‘കെ.ടി. ജലീലിന്റെ നടപടി ധിക്കാരം, മര്യാദ കാണിച്ചില്ല’; ക്ഷുഭിതനായി സ്പീക്കർ, ചെയർ കാണിച്ചത് ശരിയല്ലെന്ന് ജലീലും
text_fieldsതിരുവനന്തപുരം: ആവശ്യപ്പെട്ടിട്ടും പ്രസംഗം അവസാനിപ്പിക്കാത്തതിന് കെ.ടി. ജലീലിനോട് ക്ഷുഭിതനായി സ്പീക്കർ എ.എൻ. ഷംസീർ. തിങ്കളാഴ്ച സ്വകാര്യ സർവകലാശാല ബിൽ പരിഗണിക്കുന്നതിനിടെയായിരുന്നു സ്പീക്കർ ക്ഷോഭിച്ചത്.
പ്രസംഗം പത്ത് മിനിറ്റ് പിന്നിട്ടതോടെ, അവസാനിപ്പിക്കാൻ പല തവണ സ്പീക്കർ ആവശ്യപ്പെട്ടു. 17 മിനിറ്റായിട്ടും പ്രസംഗം തുടർന്നതോടെ, സ്പീക്കർ മുന്നറിയിപ്പ് നൽകി. ബില്ലിൽ വിയോജനക്കുറിപ്പ് നൽകിയ പ്രതിപക്ഷത്തെ മൂന്ന് അംഗങ്ങളും പ്രസംഗം പത്ത് മിനിറ്റിൽ അവസാനിപ്പിച്ച് സഹകരിച്ചതായി ചെയർ ചൂണ്ടിക്കാട്ടി.
പ്രസംഗം നിർത്താതെ വന്നതോടെ, സ്പീക്കർ മൈക്ക് ഓഫ് ചെയ്യുകയും തുടർന്ന് സംസാരിക്കേണ്ട ഇ.കെ. വിജയനെ ക്ഷണിക്കുകയും ചെയ്തു. ഇത് വകവെക്കാതെ ജലീൽ മൈക്കില്ലാതെ പ്രസംഗം തുടർന്നതോടെ, സ്പീക്കർ രൂക്ഷ വിമർശനം നടത്തി.
ചെയറിനോട് കാണിക്കേണ്ട മര്യാദ ജലീല്‍ കാണിച്ചില്ല. ജലീല്‍ കാണിച്ചത് ധിക്കാരമാണെന്നും സ്പീക്കര്‍ പറഞ്ഞു. ചെയർ കാണിച്ചത് ശരിയല്ലെന്ന് ജലീലും പറഞ്ഞു. ഒരുപാട് തവണ പറഞ്ഞിട്ടും ചെയറിനെ ധിക്കരിക്കുകയായിരുന്നെന്നും ജലീലിന് സഭയില്‍ പ്രത്യേക പ്രിവിലേജില്ലെന്നും സ്പീക്കര്‍ തിരിച്ചടിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.