വെള്ളക്കരം വർധിപ്പിക്കൽ: മന്ത്രി റോഷി അഗസ്റ്റിനെതിരെ സ്പീക്കറുടെ റൂളിങ്ങ്
text_fieldsതിരുവനന്തപുരം: നിയമസഭ സമ്മേളനം നടക്കുന്നതിനിടെ വെള്ളക്കരം വർധിപ്പിച്ച് ഉത്തരവിറക്കിയ സര്‍ക്കാര്‍ നടപടിയിൽ അതൃപ്തി പ്രകടിപ്പിച്ച് സ്പീക്കർ. ഭാവിയിൽ ഇക്കാര്യം ശ്രദ്ധിക്കണമെന്നും സ്പീക്കർ എ.എൻ. ഷംസീർ റൂളിങ് നൽകി. സഭാസമ്മേളന കാലയളവിലാണ് വെള്ളക്കരം വർധിപ്പിച്ചതെന്നും ഇത്തരം തീരുമാനങ്ങള്‍ സഭയിൽതന്നെ ആദ്യം പ്രഖ്യാപിക്കുന്നതാണ് കീഴ്വക്കമെന്നും ചൂണ്ടിക്കാട്ടി കോൺഗ്രസ് പാർലമെന്‍ററി കാര്യ സെക്രട്ടറി എ.പി. അനിൽകുമാർ ഉന്നയിച്ച ക്രമപ്രശ്നത്തിനായിരുന്നു ചെയറിന്‍റെ റൂളിങ്.
വെള്ളക്കരം വർധിപ്പിച്ചത് ഭരണപരമായ ഒട്ടേറെ നടപടിക്രമങ്ങള്‍ പാലിക്കപ്പെട്ടതിന്റെ തുടര്‍ച്ചയാണെന്നും സര്‍ക്കാറിന്റെ നയതീരുമാനത്തിന്റെ ഭാഗമായി വന്നതല്ലെന്നും മന്ത്രി റോഷി അഗസ്റ്റിൻ വിശദീകരിച്ചു. ഇക്കാര്യം പരിശോധിച്ച സ്പീക്കർ, നയപരമായ കാര്യങ്ങളില്‍ സര്‍ക്കാര്‍ അന്തിമ തീരുമാനം കൈക്കൊള്ളുന്നത് സഭാ സമ്മേളന വേളയിലാണെങ്കില്‍ സഭയിൽതന്നെ ആദ്യം പ്രഖ്യാപിക്കുന്ന കീഴ്വക്കമുണ്ടെന്ന് ഓർമിപ്പിച്ചു. അതാണ് ഉത്തമമായ മാതൃകയെന്ന് മുന്‍കാല റൂളിങ്ങിൽ പറഞ്ഞിട്ടുണ്ട്.
വെള്ളക്കരം വർധിപ്പിക്കാൻ അന്തിമ ഉത്തരവ് പുറപ്പെടുവിച്ചത് ഭരണപരമായ നടപടിയാണെങ്കിലും എല്ലാ വിഭാഗങ്ങളെയും ബാധിക്കുന്ന ഒരു തീരുമാനമാണിത്. സഭ സമ്മേളനത്തിലായിരുന്ന സാഹചര്യത്തിൽ ഇക്കാര്യം സഭയിൽതന്നെ പ്രഖ്യാപിച്ചിരുന്നെങ്കില്‍ ഉത്തമമായ ഒരു മാതൃകയായേനെ. ഭാവിയില്‍ എല്ലാവരും ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കുമെന്നാണ് പ്രതീക്ഷയെന്നും സ്പീക്കർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.