'ഉമ്മൻ ചാണ്ടിയുടെ നിസ്തുലമായ സംഭാവനകൾ ഓർക്കാതെ ഈ ചരിത്ര നിമിഷം പൂർത്തിയാകില്ല'
text_fieldsവിഴിഞ്ഞം തുറമുഖം യാഥാർഥ്യമായതിലൂടെ കേരളത്തിന്റെ വികസന ചരിത്രത്തിൽ ഇന്ന് ഒരു പുതിയ അധ്യായം ആരംഭിച്ചുവെന്ന് സ്പീക്കർ എ.എൻ. ഷംസീർ. വിഴിഞ്ഞം തുറമുഖം കേരളത്തിന്റെ സാമ്പത്തിക വികസനത്തിന് ഒരു വലിയ നാഴികക്കല്ലായി മാറും. വിഴിഞ്ഞം തുറമുഖത്തിന്‍റെ നാൾവഴികളിലെ ഓരോ പ്രതിസന്ധി ഘട്ടങ്ങളിലും മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയ നേതൃത്വം പോർട്ടിന്‍റെ സാക്ഷാത്കാരത്തിന് ആക്കം കൂട്ടുന്നതായിരുന്നു. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിസ്തുലമായ സംഭാവനകളും, ആത്മസമർപ്പണവും ഓർക്കാതെ ഈ ചരിത്ര നിമിഷം പൂർത്തിയാകില്ലെന്നും സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പിൽ അദ്ദേഹം പറഞ്ഞു. വിഴിഞ്ഞം പദ്ധതിയുടെ പിതൃത്വം ഏറ്റെടുക്കാൻ മുന്നണികൾ തമ്മിൽ മത്സരിക്കുന്നതിനിടെയാണ് മുൻ മുഖ്യമന്ത്രിയുടെ സംഭാവനകൾ നിസ്തുലമാണെന്ന് സ്പീക്കർ ചൂണ്ടിക്കാട്ടിയിരിക്കുന്നത്.
വിഴിഞ്ഞം പോർട്ടിൻ്റെ ട്രയൽ റൺ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാനായതിൽ അതിയായ സന്തോഷമുണ്ടെന്നും സ്പീക്കർ പറഞ്ഞു. തൻ്റെ ഉപ്പ ഒരു മർച്ചൻ്റ് നേവി ജീവനക്കാരനായിരുന്നു. ഏറെ ചെറുപ്പത്തിൽ തന്നെ ഉപ്പ ജോലി ചെയ്തിരുന്ന വിവിധ രാജ്യങ്ങളിലെ പോർട്ടുകളിലേക്ക് താൻ കത്തുകൾ എഴുതുമായിരുന്നു. ഇന്ന് വിഴിഞ്ഞത്ത് പോയപ്പോൾ ഒരു നൊസ്റ്റാൾജിക് മെമ്മറിയാണ് തനിക്കുണ്ടായത്. ചരിത്ര നിമിഷത്തിൻ്റെ ഭാഗമാവാൻ സാധിച്ചതിൽ ഏറെ അഭിമാനം -സ്പീക്കർ പറഞ്ഞു.
സ്പീക്കർ എ.എൻ. ഷംസീറിന്‍റെ കുറിപ്പ് വായിക്കാം...
കേരളത്തിന്റെ വികസന ചരിത്രത്തിൽ ഇന്ന് ഒരു പുതിയ അധ്യായം ആരംഭിച്ചു.
ദീർഘകാലത്തെ സ്വപ്നം യാഥാർത്ഥ്യമാക്കി വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയൽ റണ്ണിന്റെ ഔദ്യോഗിക ഉദ്ഘാടനം മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ നിർവഹിച്ചു. കേന്ദ്ര ഷിപ്പിംഗ് മന്ത്രി സർബാനന്ദ സോനോവാൾ ചടങ്ങിൽ മുഖ്യാതിഥിയായി.
ഇതൊരു ചരിത്ര നിമിഷമാണ്.
വിഴിഞ്ഞം തുറമുഖം കേരളത്തിന്റെ സാമ്പത്തിക വികസനത്തിന് ഒരു വലിയ നാഴികക്കല്ലായി മാറും. ഈ തുറമുഖം സംസ്ഥാനത്തിന് പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും സംസ്ഥാനത്തിൻ്റെ വാണിജ്യ ബന്ധങ്ങൾ വർദ്ധിപ്പിക്കുകയും ചെയ്യും. കൂടാതെ, ഇത് കേരളത്തിൻ്റെ അടിസ്ഥാന സൗകര്യ വികസനത്തിന് കാരണമാകും.
വിഴിഞ്ഞം തുറമുഖത്തിൻ്റെ നാൾവഴികളിലെ ഓരോ പ്രതിസന്ധി ഘട്ടങ്ങളിലും മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ നൽകിയ നേതൃത്വം പോർട്ടിൻ്റെ സാക്ഷാത്കാരത്തിന് ആക്കം കൂട്ടുന്നതായിരുന്നു. ഈ പദ്ധതിക്ക് എതിരെ ശക്തമായ പ്രതിഷേധം ഉണ്ടായിരുന്നിട്ടും, അദ്ദേഹം ദൃഢനിശ്ചയത്തോടെ മുന്നോട്ട് പോയി.
ആദരണീയനായ മുൻ മുഖ്യമന്ത്രി ശ്രീ. ഉമ്മൻ ചാണ്ടിയുടെ നിസ്തുലമായ സംഭാവനകളും, ആത്മസമർപ്പണവും ഓർക്കാതെ ഈ ചരിത്ര നിമിഷം പൂർത്തിയാകില്ല.
വിഴിഞ്ഞം തുറമുഖം കേരളത്തിന്റെ ഭാവിക്ക് അനന്തമായ സാധ്യതകൾ തുറന്നുകാട്ടുന്നു. ഈ പദ്ധതി സംസ്ഥാനത്തിന്റെ സാമ്പത്തിക വികസനത്തിന് ഒരു പുതിയ ഏടായി മാറുമെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.