മുഖ്യമന്ത്രിക്കെതിരെ ആരോപണ നീക്കം സ്പീക്കർ തടഞ്ഞു; മൈക്ക് ഓഫാക്കി
text_fieldsതിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ നിയമസഭയിൽ ആരോപണമുന്നയിക്കാനുള്ള മാത്യു കുഴൽനാടന്റെ ശ്രമം സ്പീക്കർ തടഞ്ഞു. ബജറ്റ് ചർച്ചയിൽ പങ്കെടുക്കുന്ന വേളയിൽ അഴിമതിയാരോപണമുന്നയിക്കുന്ന കാര്യം മാത്യു മുൻകൂട്ടി സ്പീക്കറെ അറിയിച്ചിരുന്നു. എന്നാൽ, ചർച്ചയിൽ ആരോപണമുന്നയിക്കാൻ ശ്രമിക്കുമ്പോഴാണ് സ്പീക്കർ ഇടപെടുകയും മൈക്ക് ഓഫ് ചെയ്യുകയും ചെയ്തത്.
വ്യക്തമായ രേഖകളില്ലാതെയുള്ള ആരോപണം അനുവദിക്കില്ലെന്നായിരുന്നു സ്പീക്കറുടെ നിലപാട്. രേഖകൾ മുൻകൂട്ടി നൽകിയിരുന്നെന്ന് മാത്യു ചൂണ്ടിക്കാട്ടിയപ്പോൾ ഏന്തെങ്കിലും ഫോട്ടോകോപ്പിയെടുത്ത കടലാസ് കൊണ്ടുവന്നതിന്റെ പേരിൽ സഭയുടെ വിശുദ്ധിയെ ബാധിക്കുന്ന നടപടിക്ക് അനുമതി നൽകാനാകില്ലെന്ന് സ്പീക്കർ വ്യക്തമാക്കി.
എഴുതി നൽകിയ ശേഷം ആരോപണമുന്നയിക്കാനുള്ളത് അംഗത്തിന്റെ അവകാശമാണെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കിയപ്പോൾ റൂൾ വായിച്ചായിരുന്നു സ്പീക്കറുടെ മറുപടി. സഭയുടെ അന്തസ്സിന് ഹാനികരമായതും പൊതുതാൽപര്യമില്ലെന്ന് സ്പീക്കർക്ക് ബോധ്യപ്പെടുന്നതുമായ സാഹചര്യങ്ങളിൽ റൂൾ 285 പ്രകാരം എഴുതിക്കൊടുത്ത ശേഷം ആരോപണമുന്നയിക്കാനുള്ള അംഗത്തിന്റെ അവകാശം നിഷേധിക്കാമെന്ന് സ്പീക്കർ വ്യക്തമാക്കി. മാത്രമല്ല, അടുത്തയാളെ സംസാരിക്കാൻ ക്ഷണിക്കുകയും ചെയ്തു. ഇതോടെ, പ്രതിപക്ഷ ബഹളമുണ്ടായി. അംഗങ്ങൾ സ്പീക്കറുടെ ഡയസിന് മുന്നിലെത്തി പ്രതിഷേധിക്കാൻ തുടങ്ങി. ഏറെ നേരത്തെ പ്രതിഷേധത്തിനുശേഷം പ്രതിപക്ഷം സഭ വിട്ടിറങ്ങി.
അൻവറിനെ അനുവദിച്ചത് എന്തടിസ്ഥാനത്തിൽ?
ചട്ടപ്രകാരമാണ് സഭയിൽ ഇടപെട്ടതെന്നും രേഖാമൂലം ആരോപണമുന്നയിക്കാൻ മുൻകൂട്ടി അനുവാദം തേടിയിരുന്നെന്നും മാത്യു കുഴല്നാടന്. ആരോപണങ്ങൾ സംബന്ധിച്ച രേഖ വേണമെന്ന് സ്പീക്കറുടെ ഓഫിസിൽ നിന്ന് ആവശ്യപ്പെട്ടിരുന്നു. ഡോക്യുമെന്റിന്റെ പകർപ്പ് നൽകി. എന്നാൽ, യഥാർഥ പകർപ്പ് വേണമെന്നായിരുന്നു ആവശ്യം. സെക്രട്ടേറിയറ്റിലെ ഫയൽ എങ്ങനെ ഹാജരാക്കും.
എല്ലാറ്റിനും രേഖ വേണമെന്നാണ് ശാഠ്യമെങ്കിൽ പ്രതിപക്ഷ നേതാവിനെതിരെ 150 കോടിയുടെ ആരോപണമുന്നയിച്ചത് എന്ത് രേഖകളുടെ അടിസ്ഥാനത്തിലെന്നും മാത്യു കുഴൽനാടൻ വാർത്തസമ്മേളനത്തിൽ ചോദിച്ചു. അങ്ങേയറ്റം ജനാധിപത്യവിരുദ്ധമായ നടപടിയാണ് സ്പീക്കറുടെ ഭാഗത്ത് നിന്നുണ്ടായത്. ആരോപണം പൊതുസമൂഹത്തിൽ അവതരിപ്പിക്കുമെന്നും മാത്യു വ്യക്തമാക്കി. അസാധാരണ സംഭവങ്ങളാണ് സഭയിലുണ്ടായതെന്ന് പി.സി. വിഷ്ണുനാഥ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.