സൗമ്യയുടെ മാതാവ് സുമതിയും നല്‍കിയ പുന$പരിശോധന ഹരജി പരിഗണിച്ചപ്പോഴാണ് കോടതി ഇങ്ങനെ പറഞ്ഞത്.
കേരള സര്‍ക്കാറിനുവേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ കെ.ടി.എസ്. തുളസിയും സൗമ്യയുടെ മാതാവ് സുമതിക്കുവേണ്ടി സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് എ.എം. അഹ്മദിയുടെ മകന്‍ ഹുദൈഫ് അഹ്മദിയുമാണ് വെള്ളിയാഴ്ച ഹാജരായത്. അതേസമയം ഗോവിന്ദച്ചാമിയുടെ അഭിഭാഷകന്‍ അഡ്വ. ബി.എ. ആളൂര്‍ വെള്ളിയാഴ്ച സുപ്രീംകോടതിയില്‍ വന്നില്ല. സൗമ്യയെ ഗോവിന്ദച്ചാമി കൊലപ്പെടുത്തിയെന്ന് സംശയതാതീതമായി തെളിയിക്കാന്‍ ഒരു മണിക്കൂര്‍ നീണ്ട വാദത്തിനൊടുവിലും കഴിയാതെവന്നപ്പോഴാണ് രണ്ട് മുതിര്‍ന്ന അഭിഭാഷകരും സമയം ചോദിച്ചത്.അതേസമയം, കേസ് സൂക്ഷ്മമായി പഠിച്ച് തന്നെയാണ് തങ്ങള്‍ വിധിയെഴുതിയതെന്നും വിധിയില്‍ വല്ല തെറ്റുമുണ്ടോ എന്ന് തങ്ങള്‍ക്ക് സ്വയം ഉറപ്പുവരുത്താന്‍ 17 വരെ സമയം നല്‍കുകയാണെന്നും ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് പറഞ്ഞു.
സൗമ്യ ട്രെയിനില്‍നിന്ന് ചാടിയെന്ന് പറഞ്ഞത് രണ്ട് പ്രധാന സാക്ഷികളാണെന്ന് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി വ്യക്തമാക്കി. പ്രതിഭാഗം വാദമല്ല ഇതെന്നും ഗോവിന്ദച്ചാമിക്കെതിരായ കുറ്റപത്രത്തില്‍ പ്രോസിക്യൂഷന്‍ രേഖപ്പെടുത്തിയതാണെന്നും ജസ്റ്റിസ് യു.യു. ലളിതും കൂട്ടിച്ചേര്‍ത്തു.
കേസില്‍ ഗോവിന്ദച്ചാമിക്ക് അനുകൂലമായി തീര്‍ന്നത് സൗമ്യ ട്രെയിനില്‍നിന്ന് ചാടിയെന്ന സാക്ഷിമൊഴിയാണ്.ശാസ്ത്രീയമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ ഇത് അവഗണിക്കണമെന്ന് അഡ്വ. തുളസി വാദിച്ചപ്പോള്‍ മിസ്റ്റര്‍ തുളസി, താങ്കള്‍ ഒരു മനുഷ്യനെ തൂക്കിക്കൊല്ലാനാണ് ആവശ്യപ്പെടുന്നതെന്ന് ഓര്‍ക്കണമെന്ന് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി തിരിച്ചടിച്ചു. ഒരാള്‍ക്ക് വധശിക്ഷ വിധിക്കും മുമ്പ് 101 തവണ ഉറപ്പുവരുത്തണം. ജീവിതകാലം സ്വന്തം മനഃസാക്ഷിയെ ബോധ്യപ്പെടുത്തേണ്ട ഒന്നാണിത്. സാക്ഷിമൊഴിയും ശാസ്ത്രീയ തെളിവും ഒത്തുനോക്കുമ്പോഴെല്ലാം കോടതികള്‍ സാക്ഷിമൊഴിയാണ് മുഖവിലക്കെടുക്കുകയെന്ന് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി ഓര്‍മിപ്പിച്ചു.
അന്വേഷണ ഏജന്‍സി ആവശ്യപ്പെടുന്നതിനനുസരിച്ച് ശാസ്ത്രീയ തെളിവുകളുണ്ടാക്കുന്നത് ക്രിമിനല്‍ കേസുകളില്‍ പതിവാണെന്ന് മുന്‍ ക്രിമിനല്‍ അഭിഭാഷകന്‍ കൂടിയായിരുന്ന ജസ്റ്റിസ് യു.യു. ലളിത് കൂട്ടിച്ചേര്‍ത്തു. ഗോവിന്ദച്ചാമി സൗമ്യയുടെ തല ട്രെയിനിലെ ഭിത്തിയില്‍ നാലുതവണ കൂട്ടിയിടിച്ചപ്പോഴുണ്ടായ മുറിവ് മരണകാരണമായിട്ടുണ്ടെന്ന് തുളസി വാദിച്ചു. ആ ഇടിയില്‍ സൗമ്യക്ക് ബോധമില്ലാതായി ചലനമറ്റതുകൊണ്ടാണ് അവരെ എറിയാന്‍ കഴിഞ്ഞത്. അതുകൊണ്ടാണ് രണ്ടാമത്തെ മുറിവുണ്ടായതെന്നും തുളസി കോടതിയില്‍ പറഞ്ഞു. എങ്കില്‍ എന്തുകൊണ്ടാണ് ട്രാക്കില്‍ വീണപ്പോഴുണ്ടായ മുറിവാണ് മരണകാരണമെന്ന് ഡോക്ടറുടെ റിപ്പോര്‍ട്ടില്‍ പറയുന്നതെന്ന് കോടതി ചോദിച്ചു. ഡോക്ടര്‍ പറഞ്ഞ ശാസ്ത്രീയ തെളിവ് മുഖവിലക്കെടുക്കാതെ അഭിഭാഷകന്‍െറ അനുമാനം പരിഗണിക്കുകയാണോ വേണ്ടതെന്നും തിരിച്ചുചോദിച്ചു. നിങ്ങള്‍തന്നെ രേഖപ്പെടുത്തിവെച്ച, സൗമ്യ ചാടിയെന്ന രണ്ട് സാക്ഷിമൊഴികള്‍ കേട്ടുകേള്‍വിയാക്കി തള്ളി ഒരു കൈപ്പത്തിയില്ലാത്ത ഗോവിന്ദച്ചാമി അവളെ ട്രെയിനില്‍നിന്ന് തള്ളിയിട്ടെന്ന അനുമാനം സ്വീകരിക്കണമെന്നാണോ ആവശ്യപ്പെടുന്നതെന്നും അഭിഭാഷകരോട് സുപ്രീംകോടതി ചോദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.