'പി.സി ജോർജിന്‍റെ പ്രസ്താവന ക്രിമിനലുകളെ സഹായിക്കുന്നത്'
text_fieldsതിരുവനന്തപുരം: ആക്രമിക്കപ്പെട്ട നടിയെക്കുറിച്ചുള്ള പി.സി ജോർജ് എം.എൽ.എ പ്രസ്താവന മനുഷ്യത്വരഹിതമാണെന്ന് നിയമസഭ സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ. ഇത്തരം സംഭവങ്ങളിൽ ഉന്നതസ്ഥാനങ്ങളിലിരിക്കുന്നവർ ന്യായീകരണ വാദവുമായി രംഗത്തുവന്നാൽ അത് ക്രിമിനലുകൾക്ക് പ്രോത്സാഹനമാകുമെന്നും ശ്രീരാമകൃഷ്ണൻ ഫേസ്ബുക് പോസ്റ്റിൽ പറഞ്ഞു. ഈ നടപടിക്കെതിരെ താൻ വഹിക്കുന്ന സ്ഥാനവുമായി ബന്ധപ്പെട്ട് സാധ്യമായതെല്ലാം ചെയ്യുമെന്നും സ്പീക്കർ പറഞ്ഞു.
ഫേസ്ബുക് പോസ്റ്റിന്‍റെ പൂർണരൂപം:
പോലീസ് അന്വേഷിക്കുന്നതും കോടതിയുടെ പരിഗണനയിലിരിക്കുന്നതുമായ ഏതെങ്കിലും കേസിലെ പ്രതികളെ സംബന്ധിച്ചോ അവർക്ക് ലഭിക്കേണ്ട ശിക്ഷയെസംബന്ധിച്ചോ എന്തെങ്കിലും പറയാൻ ഞാൻ ആളല്ല. നിയമം നിയമത്തിന്‍റെ വഴിക്കു പോകട്ടെ. അതിനിടയിൽ കയറി അഭിപ്രായം പറയുന്ന ശീലമെനിക്കില്ല.
എന്നാൽ അർദ്ധരാത്രിയിൽ ജോലി കഴിഞ്ഞ് മടങ്ങവേ നിർമ്മാതാവ് ഏർപ്പെടുത്തിയ കാറിനുള്ളിൽ വച്ച് രണ്ടരമണിക്കൂറോളം മാനസികവും ശാരീരികവുമായ പീഡനത്തിനിരയായതായി ഒരു നടി പരാതിപ്പെടുകയും ഞെട്ടലോടെ കേരളം അത് കേൾക്കുകയും ചെയ്തതാണ്.
"അങ്ങനെ ആക്രമിക്കപ്പെട്ടവൾ രണ്ടാംദിവസം ഷൂട്ടിങ്ങിനുപോകുമോ " എന്ന മട്ടിലുള്ള പരിഹാസ പ്രയോഗങ്ങൾ ഇതേക്കുറിച്ചു നടത്തുന്നത് അങ്ങേയറ്റം മനുഷ്യത്വ വിരുദ്ധമാണെന്നാണ് എന്‍റെ നിലപാട്. ശരിയാണെന്നു തോന്നുന്നവർക്ക് ഐക്യപ്പെടാം. അല്ലാത്തവർക്ക് വിയോജിക്കാം.
ഇത്തരം സംഭവങ്ങളിൽ ഉന്നതസ്ഥാനങ്ങളിലിരിക്കുന്നവർ ന്യായീകരണ വാദവുമായി രംഗത്തുവന്നാൽ അത് ക്രിമിനലുകൾക്ക് പ്രോത്സാഹനമാകും. ആരുടെ ഭാഗത്തുനിന്നും നിരുത്തരവാദപരമായ ഇത്തരം കമന്‍റുകൾ ഉണ്ടാകാൻപാടില്ല എന്ന അഭിപ്രായത്തിൽ ഞാൻ ഉറച്ചുനിൽക്കുന്നു. ഒരു മനുഷ്യൻ എന്നനിലയിലുള്ള എന്‍റെ ഉറച്ച ബോധ്യമാണിത്.
ഈ സംഭവത്തിൽ തീർച്ചയായും സാധ്യമായതെല്ലാം ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.