Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right‘പരാതി പിൻവലിച്ചാൽ...

‘പരാതി പിൻവലിച്ചാൽ സർവിസിലുള്ള കാലം മുഴുവൻ കടപ്പെട്ടിരിക്കും’, പി.വി അൻവറുമായുള്ള എസ്.പി സുജിത് ദാസിന്റെ ഫോൺ സംഭാഷണം പുറത്ത്

text_fields
bookmark_border
‘പരാതി പിൻവലിച്ചാൽ സർവിസിലുള്ള കാലം മുഴുവൻ കടപ്പെട്ടിരിക്കും’, പി.വി അൻവറുമായുള്ള എസ്.പി സുജിത് ദാസിന്റെ ഫോൺ സംഭാഷണം പുറത്ത്
cancel
camera_altപി.വി. അൻവർ, സുജിത് ദാസ്

മലപ്പുറം: എസ്.പി ക്യാമ്പ് ഓഫിസിലെ മരം മുറിച്ചുകടത്തിയെന്ന കേസിലെ പരാതി പിൻവലിച്ചാൽ സർവിസിലുള്ള കാലം മുഴുവൻ താൻ കടപ്പെട്ടിരിക്കുമെന്ന് പി.വി അൻവൻ എം.എൽ.എയോട് എസ്.പി സുജിത് ദാസ് പറയുന്ന ഫോൺ സംഭാഷണം പുറത്ത്. ഡി.ജി.പി ആയാലും തന്റെ സേവനം പി.വി അൻവറിന് ഉണ്ടാകുമെന്നും മലപ്പുറം മുൻ എസ്.പിയും നിലവിൽ പത്തനംതിട്ട എസ്.പിയുമായ സുജിത് ദാസിന്റെ വാഗ്ദാനമുണ്ട്. എം.ആർ അജിത് കുമാറിന്റെ കാര്യങ്ങളാണ് എനിക്ക് അറിയേണ്ടതെന്ന് അൻവർ പറഞ്ഞപ്പോൾ, എം.ആർ അജിത്കുമാർ സർവശക്തനായി നിൽക്കുന്നത് കൊണ്ടും പൊളിറ്റിക്കൽ സെക്രട്ടറി ശശിധരൻ സാറിന്റെ വലിയ അടുപ്പമുള്ളത് കൊണ്ടും അയാളെ കുറിച്ച് ആലോചിക്കാൻ തന്നെ പേടിയാണെന്നായിരുന്നു മറുപടി. മറുനാടൻ ഷാജൻ സ്കറിയയെ രക്ഷിക്കാൻ അജിത്കുമാർ നടത്തിയ നീക്കങ്ങളെ കുറിച്ചും അൻവർ എം.എൽ.എ വിവരിക്കുന്നുണ്ട്.

‘എനിക്ക് വേണ്ടി ആ പരാതിയൊന്ന് പിൻവലിച്ചുതരണം. പത്തിരുപത്തിയഞ്ചു വർഷം കൂടി സർവിസുണ്ട്. ഞാൻ എം.എൽ.എയോട് കടപ്പെട്ടിരിക്കും. എനിക്ക് അതിൽ കൂടുതലൊന്നും പറയാനില്ല. എന്റെയൊരു കാര്യപ്രാപ്തിക്ക് വേണ്ടി പറയുന്നതല്ല, 25ാമത്തെ വയസ്സിൽ സർവിസിൽ കയറിയതാണ്. ഡി.ജി.പിയായി റിട്ടയർ ചെയ്യാൻ ഈശ്വരൻ ആയുസും ആരോഗ്യവും തന്നാൽ അതുവരെ ഞാൻ എം.എൽ.എയോട് കടപ്പെട്ടിരിക്കും. ഒരു സഹോദരനോട് സംസാരിക്കുന്ന പോലെ, അങ്ങനെയൊ​ക്കെ കരുതാൻ പറ്റുമോ എന്നെനിക്കറിയില്ല, ഞാൻ നിലമ്പൂരുകാരനല്ലെങ്കിൽ പോലും ഒരു പേഴ്സണൽ റിലേഷൻഷിപ്പിൽ എ​ന്നെക്കൂടി വെച്ചേക്കണം’ -സുജിത് ദാസ് അഭ്യർഥിച്ചു.

എം.ആർ അജിത് കുമാറിന്റെ കാര്യങ്ങളാണ് എനിക്ക് അറിയേണ്ടതെന്ന് അൻവർ പറഞ്ഞപ്പോൾ മറുപടി ഇങ്ങനെയായിരുന്നു. ‘എം.ആർ അജിത്കുമാർ സർവശക്തനായി നിൽക്കുന്നത് കൊണ്ടും പൊളിറ്റിക്കൽ സെക്രട്ടറി ശശിധരൻ സാറിന്റെ വലിയ അടുപ്പമുള്ളത് കൊണ്ടും അയാളെ കുറിച്ച് ആലോചിക്കാൻ തന്നെ പേടിയാണ്. സ്റ്റുഡന്റ്സ് പൊലീസ് കാഡറ്റുകളിലൂടെയും മറ്റും പ്രശസ്തിയിൽ നിൽക്കുന്ന, ജനങ്ങൾക്കിടയിൽ പോപുലർ ഫിഗറായിരുന്ന വിജയൻ സാറിനെ സസ്​പെൻഡ് ചെയ്ത് നശിപ്പിച്ചു കളഞ്ഞില്ലേ?. അതിനൊക്കെ ഒറ്റ കാര്യമേയുള്ളൂ, എം.ആർ അജിത്കുമാർ. ഇദ്ദേഹം ഇത്രയും ഗവൺമെന്റിന് വേണ്ടപ്പെട്ട ആളായി നിൽക്കുകയാണ്’.

എന്നാൽ, അ​ദ്ദേഹം ഗവൺമെന്റിന് വേണ്ടപ്പെട്ട ആളൊന്നും അല്ലെന്നും അങ്ങനെയാണെങ്കിൽ മറുനാടൻ ഷാജൻ സ്കറിയയെ രക്ഷപ്പെടുത്താൻ ഇത്രയും വലിയ ശ്രമം നടത്തുമോയെന്നും അൻവർ മറുപടി പറഞ്ഞു. ഷാജൻ ജാമ്യം കിട്ടാതെ ഒളിവിൽ പോയ സമയത്ത് എം.ആർ എന്നോട് കൂടി പറഞ്ഞതാണ്, എം.എൽ.എയും ഒന്നന്വേഷിക്കണമെന്ന്. വിവരം കിട്ടിയാൽ അറിയിക്കണമെന്നും പറഞ്ഞു. പുണെയിൽ ഉണ്ടെന്ന വിവരം ലഭിച്ച് അദ്ദേഹത്തെ അറിയിച്ചു. എന്നാൽ, പൊലീസ് എത്തിയപ്പോഴേക്കും ഷാജൻ അവിടെനിന്ന് മുങ്ങി. മൂന്ന് ദിവസത്തിന് ശേഷം ഡൽഹിയിൽ മുതിർന്ന വക്കീലിന്റെ അപ്പോയിൻമെന്റ് എടുത്തിട്ടുണ്ടെന്ന കൃത്യമായ വിവരവും കൈമാറി. ലൊക്കേഷൻ വരെ കിട്ടി. സീനിയർ ഓഫിസറോടല്ലാതെ മറ്റാരോടും ഈ വിവരം പറയരുതെന്നും ആവശ്യപ്പെട്ടു. പൊലീസ് അവിടെ പോയെങ്കിലും ഷാജൻ സ്കറിയ എത്തിയില്ല. അതോടെയാണ് എനിക്ക് സംശയം വരുന്നത്. പിന്നെ നമ്മൾ അന്വേഷിക്കുമ്പോൾ എം.ആർ അജിത് കുമാർ തന്നെയാണ് ഈ വിവരം കൊടുക്കുന്നതെന്ന് മനസ്സിലായി. അതിനുള്ള റിവാർഡും ​വാങ്ങി. അത് കണ്ടീഷനലാണ്. ഇൻഫർമേഷൻ ടെക്നോളജി ആക്ടിലെ 66 എഫിട്ട് അവനെ അറസ്റ്റ് ചെയ്ത് കഴിഞ്ഞാൽ പിന്നെ ജാമ്യമില്ലല്ലോ. ഇൻഫർമേഷൻ ടെക്നോളജി​യിലെ ടെററിസം ആക്ടാണ് ആ വരുന്നത്. അതിൽനിന്ന് രക്ഷപ്പെടുത്തിക്കൊടുക്കാനാണ് അവർ തമ്മിൽ ധാരണയിലെത്തുന്നത്. നേർക്കുനേരെയല്ല, അതിനിടയിൽ ആരൊക്കെയോ ഉണ്ട്. ഇയാളെങ്ങനെയാണ് സർക്കാറിന്റെ ആളാകുന്നത്. ഈയൊരു കോലത്തിൽ സർക്കാറിനെയും മുഖ്യമന്ത്രിയെയും പാർട്ടി സെക്രട്ടറിയെയും മന്ത്രിമാരെയും തെറിവിളിച്ചുകൊണ്ടിരിക്കുന്നില്ലേ ഷാജനിപ്പോഴും. അവനെ എം.ആർ സഹായിക്കുക എന്നാൽ എന്താണർഥം’ -അൻവർ ചോദിച്ചു.

ആഭ്യന്തര വകുപ്പിലെ ഐ.പി.എസ് ഉദ്യോഗസ്ഥനെന്ന നിലക്ക് ഇപ്പോൾ കാര്യങ്ങൾ തീരുമാനിക്കുന്നത് എം.ആർ അജിത്കുമാർ ആണ്. അദ്ദേഹം പൊളിറ്റിക്കൽ സെക്രട്ടറി ശശി സാറിന്റെ വലംകൈയാണ്, ഇത് ഇങ്ങനെവേണം ചുരുക്കിപ്പറയാനെന്നും സുജിത് ദാസ് പറഞ്ഞു.

അങ്ങനെയൊരു വലംകൈയായി നിന്ന് ഗവൺമെന്റിനെ നശിപ്പിക്കുന്ന സംവിധാനത്തിലേക്കല്ലല്ലോ അദ്ദേഹം പോകോണ്ടതെന്നായിരുന്നു അൻവറിന്റെ മറുപടി. അയാൾക്കത്രയും സൗകര്യം കിട്ടുന്നുണ്ടെങ്കിൽ ഈ ഗവൺമെന്റിനെയും മുഖ്യമന്ത്രിയെയും സംരക്ഷിക്കേണ്ട ധാർമിക ഉത്തരവാദിത്തം അയാൾക്കില്ലേയെന്നും എന്ത് മാജിക്കാണ് അജിത് കുമാറിന്റെ കൈയി​ലുള്ളതെന്നും അൻവർ ചോദിച്ചു.

‘ശരിയാണ് എം.എൽ.എ, പക്ഷെ ഇത് അവിടെ ഇരിക്കുന്നവർക്ക് കൂടി തോന്നണ്ടേ. അവിടെയാണ് ഇതിന്റെ വിഷയം. ശശിസാർ പറയുന്ന എല്ലാ കാര്യങ്ങളും അയാൾ ചെയ്തുകൊടുക്കുന്നുണ്ട്. അതാവാം കാരണം. ഒരു കാര്യത്തിൽ മാത്രം റിസർച്ച് നടത്തിയാൽ മതി. പുള്ളിയുടെ ഭാര്യയുടെ ആങ്ങളമാർക്ക് എന്താണ് പരിപാടി, എങ്ങനെയാണ് അവരുടെ സെറ്റപ്പ്’ -സുജിത് ദാസ് മറുപടി നൽകി.

മലപ്പുറത്തെ ലീഗുകാരായ ബിസിനസുകാർക്കും അല്ലാത്തവർക്കും പൈസയുള്ളവർക്കുമെല്ലാം പുള്ളി നന്നായി സഹായിക്കുന്നുണ്ടല്ലോ. പിന്നെ എങ്ങനെയാണ് അയാൾ സർക്കാറിന്റെ ആളാകുന്നത്. അയാൾ സർക്കാർ വിരുദ്ധനല്ലേയെന്ന് അൻവർ ചോദിച്ചപ്പോൾ, മുമ്പ് കലക്ടറായിരുന്ന ജാഫർ മാലികുമായി കശപിശ ഉണ്ടായപ്പോൾ എം.എൽ.എ ഇടപെട്ട് അടിയന്തമായി അദ്ദേഹത്തെ മാറ്റി, എന്തുകൊണ്ട് ഇപ്പോൾ അതുണ്ടാകുന്നില്ല എന്നാണെന്റെ ചോദ്യമെന്നായിരുന്നു സുജിത് ദാസിന്റെ ചോദ്യം.

എന്നാൽ, ഇതിൽ ഒരുപാട് വലിയ വലിയ ആളുകളില്ലേയെന്നും അവരൊക്കെ ഇടപെടട്ടെ എന്നുമായിരുന്നു അൻവറിന്റെ മറുപടി. ‘നമ്മളൊരു പാവപ്പെട്ട എം.എൽ.എ ആവശ്യ​മുള്ളതിലും അല്ലാത്തതിലും ഇടപെടേണ്ടതില്ലല്ലോ. ഇതിൽ പാർട്ടി ഇടപെടട്ടെ, നമ്മുടെ വിഷയമല്ലല്ലോ. ഏറ്റവും കൂടുതൽ മനുഷ്യരെ വെറുപ്പിക്കാൻ എല്ലാ പൊലീസിനെ കൊണ്ടും പണിയെടുപ്പിച്ചത് എം.ആർ അജിത്കുമാർ ആണ്. ഈ മനുഷ്യരെ വെറുപ്പിച്ച് എങ്ങനെയാണ് ഈ പാർട്ടി മുന്നോട്ടുപോകുക. അവിടയല്ലേ ഇതിന്റെ വിഷയം, അത് പാർട്ടി ആലോചിക്കട്ടെ. പറയേണ്ട ഉത്തരവാദിത്തം നമ്മൾ പറഞ്ഞു’ -അൻവർ കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Phone ConversationPV AnvarSujith Das IPS
News Summary - SP Sujit Das's phone conversation with PV Anwar is out
Next Story