പ്രതിപക്ഷത്തെ അപമാനിക്കുന്ന ചോദ്യം; സഭയിൽ സ്പീക്കറുടെ റൂളിങ്
text_fieldsതിരുവനന്തപുരം: നിയമസഭയിൽ പ്രതിപക്ഷത്തെ അപമാനിക്കുന്ന തരത്തില്‍ പരമാർശമുള്ള ചോദ്യം അനുവദിച്ചതിൽ സ്പീക്കറുടെ റൂളിങ്. സംഭവത്തില്‍ ഉത്തരവാദപ്പെട്ടവരുടെ ഭാഗത്തുനിന്ന് മനപൂർവമല്ലാത്ത വീഴ്ചയുണ്ടായെന്ന് സ്പീക്കർ എം.ബി. രാജേഷ് പറഞ്ഞു. ദുരന്തങ്ങളെ പ്രതിരോധിക്കുന്നതിൽ പ്രതിപക്ഷം സഹകരിക്കുന്നില്ലെന്ന പരാമർശമുള്ള ചോദ്യം അനുവദിച്ചതിനെതിരെയായിരുന്നു സ്പീക്കറുടെ റൂളിങ്. ഈ ചോദ്യത്തിനെതിരെ കഴിഞ്ഞദിവസം പ്രതിപക്ഷം രംഗത്ത് വന്നിരുന്നു.
ചോദ്യം അനുവദിച്ചതിൽ മനപൂർവ്വമല്ലാത്ത വീഴ്ചയുണ്ടായെന്ന് ചൂണ്ടിക്കാട്ടിയ സ്പീക്കര്‍ ഇത്തരം വീഴ്ച ഉണ്ടാക്കാതെ നിയമസഭാ സെക്രട്ടേറിയറ്റ് നോക്കണമെന്നും റൂളിങ്ങില്‍ പറഞ്ഞു. കോവിഡ് സാഹചര്യത്തിൽ കുറഞ്ഞ ഉദ്യോഗസ്ഥരെ വെച്ചാണ് നിയമസഭ സെക്രട്ടറിയേറ്റ് പ്രവർത്തിക്കുന്നത്. ചോദ്യത്തിന്‍റെ ഉള്ളടക്കം ചട്ടങ്ങൾക്ക് വിരുദ്ധമാകാതെ അംഗങ്ങളും പ്രത്യേകം ശ്രദ്ധിക്കണമെന്ന് സ്പീക്കർ ഓർമിപ്പിച്ചു.
ദുരന്തങ്ങൾ നേരിടുന്നതിന് സർക്കാർ സ്വീകരിച്ച അതിജീവന നടപടികളെ പ്രതിപക്ഷ കക്ഷികൾ തടസപ്പെടുത്തിയെന്ന രീതിയിലുള്ള ചോദ്യമാണ് ഇന്നലെ തർക്കത്തിനിടയാക്കിയത്. മൂന്നാമതായി ചേർത്ത ചോദ്യത്തിലെ അനൗചിത്യം ചോദ്യോത്തരവേള ആരംഭിച്ചപ്പോൾ തന്നെ പ്രതിപക്ഷ നേതാവ് ക്രമപ്രശ്‌നത്തിലൂടെ സ്‌പീക്കറുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. ഇക്കാര്യം പരിശോധിക്കാമെന്ന് സ്‌പീക്കർ പറഞ്ഞതോടെ പ്രതിപക്ഷം സഭയിൽ തുടർന്നു.
എന്നാൽ, ആദ്യ ചോദ്യങ്ങൾക്ക് ശേഷം മൂന്നാമത് ചോദ്യത്തിലേക്ക് കടന്നതോടെ പ്രതിപക്ഷം പ്രതിഷേധവുമായി എണീറ്റു. പിന്നീട് സ്പീക്കർ റൂളിങ് ആവശ്യം തള്ളിയതോടെ പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോവുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.