വൈദ്യുതി ബോർഡിൽ തീപ്പൊരി; സി.ഐ.ടി.യുവും ചെയർമാനും തമ്മിൽ പോര്
text_fieldsതിരുവനന്തപുരം: വൈദ്യുതി ബോർഡ് ചെയർമാനും സി.ഐ.ടി.യു യൂനിയനും തമ്മിൽ ഉടലെടുത്ത ഭിന്നത രാഷ്ട്രീയതലത്തിലേക്കും വ്യാപിച്ചു. കഴിഞ്ഞ സർക്കാറിന്റെ കാലത്തെ ബോർഡിന്റെ നടപടികൾ ചെയർമാൻ ബി. അശോക് ചോദ്യം ചെയ്തതോടെ അതിനെതിരെ മുൻമന്ത്രി എം.എം. മണി രംഗത്തുവന്നു. എന്നാൽ ചെയർമാനെ വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി ന്യായീകരിച്ചു. വൈദ്യുതി ബോർഡ് മാനേജ്മെന്റ് സ്വീകരിക്കുന്ന നടപടികൾ തിരുത്തണമെന്നാവശ്യപ്പെട്ട് സി.ഐ.ടി.യു യൂനിയന്റെ നേതൃത്വത്തിൽ നടത്തുന്ന സമരം രണ്ട് ദിവസം പിന്നിട്ടു. ചെയർമാനെതിരെ കടുത്ത വിമർശനം ഉന്നയിച്ച നേതാക്കൾ രാജിയും ആവശ്യപ്പെട്ടു. സി.ഐ.ടി.യു നേതാവ് എളമരം കരീം എം.പിയും പിന്തുണയുമായി സമരവേദിയിലെത്തി.
ശമ്പള പരിഷ്കരണത്തിന് ധനവകുപ്പിന്റെ മുൻകൂർ അനുമതി വാങ്ങിയില്ല, പുരപ്പുറ സോളാർ പദ്ധതിയിൽ സ്വകാര്യ സ്ഥാപനത്തിന് പത്ത് ശതമാനം നിരക്കിൽ ഇളവ് നൽകി, സൈാസൈറ്റികൾക്ക് ബോർഡ്-സർക്കാർ അനുമതിയില്ലാതെ നൂറുകണക്കിന് ഏക്കർ സ്ഥലം പാട്ടത്തിന് നൽകി അടക്കം നിരവധി ആരോപണങ്ങളാണ് ചെയർമാൻ തിങ്കളാഴ്ച ഫേസ്ബുക്ക് പോസ്റ്റിൽ ഉന്നയിച്ചത്. ഇതോടെ വകുപ്പ് മന്ത്രി അറിഞ്ഞാണോ ചെയർമാന്റെ പ്രസ്താവനയെന്നും എന്ത് അടിസ്ഥാനത്തിലാണ് പറഞ്ഞതെന്നും മന്ത്രി പറയേണ്ടത് ചെയർമാനെ കൊണ്ട് പറയിപ്പിച്ചതാണോയെന്നും ചോദിച്ച് മുൻ മന്ത്രി എം.എം. മണി രംഗത്തുവന്നു.
അതേസമയം ചെയർമാനെ പിന്തുണച്ച മന്ത്രി കെ. കൃഷ്ണൻകുട്ടി, താൻ അറിഞ്ഞല്ല ഫേസ്ബുക്ക് പോസ്റ്റെന്നാണ് പ്രതികരിച്ചത്. മുൻമന്ത്രിയെ ഒരു കുറ്റവും പറഞ്ഞില്ലെന്നാണ് ചെയർമാൻ വിശദീകരിച്ചതെന്നും മന്ത്രി വ്യക്തമാക്കി. സർക്കാർ അറിയാതെ ചിലത് ചെയ്തതിനെക്കുറിച്ച് മാത്രമേ പറഞ്ഞുള്ളൂ. അത് എന്താണെന്ന് അന്വേഷിക്കും. മൂന്നാർ ഭൂമി വിഷയത്തിൽ ബോർഡറിയാതെ ചില സംഭവങ്ങൾ നടന്നിട്ടുണ്ട്. ചെയർമാൻ കാര്യക്ഷമമായി പ്രവർത്തിക്കുന്നില്ലെന്ന പരാതി തനിക്കില്ലെന്നും മന്ത്രി പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിലെ നിലപാടിൽ ഉറച്ചുനിൽക്കുകയാണ് ബോർഡ് ചെയർമാൻ ബി. അശോക്. താൻ പറഞ്ഞതിൽ ബോധ്യക്കുറവില്ലെന്നും മുൻമന്ത്രിയുടെ കീഴിൽ പ്രവർത്തിച്ച ആളാണ് താനെന്നും അദ്ദേഹത്തെ പറ്റി പരാമർശം നടത്തിയിട്ടില്ലെന്നും ചെയർമാൻ പറഞ്ഞു. യൂനിയനുകളെ മന്ത്രി ചർച്ചക്ക് വിളിച്ചു തിരുവനന്തപുരം: സമരം നടത്തുന്ന യൂനിയനുകളെ വൈദ്യുതിമന്ത്രി കെ. കൃഷ്ണൻകുട്ടി ചർച്ചക്ക് വിളിച്ചു. വ്യാഴാഴ്ച ഉച്ചക്ക് മന്ത്രിയുടെ ഔദ്യോഗിക വസതിയിലാണ് ചർച്ച. ബോർഡ് ചെയർമാൻ ഉന്നയിച്ച ആരോപണങ്ങളെക്കുറിച്ച് ഊർജ സെക്രട്ടറി അന്വേഷിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.