ഡോളർ കടത്ത് കേസിൽ സ്പീക്കറെ ചോദ്യം ചെയ്തു
text_fieldsതിരുവനന്തപുരം/കൊച്ചി: വിദേശത്തേക്ക് അനധികൃതമായി ഡോളർ കടത്തിയെന്ന കേസിൽ സ്പീക്കർ പി. ശ്രീരാമകൃഷ്ണനെ കസ്റ്റംസ് ചോദ്യംചെയ്തു. മൂന്നുതവണ നോട്ടീസ് നൽകിയിട്ടും ഹാജരാകാതിരുന്നതിനെത്തുടർന്ന് കസ്റ്റംസ് പ്രിവൻറിവ് വിഭാഗം സൂപ്രണ്ട് കെ. സലീലിെൻറ നേതൃത്വത്തിൽ തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയിലെത്തിയായിരുന്നു ചോദ്യം ചെയ്യൽ. രഹസ്യമായായിരുന്നു നടപടി. ചോദ്യം ചെയ്യലിനു പിന്നാലെ പണം കൈമാറിയെന്ന് പറയപ്പെടുന്ന പേട്ടയിലെ ഫ്ലാറ്റിൽ കസ്റ്റംസ് പരിശോധന നടത്തി. സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് നൽകിയ രഹസ്യമൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു സ്പീക്കറെ ചോദ്യം ചെയ്തത്. തിരുവനന്തപുരം പേട്ടയിലെ ഫ്ലാറ്റിൽ െവച്ച് സ്പീക്കർ പണമടങ്ങുന്ന ബാഗ് കൈമാറിയെന്നും അദ്ദേഹം വിദേശത്ത് വിദ്യാഭ്യാസസ്ഥാപനം ആരംഭിക്കാൻ നീക്കം നടത്തിയെന്നുമുൾപ്പെടെ മൊഴിയാണ് സ്വപ്ന നൽകിയത്.
വെള്ളിയാഴ്ച രാവിലെ 11ന് ആരംഭിച്ച മൊഴിയെടുക്കൽ അഞ്ച് മണിക്കൂറോളം നീണ്ടു. ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് സ്പീക്കർ മൊഴി നൽകി. സൗഹൃദമുണ്ടെങ്കിലും സാമ്പത്തിക ഇടപാടൊന്നും സ്വപ്ന സുരേഷുമായി ഉണ്ടായിട്ടില്ല. സന്ദർശകർക്കും മറ്റും നിയമസഭ മുദ്രയുള്ള ബാഗ് സമ്മാനമായി നൽകാറുണ്ടെങ്കിലും അതിൽ ഡോളർ നൽകിയിട്ടില്ല. വിദേശ രാജ്യങ്ങൾ സന്ദർശിച്ചത് വിവിധ സംഘടനകളുടെ ക്ഷണം സ്വീകരിച്ചാണ്. യു.എ.ഇയിലും യു.എസിലുമുള്ള സഹോദരങ്ങളെ കാണാനും പോയിട്ടുണ്ട്. വിദേശ കോളജിൽ നിക്ഷേപമുണ്ടെന്ന ആരോപണവും നിഷേധിച്ചു. തെൻറ പൊതുപ്രവർത്തനത്തിലെ സംശുദ്ധിയെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു. മൊഴി രേഖെപ്പടുത്തിയെന്ന കാര്യം സ്പീക്കറുടെ ഒാഫിസ് ഒൗദ്യോഗിക വാർത്തക്കുറിപ്പിൽ സ്ഥിരീകരിച്ചു. സ്പീക്കറുമായി ബന്ധപ്പെട്ട് മാധ്യമങ്ങൾ നൽകുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണ്. നേരേത്തതന്നെ കസ്റ്റംസുമായി സ്പീക്കർ സഹകരിച്ചെന്നും അവർക്ക് ആവശ്യമായ മൊഴികൾ അദ്ദേഹം നൽകിയെന്നുമാണ് ഒാഫിസിെൻറ വിശദീകരണം.
കേസിൽ നിരവധി മൊഴികൾ കസ്റ്റംസ് ശേഖരിച്ചിരുന്നു. സ്പീക്കറുടെ മൊഴി ഇതുമായി ചേർത്ത് പരിശോധിച്ച് തുടർനടപടികൾ സ്വീകരിക്കുമെന്ന് കസ്റ്റംസ് അധികൃതർ വ്യക്തമാക്കി. തെരഞ്ഞെടുപ്പ് തിരക്ക് ചൂണ്ടിക്കാട്ടി രണ്ടാംതവണയും, അസുഖമാണെന്ന് വ്യക്തമാക്കി കഴിഞ്ഞ വ്യാഴാഴ്ചയും ചോദ്യംചെയ്യലിൽനിന്ന് വിട്ടുനിന്നു. തുടർന്നാണ് ഉദ്യോഗസ്ഥർ നേരിട്ടെത്തിയത്.
പേട്ടയിലെ ഫ്ലാറ്റിലെ പരിശോധനയുടെ അടിസ്ഥാനത്തിൽ സ്പീക്കറെ ഞായറാഴ്ച കസ്റ്റംസ് വീണ്ടും ചോദ്യം ചെയ്യാൻ തീരുമാനിച്ചിരുന്നു. അതിനിടെയാണ് അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്. അതിനാൽ തുടർ ചോദ്യംചെയ്യൽ വൈകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.