നിയമസഭയില്‍ കൂട്ടംകൂടി പുറംതിരിഞ്ഞുനിന്ന് സംസാരിച്ച് എം.എൽ.എമാർ; താക്കീതുമായി സ്പീക്കർ
text_fieldsതിരുവനന്തപുരം: നിയമസഭയില്‍ ബഹളമുണ്ടാക്കുകയും കൂട്ടംകൂടി നില്‍ക്കുകയും ചെയ്ത അംഗങ്ങള്‍ക്ക് സ്പീക്കറുടെ ശാസന. നടപടിക്രമം പാലിക്കാതെയുള്ള അംഗങ്ങളുടെ പെരുമാറ്റം ചൂണ്ടിക്കാട്ടി ശൂന്യവേളയിലാണ് സ്പീക്കര്‍ താക്കീത് നല്‍കിയത്.
അടിയന്തരപ്രമേയത്തിനുള്ള പ്രതിപക്ഷ നോട്ടീസിൽ ചർച്ചയാകാമെന്ന് മുഖ്യമന്ത്രി അറിയിച്ചതോടെ നടപടികൾ വിശദീകരിച്ചശേഷം സ്പീക്കർ അജണ്ടയിലെ മറ്റ് ഇനങ്ങളിലേക്ക് കടന്നതോടെ ഇരുപക്ഷത്തെയും അംഗങ്ങള്‍ ഇരിപ്പിടങ്ങളില്‍നിന്ന് എഴുന്നേറ്റ് കൂട്ടംകൂടി നിന്ന് സംസാരം തുടങ്ങി. ഇത് ശരിയല്ലെന്നും നടപടിക്രമങ്ങള്‍ക്ക് വിരുദ്ധമാണെന്നും അംഗങ്ങള്‍ ഇരിപ്പിടങ്ങളില്‍ ഇരിക്കണമെന്നും സ്പീക്കർ നിർദേശിച്ചു.
തുടർന്ന് എച്ച്.എല്‍.എല്‍ സ്വകാര്യവത്കരണവുമായി ബന്ധപ്പെട്ട ശ്രദ്ധക്ഷണിക്കൽ പ്രമേയം അവതരിപ്പിക്കാൻ കടകംപള്ളി സുരേന്ദ്രനെ സ്പീക്കര്‍ ക്ഷണിച്ചു. ഇതിന് മന്ത്രി പി. രാജീവ് മറുപടി പറയുന്നതിനിടെ അംഗങ്ങള്‍ വീണ്ടും കൂട്ടംകൂടുകയും പുറംതിരിഞ്ഞുനിന്ന് സംസാരിക്കാനും തുടങ്ങി. ഇതോടെയാണ് സ്പീക്കറുടെ മുന്നറിയിപ്പ്.
സഭക്കുള്ളില്‍ കൂട്ടംകൂടി നില്‍ക്കാനും ചെയറിന് പുറംതിരിഞ്ഞ് നില്‍ക്കാനും പാടില്ലെന്ന് പലതവണ പറഞ്ഞിട്ടുള്ളതാണെന്ന് ഓര്‍മിപ്പിച്ച അദ്ദേഹം ഇപ്പോള്‍ത്തന്നെ ഇത് രണ്ടാം പ്രാവശ്യമാണ് പറയുന്നതെന്നും ചൂണ്ടിക്കാട്ടി. ഒരുദിവസം തന്നെ ഒരുകാര്യം രണ്ടുതവണ പറയിപ്പിക്കുന്നത് ശരിയല്ല. പ്രധാനപ്പെട്ട ഒരു വിഷയമാണ് ചര്‍ച്ചചെയ്യുന്നത്. അതിലൊന്നും ആര്‍ക്കും താല്‍പര്യമില്ല -സ്പീക്കര്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.