'വിരട്ടാൻ ശ്രമിക്കാതെ പറയാനുള്ളത് തുറന്ന് പറയണം'; അർജുൻ ആയങ്കിക്ക് മറുപടിയുമായി ഡി.വൈ.എഫ്.ഐ
text_fieldsകണ്ണൂര്‍: പരസ്യ വെല്ലുവിളി ഉയർത്തിയ കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതികളിലൊരാളായ അര്‍ജുന്‍ ആയങ്കിക്ക് മറുപടിയുമായി ഡി.വൈ.എഫ്.ഐ. എല്ലാം തുറന്നു പറയും എന്ന് വിരട്ടി ഡി.വൈ.എഫ്.ഐയെ വെറുതെ ബ്ലാക് മെയിൽ ചെയ്യാൻ ശ്രമിക്കാതെ പറയാനുള്ളത് തുറന്ന് പറയണമെന്നാണ് മുൻ ജില്ല അധ്യക്ഷനും സി.പി.എം ജില്ല കമ്മിറ്റി അംഗവുമായ മനു തോമസ് അർജുന് മറുപടി നൽകിയത്.
ഡി.വൈ.എഫ്.ഐയെ മറയാക്കിക്കൊണ്ട് ആകാശ് തില്ലങ്കേരിയും അര്‍ജുന്‍ ആയങ്കിയും സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയപ്പോള്‍, സംഘടനയുടെ നേതൃത്വം എന്ന നിലയില്‍ ഉത്തരവാദിത്തത്തോടെ അതിനോട് പ്രതികരിച്ചിട്ടുണ്ട്. തെറ്റിദ്ധരിപ്പിക്കപ്പെട്ട ആളുകള്‍ ഇവരെ തിരിച്ചറിയുകയും ഇവരുമായുള്ള ബന്ധം അവസാനിപ്പിക്കുകയും ചെയ്തിട്ടുണ്ടെന്നും എന്താണ് പറയാനുള്ളതെന്നാല്‍ തുറന്ന് പറയണമെന്നും അദ്ദേഹം പറഞ്ഞു.
സമൂഹ മാധ്യമങ്ങളിൽ സ്വീകാര്യത കിട്ടാൻ പി. ജയരാജന്റെ കൂടെ നിന്ന് ഫോട്ടോ എടുത്ത് അതുപയോഗിച്ചാണ് ആകാശ് തില്ലങ്കേരിയും അർജ്ജുൻ ആയങ്കിയും അടക്കമുള്ള സ്വർണ്ണക്കടത്ത് ക്വട്ടേഷൻ സംഘാംഗങ്ങളുടെ പ്രവർത്തനമെന്ന് മനു തോമസ് കുറ്റപ്പെടുത്തി. പി. ജയരാജനെ മാത്രം പുകഴ്ത്താനും മറ്റുള്ള നേതാക്കളെ ഇകഴ്ത്താനും ഇവർക്ക് സാധിക്കുന്നത് പാർട്ടി ബോധ്യം ഇല്ലാത്തതിനാലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മനു തോമസിനെതിരായി നവമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തുന്ന പോസ്റ്റ് ഇട്ടതിനെ തുടർന്ന് അർജുൻ ആയങ്കിക്കെതിരെയും ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിക്കെതിരെയും ഡി.വൈ.എഫ്.ഐ പൊലീസില്‍ പരാതി നല്‍കിയതിന് പിന്നാലെയാണ് മുന്നറിയിപ്പുമായി ആയങ്കിയുടെ ഫേസ്ബുക്ക് പോസ്റ്റ്.
'അങ്ങനെ വീണ്ടും വീണ്ടും പൊതുമധ്യത്തിലേക്ക് കൊണ്ടുവന്ന് വിചാരണ ചെയ്യാനിടയാക്കുന്ന സാഹചര്യം സൃഷ്ടിക്കപ്പെടുമ്പോൾ പ്രതികരിക്കാൻ ഞാനും നിർബന്ധിതനായേക്കും. അപ്പോഴുണ്ടായേക്കാവുന്ന രാഷ്ട്രീയസംഘർഷങ്ങൾക്ക് ഉത്തരവാദിത്തം പറയേണ്ടത് ഇതിന് തുടക്കമിട്ടവരാണ്. നിങ്ങൾക്ക് വിദ്വേഷമുണ്ടാവാം, അയിത്തം കല്പിച്ച് തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും ഉണ്ടാവാം. അതൊന്നും എന്നെ ബാധിക്കുന്ന വിഷയമല്ല. അനാവശ്യ കാര്യങ്ങൾക്ക് ഉപദ്രവിക്കാതിരിക്കുക, അതാർക്കും ഗുണംചെയ്യുകയില്ല. കമ്യൂണിസ്റ്റ് വിരുദ്ധർക്ക് ചാരപ്പണിയെടുക്കുന്ന പരിപാടി ഞാൻ ചെയ്തിട്ടില്ല. വെറുതെ എന്നെക്കൊണ്ട് പറയിപ്പിക്കരുത്' -ആയങ്കിയുടെ പോസ്റ്റ് ഇങ്ങനെയാണ് അവസാനിക്കുന്നത്.
ഇതുമായി ബന്ധപ്പെട്ട് നടത്താൻ തീരുമാനിച്ച വാർത്തസമ്മേളനം ഉപേക്ഷിച്ചതായും പോസ്റ്റിൽ പറയുന്നു. ഒരു ഫേസ്ബുക്ക് പോസ്റ്റില്‍ നേതാവിനെ പരാമർശിച്ചു എന്നതിന്റെ അടിസ്ഥാനത്തില്‍ നൽകിയ പരാതി ശരിയല്ലെന്നും പോസ്റ്റിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.