സ്പീക്കർക്ക് അര ലക്ഷത്തിന്‍റെ കണ്ണട; ചികിത്സ ചെലവ് 4.25 ലക്ഷം
text_fieldsകൊച്ചി: സർക്കാർ ചെലവിൽ വൻ വിലയ്ക്ക് കണ്ണട വാങ്ങിയതിനെച്ചൊല്ലി ആരോഗ്യ മന്ത്രി കെ.കെ. ശൈലജക്ക് പിന്നാലെ സ്പീക്കർ പി. ശ്രീരാമകൃഷ്ണനും വിവാദത്തിൽ. 49,900 രൂപയാണ് കണ്ണട വാങ്ങാൻ റീഇംബേഴ്സ്മെൻറ് പ്രകാരം സ്പീക്കർ സർക്കാറിൽനിന്ന് കൈപ്പറ്റിയത്. കണ്ണടയുടെ ലെൻസിന് 45,000 രൂപയും ഫ്രെയിമിന് 4900 രൂപയും സ്പീക്കർ ചെലവഴിച്ചതായി നിയമസഭ സെക്രേട്ടറിയറ്റിൽനിന്ന് ലഭിച്ച വിവരാവകാശ രേഖ വ്യക്തമാക്കുന്നു.
ചെലവ് ചുരുക്കി സാമ്പത്തിക അച്ചടക്കം പാലിക്കണമെന്ന് ധനമന്ത്രി തോമസ് െഎസക് ബജറ്റിൽ നിർദേശിച്ചതിന് പിന്നാലെയാണ് സ്പീക്കറുടെ ആഡംബര കണ്ണടയുടെ വിവരങ്ങൾ പുറത്തുവന്നത്. സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ സാമൂഹിക സുരക്ഷ പെൻഷനുകൾ പോലും ബജറ്റിൽ വർധിപ്പിച്ചിരുന്നില്ല.
2016 ഒക്ടോബർ അഞ്ചു മുതൽ 2018 ജനുവരി 19 വരെ ചികിത്സ ചെലവ് ഇനത്തിൽ സ്പീക്കർ 4,25,594 രൂപ കൈപ്പറ്റിയതായും ആർ.ടി.െഎ കേരള ഫെഡറേഷൻ പ്രസിഡൻറ് അഡ്വ. ഡി.ബി ബിനുവിന് ലഭിച്ച വിവരാവകാശ രേഖയിലുണ്ട്. എന്നാൽ, ഇതിെൻറ ബില്ലുകൾ ഒാഫിസിൽ സൂക്ഷിക്കാറില്ലെന്നും പണം മാറി നൽകുന്നതിന് ട്രഷറിയിൽ ഹാജരാക്കുകയാണ് ചെയ്യുന്നതെന്നുമാണ് മറുപടിയിലുള്ളത്. എൻ. ശക്തൻ സ്പീക്കറായിരുന്ന കാലയളവിൽ ചികിത്സ ചെലവിനത്തിൽ ആകെ കൈപ്പറ്റിയത് 3,94,907 രൂപയാണ്.
വക്കം പുരുഷോത്തമൻ സ്പീക്കറായിരിക്കെ കണ്ണട ഫ്രെയിമിന് വൻ തുക ചെലവഴിച്ചത് വിവാദമായിരുന്നു. തുടർന്ന് ഫ്രെയിമിന് ചെലവാക്കാവുന്ന പരമാവധി തുക 5000 രൂപയായി നിശ്ചയിച്ചു. ഇതിെൻറ അടിസ്ഥാനത്തിലാണ് ശ്രീരാമകൃഷ്ണൻ ഫ്രെയിം വില 4,900 രൂപ എന്ന് കാണിച്ചിരിക്കുന്നത്. കണ്ണടക്കായി കെ.കെ. ശൈലജ കൈപ്പറ്റിയത് 28,000 രൂപയായിരുന്നു.
ഒരു ടേമിൽ ഒരു കണ്ണട വാങ്ങാൻ നിയമസഭാംഗത്തിന് അനുമതിയുണ്ടെന്നും ഡോക്ടർ നിർദേശിച്ച ലെൻസാണ് വാങ്ങിയതെന്നുമാണ് ശ്രീരാമകൃഷ്ണെൻറ വിശദീകരണം. ഫെയ്രിമിെൻറ വില പരിധി കടക്കാതിരിക്കാൻ ശ്രദ്ധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 2016-^17ൽ നിയമസഭാംഗങ്ങളും ഉദ്യോഗസ്ഥരും ചേർന്ന് റീഇംബേഴ്സമെൻറ് ഇനത്തിൽ 1,84,46,872 രൂപ കൈപ്പറ്റിയതായാണ് കണക്ക്. മന്ത്രിമാർ, സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ, പ്രതിപക്ഷ നേതാവ്, ചീഫ് വിപ്പ്, മുൻ സാമാജികർ എന്നിവരുടെ ആനുകൂല്യങ്ങൾ സംബന്ധിച്ച് പഠിച്ച ജസ്റ്റിസ് ജയിംസ് കമീഷൻ റിപ്പോർട്ട് സമർപ്പിച്ച് ആറു മാസമായിട്ടും ശിപാർശ സർക്കാർ നടപ്പാക്കിയിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.