പ്രതീക്ഷക്കരികെ സ്പേഡെക്സ് ദൗത്യം; ഇതുവരെ നടന്നത് പരീക്ഷണ നീക്കങ്ങളെന്ന് ഐ.എസ്.ആർ.ഒ
text_fieldsബംഗളൂരു: ഐ.എസ്.ആർ.ഒയുടെ സുപ്രധാന ദൗത്യമായ ‘സ്പേഡെക്സ്’ സ്പേസ് ഡോക്കിങ് പരീക്ഷണം വിജയത്തിനരികെ. ഞായറാഴ്ച വിവിധ ഘട്ടങ്ങളിലായി രണ്ടു ഉപഗ്രഹങ്ങളും തമ്മിലെ അകലം മൂന്നുമീറ്ററായി കുറച്ചു. അതേസമയം, അന്തിമ ഘട്ടമായ ഡോക്കിങ് പ്രക്രിയ (ഇരു ഉപഗ്രഹങ്ങളെയും ഒരുമിപ്പിക്കൽ) വൈകുമെന്നാണ് സൂചന. ഇതുവരെ നടന്നത് പരീക്ഷണ നീക്കങ്ങളാണെന്നും ഉപഗ്രഹങ്ങളെ സുരക്ഷിത അകലത്തിൽ നിർത്തി വിവരങ്ങൾ വിശകലനം ചെയ്യുമെന്നും ഐ.എസ്.ആർ.ഒ അറിയിച്ചു. ഇതിനുശേഷമായിരിക്കും അവസാന ഘട്ടത്തിലേക്ക് കടക്കുക.
ഡിസംബർ 30ന് പി.എസ്.എൽ.വി സി 60 റോക്കറ്റ് ഉപയോഗിച്ച് വിക്ഷേപിച്ച ചേസർ (എസ്.ഡി.എക്സ് 01), ടാർഗറ്റ് (എസ്.ഡി.എക്സ് 02) എന്നീ ഉപഗ്രഹങ്ങളെ ഭൂമിയിൽനിന്ന് 470 കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിൽവെച്ച് കൂട്ടിച്ചേർക്കുകയും പിന്നീട് വിഘടിപ്പിക്കുകയും ചെയ്യുന്നതാണ് സ്പേഡെക്സ് ദൗത്യം. 1500 മീറ്റർ അകലത്തിൽ സഞ്ചരിക്കുന്ന രണ്ടുപേടകങ്ങളെയും വിവിധ ഘട്ടങ്ങളായി അടുപ്പിക്കുകയാണ് ലക്ഷ്യം.
ചേസർ ഉപഗ്രഹത്തെ ടാർഗറ്റ് ഉപഗ്രഹത്തിലേക്ക് അടുപ്പിച്ചാണ് ഇത് സാധ്യമാക്കുന്നത്. ആദ്യം 500 മീറ്റർ, പിന്നീട് 230 മീറ്റർ, 15 മീറ്റർ, മൂന്ന് മീറ്റർ എന്നീ അകലത്തിലേക്കാണ് അടുപ്പിക്കുക. ഇതിനുശേഷമാണ് നിർണായക ഘട്ടം. ശനിയാഴ്ച ഉപഗ്രഹങ്ങൾ 230 മീറ്റർ അകലത്തിൽ എത്തിച്ചിരുന്നു. ഞായറാഴ്ച പുലർച്ച നടത്തിയ ട്രയലിൽ ആദ്യം 15 മീറ്ററിലേക്കും പിന്നീട് മൂന്നുമീറ്ററിലേക്കും ഉപഗ്രഹങ്ങളുടെ അകലം കുറച്ചു.
പിന്നീട് ഇവയെ സുരക്ഷിതമായ അകലത്തിലേക്ക് മാറ്റി. രണ്ടുതവണ തീയതി പ്രഖ്യാപിച്ചശേഷം മാറ്റിവെക്കേണ്ടിവന്ന ഡോക്കിങ് പരീക്ഷണത്തിന്റെ പുതിയ തീയതി ഐ.എസ്.ആർ.ഒ പ്രഖ്യാപിച്ചിട്ടില്ല. വൈകാതെ ദൗത്യം നടക്കുമെന്നാണ് സൂചന. ബംഗളൂരു പീനിയയിൽ സ്ഥിതി ചെയ്യുന്ന ഐ.എസ്.ആർ.ഒയുടെ ടെലിമെട്രി ട്രാക്കിങ് ആൻഡ് കമാൻഡ് നെറ്റ്വർക്കിൽനിന്നാണ് (ഇസ്ട്രാക്ക്) ശാസ്ത്രജ്ഞർ പേടകങ്ങളുടെ ഗതി നിയന്ത്രിക്കുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.