ചോദ്യങ്ങൾക്ക് മറുപടി നൽകാത്തതിൽ സ്പീക്കർക്ക് അമർഷം
text_fieldsതിരുവനന്തപുരം: നിയമസഭയില്‍ ചോദ്യങ്ങൾക്ക് യഥാസമയം സർക്കാർ മറുപടി നൽകാത്തതിൽ കടുത്ത അമർഷം പ്രകടിപ്പിച്ച് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ. മുഴുവൻ ചോദ്യങ്ങൾക്കും മേയ് 25നകം മറുപടി നൽകണമെന്ന് സ്പീക്കർ റൂളിങ് നൽകി. കൃത്യസമയത്ത് മറുപടി നൽകണമെന്ന് നിരവധി പ്രാവശ്യം റൂളിങ്ങും ഒാർമപ്പെടുത്തലും നൽകിയിട്ടും പുരോഗതി ഉണ്ടാകാത്തതും വീണ്ടും പരാതികൾ വരുന്നതും ചെയറിനെ അസ്വസ്ഥപ്പെടുത്തുന്നെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
മേയ് പത്തിന് പ്രതിപക്ഷനേതാവ് നൽകിയ കത്തിൽ 333 നക്ഷത്ര ചിഹ്നമിടാത്ത ചോദ്യങ്ങളിൽ 19 എണ്ണത്തിന് മാത്രമേ ഉത്തരം നൽകിയുള്ളൂവെന്ന് അറിയിച്ചിരുന്നു. പരാതി വസ്തുതാപരമാണെന്ന് പരിശോധനയിൽ കണ്ടെത്തി. തൊട്ടടുത്ത ദിവസം കുറേ ചോദ്യങ്ങൾക്ക് മറുപടി നൽകിയിരുന്നു. എന്നാൽ, ആ ദിവസത്തെ 244 ചോദ്യങ്ങൾക്ക് ഇനിയും മറുപടി നൽകാനുണ്ട്. ഇന്നലെ മറുപടി നൽകേണ്ട 305 നക്ഷത്ര ചിഹ്നമിടാത്ത ചോദ്യങ്ങളിൽ 16 എണ്ണത്തിന് മാത്രമാണ് മറുപടി യഥാസമയം ലഭിച്ചത്. നിരാശജനകമായ സാഹചര്യമാണ്. പത്തു ദിവസം മുമ്പ് സാമാജികർ എഴുതിനൽകുന്ന ചോദ്യങ്ങൾക്ക് മറുപടി നൽകാത്തതിന് ഏതെങ്കിലും തരത്തിലെ ന്യായീകരണം പര്യാപ്തമല്ല.
ചോദ്യങ്ങള്‍ക്ക് കൃത്യമായി മറുപടി നല്കാൻ മന്ത്രിമാരുടെ ഓഫിസുമായി കാര്യക്ഷമമായ ഏകോപനം വേണം. നാലാം സമ്മേളനം അവസാനിക്കുന്ന സമയത്ത് ആറു മന്ത്രിമാര്‍ എല്ലാ ചോദ്യങ്ങള്‍ക്കും മറുപടി നല്‍കിയത് സൂചിപ്പിച്ചിരുന്നു. ചട്ടപ്രകാര്യം പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.