കെ.കെ.രമക്കെതിരായ പരാമർശം തെറ്റാണെന്ന് സഭാധ്യക്ഷൻ
text_fieldsതിരുവനന്തപുരം: കെ.കെ.രമക്കെതിരായ എം.എം മണിയുടെ പ്രസ്താവനയിൽ എൽ.ഡി.എഫിൽ രണ്ട് അഭിപ്രായമെന്ന് സൂചന. രമക്കെതിരെ എം.എം.മണി വിവാദ പ്രസ്താവന നടത്തുമ്പോൾ സഭ നിയന്ത്രിച്ചിരുന്ന ഇ.കെ വിജയൻ എം.എൽ.എ പ്രസ്താവന തെറ്റാണെന്ന് സ്പീക്കറുടെ പ്രൈവറ്റ് സെക്രട്ടറിയോട് പറയുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. ശരിക്കും ഇത് തെറ്റാണ്, എന്താണ് ചെയ്യേണ്ടതെന്നും സ്പീക്കർ ഇപ്പോൾ സഭയിലെത്തുമോയെന്നും അദ്ദേഹം ചോദിച്ചു. എന്നാൽ, ഉടൻ തന്നെ സഭയിലെത്തിയ സ്പീക്കർ എം.ബി രാജേഷ് പിന്നീട് നിയന്ത്രണമേറ്റെടുക്കുകയായിരുന്നു.
സഭാ ടി.വിയിലൂടെയാണ് സി.പി.ഐ നേതാവായ ഇ.കെ വിജയന്റെ പ്രസ്താവന പുറത്ത് വന്നത്. നേരത്തെ സി.പി.ഐ നേതാവ് ആനിരാജയും എം.എം മണിയുടെ പ്രസ്താവനക്കെതിരെ രംഗത്തെത്തിയിരുന്നു. മണി മാപ്പ് പറഞ്ഞാൽ അത് കമ്യൂണിസ്റ്റ് മൂല്യം ഉയർത്തിപിടിക്കുന്ന നടപടിയാവുമെന്ന നിലപാടാണ് ആനി രാജ സ്വീകരിച്ചത്.
എം.എം മണിയുടെ പ്രസ്താവനയിൽ സഭയിൽ ഇന്നും പ്രതിപക്ഷ ബഹളമുയർന്നു. എം.എം മണി മാപ്പ് പറയാതെ പിന്നോട്ടില്ലെന്ന നിലപാട് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ സ്വീകരിച്ചു. തുടർന്ന് നടപടികൾ വേഗത്തിൽ അവസാനിപ്പിച്ച് നിയമസഭ ഇന്നത്തേക്ക് പിരിയുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.