എൻജിനിൽ തീ: ഷൊർണൂർ-എറണാകുളം പാതയിൽ ട്രെയിനുകൾ വൈകും
text_fieldsചെറുതുരുത്തി: ചെന്നൈ-തിരുവനന്തപുരം െമയലിന് എൻജിൻ തകരാർ. എന്‍ജിനടിയിലുള്ള മോട്ടോര്‍ ഒടിഞ്ഞു വീണതിനെ തുടര്‍ന്ന് നാലു മണിക്കൂറോളം ട്രെയിന്‍ ഗതാഗതം സ്തംഭിച്ചു. മോട്ടോര്‍ ട്രാക്കിലേക്ക് വീണ് ഉരസി തീനാളം വമിച്ചപ്പോഴേക്കും ലോക്കോപൈലറ്റിൻറെ ശ്രദ്ധയിൽപ്പെട്ടതിനാൽ വൻദുരന്തം ഒഴിവായി. ചൊവാഴ്ച്ച പുലര്‍ച്ചെ 5.20ന് വടക്കാഞ്ചേരി സ്റ്റേഷന്‍ വിട്ടയുടനെ പൈങ്കുളത്തുവെച്ചായിരുന്നു സംഭവം. വേഗതയും കുറവായതിനാൽ പെട്ടന്നുതന്നെ നിർത്താൻ കഴിഞ്ഞു.
ഷൊർണൂർ- എറണാകുളം പാതയിൽ മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു. യന്ത്രഭാഗം വേർപെട്ട് ട്രാക്കിൽ ഉരസിയതാണ് തീനാളം വരാൻ കാരണമെന്ന് അധികൃതർ അറിയിച്ചു. രാവിലെ പത്തോടെ തൃശൂരിൽനിന്ന് എൻജിൻ എത്തിച്ചാണ് ട്രെയ്ൻ മാറ്റിയത്. ഈ റൂട്ടിൽ രണ്ട് മണിക്കൂറോളം ട്രായ്നുകൾ വൈകിയോടുകയാണ്. പാലക്കാട് ഭാഗത്തു നിന്നും ഷൊര്‍ണൂര്‍ ഭാഗത്തു നിന്നും തിരുവനന്തപുരം ഭാഗത്തേക്കുള്ള എല്ലാ ട്രെയിനുകളും വിവിധ സ്റ്റേഷനുകളില്‍ പിടിച്ചിടേണ്ടിവന്നു.
ഷൊര്‍ണൂരില്‍നിന്ന് വിദഗ്ധരെത്തി എന്‍ജിന്‍റെ അടിയില്‍ ഒടിഞ്ഞു വീണിരുന്ന ട്രാക് ഷണ്‍ മോട്ടോര്‍ അഴിച്ചു മാറ്റി ട്രാക്ക് ക്ലീയര്‍ ചെയ്തത്. തുടർന്ന് ഗതാഗതം പുനഃസ്ഥാപിച്ചു. വേറെ എന്‍ജിന്‍ കൊണ്ടുവന്ന് ഒമ്പതരെയോടെ ചെന്നൈ മെയില്‍ കടത്തിവിട്ടു. തൃശൂര്‍ സ്‌റ്റേഷന്‍ മാനേജര്‍ നൈനാന്‍ ജോസഫിന്‍റെ നേതൃത്വത്തില്‍ സ്ഥലത്തെത്തി വേണ്ട നടപടികള്‍ സ്വീകരിച്ചു.
രാവിലെ തൃശൂര്‍ വഴി കടന്നു പോകേണ്ട കേരള എക്‌സ്പ്രസ്, മംഗള, ഐലന്‍ഡ് തുടങ്ങിയ ട്രെയിനുകളെല്ലാം രണ്ട് മണിക്കൂറിലധികം വൈകിയാണ് യാത്ര പുറപ്പെട്ടത്. ഗുരുവായൂര്‍ ഭാഗത്തു നിന്ന് പോകേണ്ട ട്രെയിനുകള്‍ മാത്രമാണ് രാവിലെ കൃത്യസമയത്ത് യാത്ര പുറപ്പെട്ടത്. രാവിലെ എറണാകുളം, തിരുവനന്തപുരം ഭാഗത്തേക്ക് ജോലിക്കും മറ്റുമായി പോകേണ്ടവർ ബുദ്ധിമുട്ടിലായി. പലരും യാത്ര പോകാന്‍ കഴിയാതെ മടങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.