എ.ഡി.ജി.പിക്കെതിരെ അന്വേഷിക്കാൻ എസ്.പി; ആറ് മാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണമെന്ന് ഉത്തരവ്
text_fieldsതിരുവനന്തപുരം: എ.ഡി.ജിപി എം.ആര്. അജിത്കുമാറിനെതിരെ അന്വേഷണത്തിന് വിജിലൻസ് സംഘം രൂപവത്കരിച്ചു. വിജിലന്‍സ് ഡയറക്ടര്‍ യോഗേഷ് ഗുപ്തയുടെ മേൽനോട്ടത്തിൽ തിരുവനന്തപുരം സ്പെഷൽ ഇൻവെസ്റ്റിഗേഷൻ യൂനിറ്റ് ഒന്ന് എസ്.പി ജോൺകുട്ടിക്കാണ് പ്രാഥമിക അന്വേഷണ ചുമതല. എസ്.ഐ.യു-ഒന്ന് ഡിവൈ.എസ്.പി ഷിബു പാപ്പച്ചന്, ഇന്‍സ്പെക്ടര്‍മാരായ കെ.വി. അഭിലാഷ്, കിരണ്‍ എന്നിവരും സംഘത്തിലുണ്ട്. കൂടുതല്‍ അന്വേഷണസംഘാംഗങ്ങളെ ഉള്‍പ്പെടുത്തുന്ന കാര്യം എസ്.പിക്ക് തീരുമാനിക്കാം.
അനധികൃത സ്വത്ത് സമ്പാദനം ഉൾപ്പെടെ അഞ്ച് കാര്യങ്ങളാണ് എറണാകുളം സ്വദേശിയുടെയും പി.വി. അൻവറിന്റെയും പരാതികളിൽ വിജിലൻസ് അന്വേഷിക്കുക. തിങ്കളാഴ്ച അന്വേഷണം ആരംഭിക്കും. ആറുമാസത്തിനകം അന്വേഷണ റിപ്പോര്‍ട്ട് നല്‍കണം. പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകും എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്ത് കേസെടുക്കണമോ എന്ന് തീരുമാനിക്കുക.
അതേസമയം, സംസ്ഥാന പൊലീസ് സേനയിലെ ഏറ്റവും മുതിര്‍ന്ന ഉദ്യോഗസ്ഥരില്‍ പ്രധാനിയായ എ.ഡി.ജി.പിക്കെതിരായ അഴിമതി ആരോപണങ്ങൾ ജൂനിയറായ ഉദ്യോഗസ്ഥൻ അന്വേഷിക്കുന്നതിലെ പൊരുത്തക്കേട് സേനയിലടക്കം ചർച്ചയായിട്ടുണ്ട്. മലപ്പുറം ജില്ല പൊലീസ് മേധാവിയായിരുന്ന സുജിത് ദാസിനെതിരായ അന്വേഷണവും തിരുവനന്തപുരം സ്പെഷൽ ഇൻവെസ്റ്റിഗേഷൻ യൂനിറ്റ് ഒന്ന് തന്നെ നടത്തും.
വിജിലൻസിന്റെ പ്രാഥമിക പരിശോധന ആരംഭിക്കാനിരിക്കെ ക്രമസമാധന ചുമതലയിൽനിന്ന് അജിത്തിനെ മാറ്റുന്നതിൽ മുഖ്യമന്ത്രി ഉടൻ തീരുമാനമെടുത്തേക്കുമെന്നാണ് വിവരം. ശനിയാഴ്ച രാവിലെ 11ന് മുഖ്യമന്ത്രി മാധ്യമങ്ങളെ കാണുന്നുണ്ട്. അജിത്തിനെ മാറ്റണമെന്നാവശ്യപ്പെട്ട് ശക്തമായ സമർദമാണ് എൽ.ഡി.എഫിൽ സി.പി.ഐ അടക്കം ഘടകകക്ഷികൾ ഉയർത്തുന്നത്. തൃശൂർ പൂരം കലക്കിയതിന് പിന്നിലെ അന്വേഷണം പൂഴ്ത്തിയതിലും അജിത്തിന് ബന്ധമുണ്ടെന്നാണ് സി.പി.ഐ ആരോപണം.
എന്നാൽ, എ.ഡി.ജി.പിയെ സംരക്ഷിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി തുടരുന്നത്. ഇതിൽ സി.പി.എമ്മിനുള്ളിലും അതൃപ്തി ശക്തമാണ്. എ.ഡി.ജി.പി വിവാദം തുടങ്ങിയതിനുശേഷം മുഖ്യമന്ത്രി മാധ്യമങ്ങളെ കാണുന്നത് ആദ്യമാണ്. ആർ.എസ്.എസ് ദേശീയനേതാക്കളുമായി അജിത്കുമാർ നടത്തിയ കൂടിക്കാഴ്ച സംബന്ധിച്ച് സംസ്ഥാന പൊലീസ് മേധാവിയുടെ മേൽനോട്ടത്തിൽ അന്വേഷണം നടന്നുവരികയാണ്.
അജിത്കുമാറിനെതിരെ അന്വേഷിക്കുന്നത്
- അനധികൃത സ്വത്ത് സമ്പാദിച്ചു
- ഓൺലൈൻ ചാനലുടമയിൽനിന്ന് കൈക്കൂലി
- ബന്ധുക്കളുടെ പേരിൽ സ്വത്തുക്കൾ വാങ്ങിക്കൂട്ടി
- ബന്ധുക്കളെ ഉപയോഗിച്ച് സ്വർണ ഇടപാടുകൾ
- സ്വർണം പൊട്ടിക്കലിലൂടെ വൻതോതിൽ പണമുണ്ടാക്കി
സുജിത്തിനെതിരെ അന്വേഷിക്കുന്നത്
- എസ്.പിയായിരിക്കെ പ്രതികളിൽനിന്ന് പണം വാങ്ങി
- കള്ളക്കടത്ത് സ്വർണം ഉരുക്കി കോടികളുണ്ടാക്കി
- ഓഫിസ് കോമ്പൗണ്ടിലെ മരങ്ങൾ മുറിച്ച് കടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.