ഗവർണർക്ക് മറുപടിയുമായി സ്പീക്കർ: 'കാര്യക്ഷമമായി പ്രവർത്തിക്കുന്ന നിയമസഭയാണ് കേരളത്തിൽ'
text_fieldsതിരുവനന്തപുരം: ഓർഡിനൻസ് വിഷയത്തിൽ ഗവർണർക്ക് മറുപടിയുമായി സ്പീക്കർ എം.ബി. രാജേഷ്. കാര്യക്ഷമമായി പ്രവർത്തിക്കുന്ന നിയമസഭയാണ് കേരളത്തിലേതെന്ന് സ്പീക്കർ മാധ്യമങ്ങളോട് പറഞ്ഞു.
കൃത്യമായി നിയമനിർമാണ പ്രക്രിയ നടക്കുന്നു. കോവിഡ് കാലമായതിനാലാണ് കൂടുതൽ ഓർഡിനൻസുകൾ വന്നത്. ചില സംസ്ഥാനങ്ങളിൽ ബജറ്റ് പാസാക്കാൻ മാത്രമാണ് നിയമസഭ ചേരുന്നത്. കേരളത്തിൽ അങ്ങനെയല്ല. ഗവർണറും സർക്കാറും തമ്മിലുള്ള കാര്യത്തിൽ ഒന്നും പറയാനില്ലെന്നും സ്പീക്കർ മാധ്യമങ്ങളോട് പറഞ്ഞു.
നിയമ നിർമാണത്തിന് മാത്രം പ്രത്യേക സമ്മേളനം ചേരാറുണ്ട്. കഴിഞ്ഞ വർഷം പ്രത്യേകം സഭ ചേരുകയും 34 ഓർഡിനൻസുകൾ നിയമമാക്കുകയും ഒരെണ്ണം സെലക്ട് കമ്മിറ്റിക്ക് അയക്കുകയും ചെയ്തു. ഈ ഒക്ടോബർ-നവംബറിലും നിയമ നിർമാണത്തിന് പ്രത്യേക സമ്മേളനം ചേരണമെന്ന് നിർദേശിച്ചിരുന്നതാണ്.
നിയമ നിർമാണം ഗൗരവത്തോടെ കാണുന്ന സഭയാണ് കേരള നിയമസഭ. നിയമസഭയിൽ അവതരിപ്പിക്കുന്ന എല്ലാ ബില്ലുകളും സഭാ സമിതികളുടെ സൂക്ഷ്മ പരിശോധനക്ക് പോകും. അതിനുശേഷമാണ് പാസാക്കുന്നത്. പാർലമെന്‍റിൽ 13 ശതമാനം ബില്ലുകളാണ് സ്റ്റാൻഡിങ് കമ്മിറ്റിക്ക് പോകുന്നത്. രാജ്യത്തിനുതന്നെ മാതൃകയാണ് കേരള നിയമസഭയുടെ നിയമനിർമാണത്തിലുള്ള ജാഗ്രത. ബജറ്റ് സമ്മേളനത്തിൽ 13 ദിവസമാണ് ധനാഭ്യർഥന ചർച്ചക്ക് നീക്കിവെച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.