വിപ്പ്: സ്പീക്കറുടെ തീരുമാനം ജോസ്പക്ഷത്തിന് അനുകൂലമായേക്കും
text_fieldsതിരുവനന്തപുരം: വിപ്പ് സംബന്ധിച്ച് കേരള കോണ്‍ഗ്രസ് വിഭാഗങ്ങൾക്കിടയിലെ തര്‍ക്കത്തില്‍ സ്പീക്കറുടെ തീരുമാനം ജോസ് കെ. മാണി പക്ഷത്തിന് അനുകൂലമായേക്കും. പാർട്ടിയിലെ തര്‍ക്കം തെരഞ്ഞെടുപ്പ് കമീഷന് മുന്നില്‍ എത്തുംമുമ്പ് നിശ്ചയിച്ച വിപ്പിനെ സ്പീക്കറും അംഗീകരിക്കുമെന്നാണ് അറിയുന്നത്. ധനബിൽ പാസാക്കാൻ നിയമസഭയുടെ ഏകദിനസമ്മേളനം 24ന് ചേരുേമ്പാൾ രാജ്യസഭ തെരഞ്ഞെടുപ്പും പ്രതിപക്ഷത്തിെൻറ അവിശ്വാസപ്രമേയത്തിലെ ചർച്ചയും നടക്കും.
സഭക്കുള്ളിലെ വിപ്പ്ലംഘനം അംഗങ്ങളുടെ അയോഗ്യതക്ക് കാരണമാകും. പാര്‍ട്ടിയുടെ വിപ്പ് മോന്‍സ് ജോസഫ് ആണെന്നും അദ്ദേഹം നല്കുന്ന വിപ്പ് എല്ലാവരും അംഗീകരിക്കണമെന്നുമാണ് ജോസഫ്പക്ഷം പറയുന്നത്. അതേസമയം, റോഷി അഗസ്റ്റിനാണ് പാർട്ടി വിപ്പ് എന്നാണ് ജോസ്വിഭാഗത്തിെൻറ നിലപാട്. നിലവിലെ നിയമസഭയുടെ തുടക്കത്തിൽ റോഷി അഗസ്റ്റിനെയാണ് വിപ്പായി കേരള കോൺഗ്രസ് നിയമസഭകക്ഷിയോഗം തെരഞ്ഞെടുത്ത് സ്പീക്കറെ അറിയിച്ചത്.
കെ.എം. മാണിയുടെ മരണത്തോടെ പാര്‍ട്ടിയിലുണ്ടായ പിളർപ്പിനെത്തുടർന്ന് ഒൗദ്യോഗികവിഭാഗം ഏതെന്ന തർക്കത്തിൽ തെരഞ്ഞെടുപ്പ് കമീഷെൻറ തീരുമാനം ഉണ്ടായിട്ടില്ല. ഇതിനിടെ ജോസഫ്പക്ഷം നിയമസഭകക്ഷിയോഗം വിളിച്ച് റോഷി അഗസ്റ്റിനെ വിപ്പ് പദവിയിൽനിന്ന് നീക്കി പകരം മോന്‍സ് ജോസഫിനെ തെരഞ്ഞെടുക്കുകയും ചെയ്തു.
ഇക്കാര്യം ജോസഫ്പക്ഷം സ്പീക്കറെ അറിയിച്ചതിന് പിന്നാലെ മറുപക്ഷവും സ്പീക്കറെ സമീപിച്ച് നിയമസഭകക്ഷി ഭാരവാഹികളുടെ പുതിയ തെരഞ്ഞെടുപ്പ് അംഗീകരിക്കാനാവില്ലെന്നും ഇതുസംബന്ധിച്ച യോഗത്തിന് സാധുതയിെല്ലന്നും കത്ത് നൽകി. ഇരുപക്ഷവും നൽകിയ കത്തുകളുടെ അടിസ്ഥാനത്തിൽ ഹിയറിങ് നടത്തി സ്പീക്കർ അന്തിമ തീരുമാനമെടുത്തിട്ടില്ല. അതിനാൽ, നിലവിലുള്ള നിയമസഭയുടെ തുടക്കത്തിൽ റോഷി അഗസ്റ്റിനെ വിപ്പ് ആയി തെരഞ്ഞെടുത്ത ആദ്യതീരുമാനമാണ് സ്പീക്കറുടെ മുന്നിലുള്ളത്.
മാത്രമല്ല, ഒരു പാർട്ടിയിൽ ആഭ്യന്തരതർക്കം ഉണ്ടായാൽ പദവികളുടെ കാര്യത്തിൽ തർക്കത്തിന് മുമ്പുള്ള സ്ഥിതിയാണ് അംഗീകരിക്കേണ്ടതെന്ന പഴയ കോടതിവിധിയും കേരള കോൺഗ്രസിലെ തർക്കത്തിൽ തെരഞ്ഞെടുപ്പ് കമീഷെൻറ വിധി വന്നിട്ടില്ലാത്തതും സ്പീക്കറുടെ നിലപാടിന് അടിസ്ഥാനമാകും.
ഇൗ സാഹചര്യത്തില്‍ ജോസ്പക്ഷത്തുള്ള റോഷിയെ വിപ്പായി സ്പീക്കർ അംഗീകരിക്കുമെന്നാണ് സൂചന. അങ്ങനെവന്നാൽ ജോസഫ്പക്ഷം വെട്ടിലാകും. മൂന്നംഗങ്ങളാണ് ജോസഫ് പക്ഷത്തുള്ളത്. മറുപക്ഷത്ത് രണ്ടുപേരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.